Politics (Page 111)

തിരുവനന്തപുരം: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ നേതൃ പദവിയിലേക്ക് സോണിയ ഗാന്ധി എത്തും. ഇന്ത്യ മുന്നണിയിൽ കൺവീനർമാർ കോൺഗ്രസ് ഇതരപാർട്ടിയിൽ നിന്നുണ്ടാകും. അതേസമയം, പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്.

നേതൃനിരയിൽ കോൺഗ്രസ് വേണമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ഇന്ത്യ മുന്നണിയുടെ പ്രസക്തി കേരളത്തിലല്ല എന്നും ദേശീയ തലത്തിലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധിയെ തത്കാലം മുന്നണി നേതാവായി ഉയർത്തിക്കാട്ടില്ല.

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് പങ്കെടുക്കാൻ സാധ്യതയില്ല. പകരം ചൈനീസ് പ്രധാനമന്ത്രിയെത്തുമെന്നാണ് സൂചന. ഇന്ത്യയും ചൈനയുമായുള്ള നിലവിലെ അതിർത്തി പ്രശ്നമാണ് ഈ തീരുമാനങ്ങളുടെ പിന്നിലെന്നാണ് റിപ്പോർട്ട്.

ഉച്ചകോടിക്ക് എത്തുന്ന ഷീ ജിൻ പിങ്ങിനെതിരെ ടിബറ്റൻ ജനത പ്രതിഷേധമഴിച്ചുവിടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.പ്രതിഷേധക്കാരെ നേരിടാൻ വൻ സുരക്ഷാസന്നാഹമാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാടിമർ പുടിൻ ജി 20 ഉച്ചകോടിയ്ക്ക് എത്തില്ലെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു.

ന്യൂ ഡൽഹി : ജി 20 ഉച്ചകോടി നടക്കാനിരിക്കെ കുരങ്ങളുടെ കട്ടൗട്ട് ഉപയോഗിച്ച് കുരങ്ങുകളെ ഓടിക്കാനുള്ള നടപടികൾ സ്വീകരിച്ച് കേന്ദ്ര സർക്കാർ. ചെറിയ കുരങ്ങുകളെ ഭയപ്പെടുത്താൻ ലംഗൂർ കുരങ്ങുകളുടെ ലൈഫ് സൈസ് കട്ടൗട്ടുകളാണ് സ്ഥാപിക്കുന്നത്. കൂടാതെ മൃഗങ്ങളുടെ ശബ്ദം അനുകരിക്കുന്നവരെയും വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിൽ പൊതുവേ കുരങ്ങുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരം കട്ടൗട്ടുകൾ ജി ട്വന്റി ഉച്ചകോടി തടസ്സപ്പെടുത്തുന്നതിൽ നിന്നും മൃഗങ്ങളെ തടയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 9 ,10 തീയതികളിലാണ് ഇന്ത്യ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

നീണ്ട വാലുകളും ഇരുണ്ട മുഖവുമുള്ള അക്രമകാരികളായ കുരങ്ങുകളാണ് ലംങ്കൂറുകൾ . മറ്റു വിഭാഗത്തിൽപ്പെട്ട കുരങ്ങുകൾക്ക് ഇവയെ ഭയമാണ്. ജി 20 ഉച്ചകോടിക്കെത്തുന്ന പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലിലും കുരങ്ങുകളുടെ ശല്യം ഉണ്ടെങ്കിൽ അവിടെയും കട്ടൗട്ടുകൾ സ്ഥാപിക്കും എന്ന് അധികൃതർ അറിയിച്ചു. ഭക്ഷണത്തിനായി കുരങ്ങുകൾ പുറത്തേക്ക് വരാതിരിക്കാൻ പ്രത്യേക സൈറ്റുകളിലായി ഭക്ഷണം എത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ഇപ്പോഴും തമ്പുരാൻ കോട്ടയാണെന്ന് വിമർശിച്ച് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കേരളത്തിൽ ഇതുവരെയും സാമൂഹ്യനീതി കൈ വന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ വേദിയിലിരുത്തി ശിവഗിരിയിൽ വച്ചായിരുന്നു സച്ചിദാനന്ദ ഇക്കാര്യം പറഞ്ഞത്. 169മത് ശ്രീനാരായണഗുരു ജയന്തിയുടെ ഭാഗമായുള്ള ചതയ ദിന ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പൊതുമരാമത്ത് മന്ത്രി.

