Politics (Page 110)

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പിന്റെ സാദ്ധ്യതകൾ ആരായാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ കേന്ദ്രം ഒരു കമ്മിറ്റി രൂപീകരിച്ചതായി റിപ്പോർട്ട്. സെപ്റ്റംബർ 18 നും 22 നും ഇടയിൽ സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെയാണ് ഇക്കാര്യം പുറത്തുവരുന്നത്

വർഷങ്ങളായി, ഒരേസമയം ലോക്‌സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി മുന്നോട്ട് വച്ചിരുന്നു, ഇത് പരിശോധിക്കാൻ കോവിന്ദിനെ ചുമതലപ്പെടുത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് അടുത്ത ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നവംബർ-ഡിസംബർ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം മെയ്-ജൂണിൽ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഈ തിരഞ്ഞെടുപ്പുകളിൽ ചിലത് മുന്നോട്ട് കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി സമീപകാലത്തെ സർക്കാരിന്റെ നീക്കങ്ങൾ സൂചിപ്പിക്കുന്നു. ലോക്‌സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും തിരഞ്ഞെടുപ്പ് പ്രക്രിയ ഏകീകരിക്കുന്നതിൽ പ്രധാനമന്ത്രി മോദി ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. പര്യവേക്ഷണ സമിതിയുടെ നേതൃസ്ഥാനത്ത് കോവിന്ദിനെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനം ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രാവർത്തികമാക്കാനുള്ള സർക്കാരിന്റെ തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പുകളുടെ ഒരു പരമ്പര തന്നെ അണിയറയിലായതിനാൽ ഇത് പ്രത്യേകിച്ചും പ്രസക്തമായിരിക്കും.

ഇത് നടപ്പിലാക്കാൻ ഭരണഘടനയിലും മറ്റ് നിയമ ചട്ടക്കൂടുകളിലും മാറ്റങ്ങൾ ആവശ്യമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത് അംഗീകരിക്കാൻ തയ്യാറാവുമോ എന്നതും ഒരു പ്രധാന കാര്യമാണ്.

കോട്ടയം: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പുതുപ്പള്ളിയിൽ അനുകമ്പയും സഹതാപതരംഗവും ഉണ്ടാക്കാൻ യുഡിഎഫ് ഇവന്റ് മാനേജ്‌മെന്റ് പദ്ധതി നടത്തുന്നെന്ന് അദ്ദേഹം ആരോപിച്ചു. പുതുപ്പള്ളിയിൽ വിജയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തൃക്കാക്കരയല്ല പുതുപ്പള്ളി. വിലാപ യാത്രയിൽ കണ്ട ആൾക്കൂട്ടം വോട്ടായി മാറില്ല. സങ്കുചിത രാഷ്ട്രീയം പറയേണ്ട ആളല്ല മുഖ്യമന്ത്രിയെന്നും അത് പറയാൻ തങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ രാഷ്ട്രീയവും കേരളത്തിന്റെ സ്ഥിതിഗതികളും പുതുപ്പള്ളിയുടെ രാഷ്ട്രീയവും പരിഗണിച്ചാൽ ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയും. തൃക്കാക്കരയിൽ നിന്ന് വ്യത്യസ്തമായ സ്ഥിതിഗതികളാണ് ഇന്നുള്ളത്. യുഡിഎഫിന് മറ്റൊരു കാര്യവും ജനത്തോട് പറയാനില്ലാത്തത് കൊണ്ടാണ് മരണത്തെ വോട്ടാക്കാൻ ശ്രമിക്കുന്നതെന്നും രാഷ്ട്രീയം പറഞ്ഞിട്ടല്ല മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് പരിശ്രമിക്കുന്നത് മരണം അനുകമ്പയാക്കി മാറ്റി ആ സഹതാപ തരംഗമാക്കി വോട്ട് നേടാനാണ് മരണപ്പെട്ടയാളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ച് ഉയർത്തിക്കൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

പുതുപ്പള്ളി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. വി ഡി സതീശൻ തന്നെ നാലാം കിടക്കാരനെന്ന് വിളിച്ചെന്നാണ് ജെയ്ക്കിന്റെ ആരോപണം. കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് തന്റെ ഭാര്യ ഗീതുവിനെതിരായ സൈബർ ആക്രമണമെന്നും ജെയ്ക്ക് പറഞ്ഞു.

തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാവുന്നില്ല. പുതുപ്പള്ളി ഇതിനു മറുപടി നൽകും. തെരഞ്ഞെടുപ്പിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കാനില്ല. പൂർണ ആത്മവിശ്വാസമുണ്ട്. പിണറായി വീരസ്യം പറയാറില്ല. വികസനം പറയുന്നത് എങ്ങനെ വീരസ്യം പറയലാകുമെന്ന് അദ്ദേഹം ചോദിക്കുന്നു.

മുൻ മുഖ്യമന്ത്രി കോൺഗ്രസിന് വേണ്ടി വോട്ട് ചോദിച്ചപ്പോൾ മകൻ ബിജെപിയ്ക്ക് വേണ്ടിയാണ് വോട്ട് ചോദിച്ചതെന്നും ജെയ്ക്ക് പരിഹസിച്ചു. ഇന്ത്യയിൽ മറ്റൊരിടത്തും ഇത് കാണില്ല. എന്നിട്ടാണ് മാസപ്പടി വിവാദത്തിൽ ഇ ഡി വരാത്തത് സിപിഎം – ബിജെപി ബന്ധം കൊണ്ടെന്നാണ് വിഡി സതീശൻ പറയുന്നത്. മാസപ്പടി വിവാദത്തിൽ അന്വേഷണം അവശ്യപ്പെട്ട് ഇ ഡിക്ക് വിഡി സതീശൻ കത്ത് അയക്കട്ടെയെന്നും ജെയ്ക്ക് സി തോമസ് കൂട്ടിച്ചേർത്തു.

മുംബൈ: 14 അംഗ ഏകോപനസമിതിക്ക് പുറമേ മറ്റ് ആറു കമ്മിറ്റികൾ കൂടി പ്രഖ്യാപിച്ച് പ്രതിപക്ഷകക്ഷികളുടെ സഖ്യമായ ‘ഇന്ത്യ’ മുന്നണി. പ്രചാരണസമിതി, സോഷ്യൽ മീഡിയ വർക്കിങ് കമ്മിറ്റി, മീഡിയ വർക്കിങ് കമ്മിറ്റി, റിസേർച്ച് വർക്കിങ് കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിൽ നടന്ന സഖ്യത്തിന്റെ യോഗത്തിനുശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നിട്ടുള്ളത്.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ 14 അംഗ ഏകോപനസമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 19 അംഗം പ്രചാരണ കമ്മിറ്റിയിൽ എൻ.സി.പി. നേതാവ് പി.സി. ചാക്കോ, സി.പി.ഐ. നേതാവ് ബിനോയ് വിശ്വം, ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ, കേരള കോൺഗ്രസ് എം. നേതാവ് ജോസ് കെ. മാണി തുടങ്ങിയവർ ഇടംനേടി. മുസ്ലിം ലീഗ് പ്രതിനിധിയായി കെ.എം. ഖാദർ മൊയ്തീനും സി.പി.എം. പ്രതിനിധിയായി അരുൺ കുമാറും സമിതിയിൽ ഉൾപ്പെട്ടു.

സമിതിയിലെ തൃണമൂൽ കോൺഗ്രസ് പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. ഗുർദീപ് സിങ് സപ്പൽ (കോൺഗ്രസ്), സഞ്ജയ് ഝാ (ജെ.ഡി.യു.), അനിൽദേശായി (ശിവസേന), ചംപായി സോറൻ (ജെ.എം.എം.), കിരൺമോയ് നന്ദ (എസ്.പി.), സഞ്ജയ് സിങ് (എ.എ.പി.), ജസ്റ്റിസ്. ഹസ്നൈൻ മസൂദി (നാഷണൽ കോൺഫറൻസ്), ഷാഹിദ് സിദ്ദിഖി (ആർ.എൽ.ഡി.), രവി റായ് (സി.പി.ഐ.എം.എൽ.), തിരുമണവാളൻ (വി.സി.കെ.) തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

