സ്ഥിതി വഷളാകുമെന്നതിനാൽ ഗവർണറെ പിണക്കേണ്ടെന്ന നിലപാടുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിണക്കേണ്ടെന്ന നിലപാടിൽ സർക്കാർ. സർക്കാർ നൽകിയ ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിലും കോടതിയിൽ പോകില്ലെന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്. ഗവർണർ ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്ന നിയമോപദേശമാണ് സർക്കാർ സ്വീകരിക്കാതിരിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചാൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന് ഭയന്നാണ് സർക്കാർ ഗവർണർക്കെതിരെ തിരിയാത്തത്. ഗവർണറെ പിണക്കിയാൽ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്ന വിഷയവും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോകായുക്ത, സർവ്വകലാശാല ഭേദഗതി ബില്ലുകൾ എന്നിവ നിയമസഭ പാസാക്കിയെങ്കിലും ഒപ്പിടില്ലെന്ന നിലപാടിലാണ് ഗവർണർ. ഇതിനിടെയാണ് സർക്കാർ ഗവർണറെ ഓണാഘോഷ പരിപാടിക്കുൾപ്പെടെ ക്ഷണിച്ചിരിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകുപ്പ് പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ് ഭവനിൽ എത്തിയിട്ടുണ്ട്. ഇവ വിലയിരുത്തി സർക്കാരിലേക്ക് തിരിച്ചയക്കാനോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം തേടി കേന്ദ്രത്തിലേക്ക് അയക്കാനോ ഗവർണർക്ക് കഴിയും. ഒപ്പിടാതെ ഇവ നീട്ടിക്കൊണ്ടു പോകാനും ഗവർണറിന് കഴിയുമെന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സർക്കാരിന് രാഷ്ട്രപതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാൻ കഴിയും. എന്നാൽ സ്ഥിതി വഷളാകാതെ ഇരിക്കാനാണ് ഗവൺമെന്റ് നിയമനടപടിയുമായി മുന്നോട്ടു പോകാത്തത്.