കൊച്ചി : കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. ശമ്പളം നൽകാത്ത കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം എന്താണെന്നും കഴിഞ്ഞ മാസത്തെ ശമ്പളം എങ്കിലും നൽകൂവെന്നും കോടതി പ്രതികരിച്ചു.
കെഎസ്ആർടിസി ജീവനക്കാർക്ക് ഓണം ആഘോഷിക്കണമെങ്കിൽ ഓഗസ്റ്റിലെ ശമ്പളം ആവശ്യമാണ്. എന്നാൽ ഈ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്. തുടർന്നാണ് ശമ്പളം കൂപ്പണായും പണമായും നൽകാമെന്നൊക്കെ സർക്കാർ തീരുമാനമെടുത്തത്. ശമ്പളം നൽകുന്ന കാര്യം എപ്പോഴും കോടതിയെകൊണ്ട് ഓർമ്മിപ്പിക്കുന്നതെന്തിനാണെന്ന് കോടതി സർക്കാരിനെ വിമർശിച്ചു.
3 മന്ത്രിമാർ ചേർന്ന് ഉന്നതസമിതി യോഗം നടത്തി എന്ത് തീരുമാനമാണ് എടുത്തതെന്നും പണം നൽകാൻ സർക്കാരിന് കഴിയാത്തതെന്താണെന്നും കോടതി ചോദിച്ചു. കൂപ്പൺ വിതരണം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് 24 ലേക്ക് മാറ്റി.