12 അംഗങ്ങളാണ് സാമൂഹിക മാധ്യമ വർക്കിങ് ഗ്രൂപ്പിലുള്ളത്. സുപ്രിയ ശ്രീനേത് (കോൺഗ്രസ്), സുമിത് ശർമ (ആർ.ജെ.ഡി.), ആശിഷ് യാദവ് (എസ്.പി.), രാജീവ് നിഗം (എസ്.പി.), രാഘവ് ഛദ്ദ (എ.എ.പി.), അവിന്ദാനി (ജെ.എം.എം.), ഇൽതിജ മെഹബൂബ് (പി.ഡി.പി.), പ്രഞ്ചൽ (സി.പി.എം.), ബാലചന്ദ്ര കാംഗോ (സി.പി.ഐ.), ഇഫ്ര ജാൻ (നാഷണൽ കോൺഫറൻസ്), വി. അരുൺകുമാർ (സി.പി.ഐ.എം.എൽ.) എന്നിവരാണ് സമൂഹ മാധ്യമ വർക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങൾ. തൃണമൂൽ പ്രതിനിധിയെ പിന്നീട് തീരുമാനിക്കുന്നതാണ്.

ജയറാം രമേശ്, മനോജ് ഝാ, അരവിന്ദ് സാവന്ത്, ജിതേന്ദ്ര അവാഡ്, രാഘവ് ഛദ്ദ, രാജീവ് രഞ്ജൻ, പ്രഞ്ചൽ, ആശിഷ് യാദവ്, സുപ്രിയോ ഭട്ടാചാര്യ, അലോക് കുമാർ, മനിഷ്‌കുമാർ, രാജീവ് നിഗം, ബാലചന്ദ്ര കാംഗോ, തൻവീർ സാദിഖ്, പ്രശാന്ത് കനോജിയ, നരേൻ ചാറ്റർജി, സുചേത ദേ, മോഹിത് ഭാൻ തുടങ്ങിയവരാണ് 19 അംഗ മാധ്യമ വർക്കിങ് ഗ്രൂപ്പിലെ അംഗങ്ങൾ. ഗ്രൂപ്പിലെ തൃണമൂൽ പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ച കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സി ബി ഐ സമർപ്പിച്ച റിപ്പോർട്ട്കോടതി അംഗീകരിച്ചു. സി ബി ഐ തിരുവനതപുരം യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ട് സി ജെ എം കോടതിയാണ് അംഗീകരിച്ചത്. കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് ഈ റിപ്പോർട്ട്അംഗീകരിച്ചത്. ഉമ്മൻ ചാണ്ടിക്ക് എതിരായ ആരോപണങ്ങൾക്ക് തെളിവില്ല എന്ന സി ബി ഐ നേരത്തെ കണ്ടെത്തിയിരുന്നു.

ഇതേ കേസിൽ എ ഐ സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. സി ബി ഐ യുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നൽകിയ ഹർജി തള്ളുകയും ചെയ്തിരുന്നു. ഇതേ ആരോപണത്തിൽ അടൂർ പ്രകാശിനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.2012 സെപ്റ്റംബർ 19ന് ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൌസിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് പരാതിക്കാരി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

2021 ജനുവരിയിൽ കേസ് സി ബി ഐ ക്കു കൈമാറി. സോളാർ കേസുമായി ബന്ധപ്പെട്ട സി ബിഐരജിസ്റ്റർ ചെയ്ത ആറ് കേസുകളാണ് ഉണ്ടായിരുന്നത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളകുട്ടി, എന്നിവർക്കെതിരായിയാണ് അന്വേഷണം നടത്തിയത്. എന്നാൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ യും കോടതിയിൽ റിപ്പോർട്ട് നൽകി.