‘ഗുരുദേവൻ സൃഷ്ടിച്ച മാറ്റങ്ങളെ ഏറ്റു വാങ്ങി വേണം എല്ലാവരും സാമൂഹ്യനീതി ഉറപ്പാക്കേണ്ടത്. സെക്രട്ടറിയേറ്റ് ഇപ്പോഴും തമ്പുരാൻ കോട്ടയായി തുടരുകയാണ്. കേരളക്കരയ്ക്ക് ഇപ്പോഴും വേണ്ടത്ര മാറ്റം വന്നിട്ടില്ല’. എന്നിങ്ങനെയായിരുന്നു സ്വാമി സച്ചിദാനന്ദ പറഞ്ഞത്. ക്ഷേത്രത്തിൽ എല്ലാവർക്കും തൊഴുവാനുള്ള അവകാശം മാത്രമല്ല പൂജയ്ക്ക് കാർമികത്വം വഹിക്കാനുള്ള അവകാശവും ക്ഷേത്ര ഭരണം നടത്താനുള്ള അവകാശവും ആയിരുന്നു ശ്രീനാരായണഗുരു ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇടതു സർക്കാർ വന്നിട്ടും ഇവയ്ക്കൊന്നും മാറ്റം ഉണ്ടായില്ലെന്നും സച്ചിദാനന്ദ പ്രതികരിച്ചു.

കൊച്ചി : ജയസൂര്യയെ പ്രശംസിച്ച് നടൻ ജോയ് മാത്യു. ഈ വർഷത്തെ തിരുവോണ സൂര്യൻ ജയസൂര്യ ആണെന്നായിരുന്നു നടൻ ജോയ് മാത്യു പറഞ്ഞത്. ‘രാജവാഴ്ച നടക്കുന്ന കാലത്ത് രാജാവിനെ വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടുവെന്ന് കരുതുന്നവർക്കിടയിൽ ജനകീയ വിചാരണയോടെ ജയസൂര്യ ജയിച്ച സൂര്യനായി. അധികാരികളുടെ പുറം ചൊറിയാൻ നിൽക്കാതെ ജനങ്ങളുടെ അവസ്ഥ അവരെ ബോധിപ്പിക്കാൻ ശ്രമിക്കുന്നതാണ് ശരിയായ തീരുമാനം. ഇത് പ്രവൃത്തിയിൽ കൊണ്ടുവന്ന ജയസൂര്യ യഥാർത്ഥ സൂര്യനാണെ’ന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

കളമശ്ശേരിയിൽ വച്ച് നടന്ന കാർഷികോത്സവത്തിൽ കൃഷിമന്ത്രി അടക്കമുള്ളവരെ മുന്നിലിരുത്തി കർഷകർക്ക് വേണ്ടി നടൻ ജയസൂര്യ സംസാരിച്ചിരുന്നു. സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് നൽകിയ കർഷകർക്ക് പണം ലഭിച്ചില്ലെന്നും അവർ തിരുവോണ ദിനത്തിൽ സമരം നടത്തുകയാണെന്നുമായിരുന്നു നടൻ പറഞ്ഞത്.സർക്കാരിന്റെ കർഷകരോടുള്ള മനോഭാവത്തെ നടൻ നല്ല രീതിയിൽ സഭയിൽ വിമർശിച്ചിരുന്നു. കർഷകർക്ക് വേണ്ടി സംസാരിച്ച നടന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ പിന്നീട് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജയസൂര്യയെ പ്രശംസിച്ച് ജോയ് മാത്യു രംഗത്തെത്തിയത്.

