മുംബൈ: പ്രതിപക്ഷകക്ഷികളുടെ സഖ്യമായ ഇന്ത്യ മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ വ്യക്തതയുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സഹകരണം സാധ്യമല്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നിച്ചുള്ള പ്രചാരണവുമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശദമാക്കി.
സാഹചര്യങ്ങൾക്ക് അനുസൃതമായി മുന്നോട്ടുപോവും. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസും സി.പി.എമ്മും തമ്മിൽ മത്സരമായതിനാൽ കേരളത്തിൽ ബി.ജെ.പിക്ക് ഒരു എം.എൽ.എയേയോ എം.പിയേയോ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പെന്നാൽ കണക്കുകളല്ല, ജനങ്ങളുടെ പിന്തുണനേടലും വോട്ടിന്റെ വിഭജനം കുറയ്ക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സഖ്യത്തിൽ ഭിന്നതകളുണ്ടെന്ന ബി.ജെ.പി. ആരോപണം നിഷേധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ഇതുവരെ നടന്ന മൂന്നുയോഗങ്ങളിലും താൻ പങ്കെടുത്തിരുന്നുവെന്നും അവയെല്ലാം വളരേ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.