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു മുമ്പ്തന്നെ അദ്ദേഹത്തിനെതിരെ ഇനി നിയമനടപടിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. നേരത്തെ സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളകൂട്ടിയ്ക്കും സി ബി ഐ ക്‌ളീൻ ചീറ്റ് നൽകിയിരുന്നു. തെളിവില്ലെന്ന് കാണിച്ചാണ് തിരുവനതപുരം സി ജെ എം കോടതിയിൽ സി ബി ഐ റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളകുട്ടി പീഡിപ്പിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിത്. എന്നാൽ ഈ ആരോപണത്തിലും തെളിവില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു

സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത രൂപപ്പെട്ടതോടെ സംയുക്ത വാർത്ത സമ്മേളനം മമത ബാനർജി ബഹിഷ്‌ക്കരിച്ചു. കൃത്യ സമയത്തിനുള്ളിൽ സീറ്റ് വിഭജിനൽകണമെന്ന മമതയുടെ ആവശ്യത്തിന് കോൺഗ്രസ്‌ ഉൾപ്പെടെ മൗനം പാലിച്ചതോടെയാണ് മമതയുടെ പ്രതിഷേധം. എന്നാൽ ആർജെഡി, സമാജ് വാദി പാർട്ടികൾ മമതയുടെ നിലപാടിനോട് അനുകൂലിച്ചു.
മമതയുടെ പ്രതിഷേധത്തെ തുടർന്ന് ജാതി സെൻസസിൽ പ്രമേയം പാസാക്കാനും സാധിച്ചില്ല.

മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ സഖ്യത്തെ നയിക്കാന്‍ 14 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സമിതിക്ക് കൺവീനറും ഗാന്ധി കുടുംബത്തിൽ നിന്ന് അംഗങ്ങളോ ഇല്ല. കമ്മിറ്റിയിലെ മുതിർന്ന നേതാവ് ശരദ് പവാറാണ്. കെ സി വേണുഗോപാലാണ് കോൺഗ്രസ് പാര്‍ട്ടിയിൽ നിന്ന് സമിതിയിലുള്ളത്. തേജസ്വി യാദവും ഒമർ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്. സിപിഎം പ്രതിനിധി ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30 നകം പൂർത്തിയാക്കാനും സമ്മേളനത്തിൽ ധാരണയായി. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് ഈ തീരുമാനങ്ങൾ.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബ്രിട്ടീഷുകാർക്ക് സാധ്യമാവാത്ത കോൺഗ്രസ് മുക്തഭാരതം എങ്ങനെ നരേന്ദ്രമോദിക്ക് നടപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു. മുംബൈയിൽ കോൺഗ്രസ് പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസിനെ രാജ്യത്തുനിന്നും ഇല്ലാതാക്കാൻ അദാനിയുമായുള്ള ബന്ധം സഹായിക്കുമെന്നാണ് മോദി കരുതുന്നത്. ഇന്നത്തെ അമേരിക്കയപ്പോലെ അന്ന് ഇംഗ്ലണ്ട് ആഗോളശക്തിയായിരുന്നു. അവർക്ക് രാജ്യത്തെ കോൺഗ്രസ് മുക്തമാക്കാൻ കഴിഞ്ഞില്ല. പകരം, കോൺഗ്രസ് അവരെ രാജ്യത്തുനിന്നും തുരത്തി. എന്നാൽ, അദാനിയുമായുള്ള ബന്ധം കോൺഗ്രസിനെ രാജ്യത്തുനിന്നും തുടച്ചുനീക്കാൻ സഹായിക്കുമെന്ന് മോദിജി കരുതുന്നു. അദാനിയുടെ പണം കോൺഗ്രസിനെ ഇല്ലാതാക്കാൻ സഹായിക്കും എന്ന് കരുതുന്നത് പോലെയെന്ന് അദ്ദേഹം വ്യക്തമാക്കി.

നിർഭയത്വത്തിന്റെ ആരേയും ഭയക്കാത്ത കോൺഗ്രസുകാരെയാണ് താൻ കണ്ടിട്ടുള്ളത്. മറ്റുപാർട്ടികളെപ്പോലെയല്ല, എല്ലാ കോൺഗ്രസുകാരുടേയും സിരയിൽ ഒരു രക്തമാണുള്ളത്. കോൺഗ്രസ് പാർട്ടി അവസാനിച്ചുവെങ്കിൽ, കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തിയത് ആരാണ്. ഏതാണ് മഹാരാഷ്ട്രയിൽ തലയുയർത്തി നിൽക്കുന്ന ഏക പാർട്ടിയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് തകരാത്ത ഏക പാർട്ടി നമ്മുടേതാണ്. നമ്മുടേത് ആശയങ്ങളുടെ പാർട്ടിയായതുകൊണ്ടാണതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

മുംബൈ: പ്രതിപക്ഷകക്ഷികളുടെ സഖ്യമായ ഇന്ത്യ മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ വ്യക്തതയുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സഹകരണം സാധ്യമല്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നിച്ചുള്ള പ്രചാരണവുമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശദമാക്കി.