മുൻ എംപിയും മുതിർന്ന ബീഹാർ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ പ്രഭുനാഥ് സിംഗിന് ജീവപര്യന്തം. 1995-ലെ ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി വെള്ളിയാഴ്ച ജീവപര്യന്തം തടവ് ശിക്ഷിച്ച വിധിച്ചത്. ആഗസ്റ്റ് 18 ന്, കേസിൽ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെയും പട്‌ന ഹൈക്കോടതിയുടെയും ഉത്തരവുകൾ അസാധുവാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് സിങ്ങിനെ ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തിൽ 2008 ഡിസംബറിൽ ഒരു വിചാരണ കോടതി പ്രഭുനാഥ് സിംഗിനെ വെറുതെവിട്ടു, പിന്നീട് പട്‌ന ഹൈക്കോടതി 2012-ൽ കുറ്റവിമുക്തനാക്കിയത് ശരിവച്ചു. രാജേന്ദ്ര റായിയുടെ സഹോദരൻ കുറ്റവിമുക്തനാക്കിയതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു.
1995ൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഛപ്രയിലെ മഷ്‌റഖിലെ പോളിങ് ബൂത്തിന് സമീപം 18 കാരനായ രാജേന്ദ്ര റായിയും 47 കാരനായ ദരോഗ റായിയും വെടിയേറ്റ് മരിച്ചു. പ്രഭുനാഥ് സിങ്ങിന്റെ നിർദേശപ്രകാരമല്ല ഇരുവരും വോട്ട് ചെയ്തതെന്നായിരുന്നു ആരോപിച്ചായിരുന്നു രണ്ടുപേരെയും വെടിവച്ചു കൊന്നത്.

അശോക് സിംഗ് പ്രഭുനാഥ് സിംഗിനെ ഇതേ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അശോക് സിങ്ങിനെ 90 ദിവസത്തിനകം കൊല്ലുമെന്ന് പ്രഭുനാഥ് സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. 1995 ജൂലൈ മൂന്നിനാണ് അശോക് സിങ് കൊല്ലപ്പെട്ടത്. എംഎൽഎയായി 90-ാം ദിവസമായിരുന്നു ആ കൊലപാതകവും. അശോക് സിംഗ് വധക്കേസിൽ ജാർഖണ്ഡിലെ ഹസാരിബാഗ് സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രഭുനാഥ് സിംഗ്.

മരിച്ച രണ്ട് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കേറ്റ ഇരയ്ക്ക് 5 ലക്ഷം രൂപ വീതവും സിംഗും ബീഹാർ സർക്കാരും വെവ്വേറെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അസാധാരണമായ വേദനാജനകമായ ഒരു കേസാണ് കൈകാര്യം ചെയ്യുന്നതെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെലവ് ചുരുക്കണമെന്ന് അടിക്കടി പറയുന്ന മുഖ്യമന്ത്രി സ്വയം അതിനായി ശ്രമിക്കുന്നില്ലെന്നും സതീശൻ വിമർശിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ 80 ലക്ഷം രൂപയ്ക്കാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയെടുക്കുന്നത്.

ട്രഷറിയിൽ 5 ലക്ഷം രൂപയുടെ ചെക്കുകൾ പോലും മാറ്റാൻ കഴിയാത്ത സ്ഥിതിയാണ്. ആ സാഹചര്യത്തിൽ 80 ലക്ഷം രൂപയുടെ ചിലവിൽ മുഖ്യമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് തെറ്റായ തീരുമാനമാണ്. മുഖ്യമന്ത്രി ജാള്യത മറയ്ക്കാൻ വേണ്ടിയാണ് ഓണക്കിറ്റ് നൽകുന്നതിന് ചിലർ ഭയപ്പെടുന്നുവെന്ന് പറഞ്ഞത്.

