ന്യൂ ഡൽഹി : നയതന്ത്ര ചർച്ചകൾക്കായി ഗ്രീസിലേക്ക് പോകാനൊരുങ്ങി നരേന്ദ്ര മോദി. 40 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി ഗ്രീസ് സന്ദർശിക്കാൻ പോകുന്നത്. അവസാനമായി ഗ്രീസ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു. പതിറ്റാണ്ടുകളായി പല ഇന്ത്യൻ പ്രധാനമന്ത്രിമാരും സന്ദർശിക്കാത്ത രാജ്യങ്ങളിലേക്കാണ് മോദി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ മോദി ഈജിപ്തിൽ പോയിരുന്നു. 26 വർഷങ്ങൾക്ക് ശേഷമുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദർശനമായിരുന്നു അത്. നരേന്ദ്ര മോദിയുടെ ഡെൻമാർക്ക് സന്ദർശനവും ശ്രദ്ധേയമായിരുന്നു. ആ സന്ദർശനത്തോടെ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഡെൻമാർക്ക് സന്ദർശിക്കുന്ന പ്രധാനമന്ത്രിയെന്ന പേരാണ് മോദിയ്ക്ക് ലഭിച്ചത്.
ഇക്കഴിഞ്ഞ മേയിൽ പാപ്പുവ ന്യുഗിനിയ മോദി സന്ദർശിച്ചിരുന്നു. ഈ രാജ്യം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന റെക്കോർഡ് മോദിക്കാണ്. പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള സന്ദർശനങ്ങൾ രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിദഗ്‌ദ്ധർ വ്യക്തമാക്കുന്നത്. ഗ്രീസ് സന്ദർശനത്തിൽ അവിടുത്തെ ഇന്ത്യൻ വംശജരുമായി സംവദിക്കാൻ മോദി പദ്ധതിയിടുന്നുണ്ട്. കൂടാതെ സമുദ്ര ഗതാഗതം, പ്രതിരോധം എന്നീ മേഖലയിലെ സഹകരണം സംബന്ധിച്ച് ഗ്രീക്ക് പ്രധാനമന്ത്രി മിസ്റ്റോടാക്കീസുമായി മോദി ചർച്ചകൾ നടത്തുമെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയമിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