സാഹചര്യങ്ങൾക്ക് അനുസൃതമായി മുന്നോട്ടുപോവും. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസും സി.പി.എമ്മും തമ്മിൽ മത്സരമായതിനാൽ കേരളത്തിൽ ബി.ജെ.പിക്ക് ഒരു എം.എൽ.എയേയോ എം.പിയേയോ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പെന്നാൽ കണക്കുകളല്ല, ജനങ്ങളുടെ പിന്തുണനേടലും വോട്ടിന്റെ വിഭജനം കുറയ്ക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സഖ്യത്തിൽ ഭിന്നതകളുണ്ടെന്ന ബി.ജെ.പി. ആരോപണം നിഷേധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ഇതുവരെ നടന്ന മൂന്നുയോഗങ്ങളിലും താൻ പങ്കെടുത്തിരുന്നുവെന്നും അവയെല്ലാം വളരേ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.

കോട്ടയം: പുതുപ്പള്ളിയിലെ വികസന വിഷയങ്ങൾ അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ലെന്നും ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതുപ്പള്ളിയിൽ രാഷ്ട്രീയ മത്സരമാണ്. യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവർ ആയിരിക്കില്ല. പുതുപ്പള്ളിയിൽ ഏകപക്ഷീയമായ വിജയം യുഡിഎഫിന് ഉണ്ടാവില്ല. ഉമ്മൻചാണ്ടിയെ മാത്രം മുന്നിൽ നിർത്തിയാണ് യുഡിഎഫ് മത്സരിക്കുന്നത്. ഉമ്മൻചാണ്ടിയോടുള്ള വൈകാരികത എല്ലാരോടും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം മണ്ഡലത്തിലുണ്ട്. സംസ്ഥാന സർക്കാരിനെതിരെയുള്ള ജന വികാരവും പുതുപ്പള്ളിയിൽ പ്രതിഫലിക്കും. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച വൈകുന്നേരം നിലഗുരുതരമായതിനെ തുടർന്ന് ഗുവഹത്തിയിലെ ആശുപത്രിയിലേക്കുള്ള വഴി മധ്യേ കുക്കി ഗാനരചയിതാവ് മഗ്ബോയ് മരണത്തിന് കീഴടങ്ങി. ബുധനാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ ആണ് പ്രശസ്ത കുക്കി ഗാനരചയിതാവ് എൽ.എസ് മംഗ്‌ബോയ് ലൂങ്ഡിം ഉൾപ്പെടെ 4 കുക്കി ആദിവാസിവിഭാഗക്കാർക്ക് പരുക്കേറ്റത്. ഇവരെ ഉടൻ തന്നെ ചുരാചന്ദ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. പരുക്കേറ്റവരിൽ ഒരാൾ ആശുപത്രയിൽ എത്തുംമുമ്പ് തന്നെ മരണപ്പെട്ടിരുന്നു.

ഇവർക്ക് ബോംബാക്രമണത്തിലാണ് പരുക്കേറ്റതെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം അറിയിച്ചു. കുക്കി-സൊ ഗോത്രവിഭാഗക്കാരുടെ ഇടയിൽ ശ്രദ്ധേയനായിരുന്നു എൽ.എസ് മംഗ്‌ബോയ് ലൂങ്ഡിം. വ്യാഴാച പരിക്കേറ്റവരിൽ രണ്ട് കുക്കി വിഭാഗക്കാർ മരണപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മണിപ്പൂരിലെ സ്ഥിതി വളരെ സംഘർഷഭരിതമാണെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളുടെ റിപ്പോർട്ട്.