കോട്ടയത്ത് തിരഞ്ഞെടുപ്പിന്റെ പേരിൽ ഓണക്കിറ്റ് നൽകുന്നത് തടയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 87 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാനുള്ളിടത്ത് 6 ലക്ഷം പേർക്ക് മാത്രമാണ് സർക്കാർ കിറ്റ് നൽകിയത്. ഒരു ആരോപണങ്ങൾക്കും മറുപടി പറയാതെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയാണ് യഥാർത്ഥത്തിൽ ജനങ്ങളെയും പ്രതിപക്ഷത്തെയും ഭയക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം : നെല്ല് സംഭരിച്ച പണം കർഷകർക്ക് കൊടുത്തിട്ടില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശം വിവാദമായതിനെ തുടർന്ന് ബിജെപി സംസ്ഥാന വക്താവായ സന്ദീപ് വാര്യർ പ്രതികരണവുമായി രംഗത്തെത്തി. കർഷകരുടെ എം എസ് പി സംബന്ധിച്ചുള്ള കേരളത്തിന്റെ ഒരു രൂപയുടെ പ്രൊപ്പോസൽ പോലും കേന്ദ്രത്തിൽ പെൻഡിങ് അല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചു.

സംസ്ഥാനത്തെ നെല്ല് സംഭരണം ഡീ സെൻട്രലൈസ്ഡ് ആയതിനാൽ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോർട്ടൽ വഴി കേരളം ക്ലെയിം വാങ്ങുന്നതാണ് രീതി. കേരളം ക്ലെയിം നൽകിയാൽ 20 ദിവസത്തിനകം പണം നൽകാറുണ്ടെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹ മന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചതായും സന്ദീപ് പറഞ്ഞു. എന്നാൽ നിലവിൽ കേരളം ക്ലെയിമിനായി ഒരു അപേക്ഷ പോലും നൽകിയിട്ടില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

തിരുവനന്തപുരം : ഓണത്തോട് അനുബന്ധിച്ച് നടന്ന മേളകളിലൂടെ 23 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി കുടുംബശ്രീ. മന്ത്രി എം ബി രാജേഷാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ‘തൃശ്ശൂർ, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലായിരുന്നു കൂടുതൽ മേളകൾ നടന്നത്. പൂ വിപണിയിൽ ശക്തമായ സാന്നിധ്യം തീർക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു.

1819 വനിതാ കർഷക സംഘങ്ങൾ 780 ഏക്കറിലായായിരുന്നു പൂ കൃഷി നടത്തിയത്. കഴിഞ്ഞവർഷം 150 ഏക്കറിൽ ആയിരുന്നു കൃഷി നടന്നത്. 100 സംഘങ്ങളായി തിരിഞ്ഞ് 186.37 ഏക്കറിൽ കൃഷി ചെയ്ത തൃശ്ശൂർ ജില്ലയാണ് ഈ വട്ടം ഒന്നാമത് എത്തിയത് എന്നിങ്ങനെയായിരുന്നു മന്ത്രി ഫേസ്ബുക്കിൽ പറഞ്ഞത്. വിലക്കയറ്റം തടയാനുള്ള സർക്കാരിന്റെ ശ്രമത്തിൽ സഹായവുമായി കുടുംബശ്രീ ഉണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പത്തിൽ എട്ട് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുകൂല നിലപാട് ഉണ്ടെന്നും അവരിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യൻ ജനതയാണെന്നും സർവ്വേ റിപ്പോർട്ട്. 2014 മുതൽ അധികാരത്തിൽ ഇരിക്കുന്ന അടുത്ത ജനവിധി തേടുന്ന നരേന്ദ്ര മോദിയെ കുറിച്ച് 55 ശതമാനം ഇന്ത്യൻ ജനതയ്ക്കും അനുകൂല നിലപാടാണുള്ളതെന്നാണ് പ്യുസർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അഞ്ചിൽ ഒന്ന് ആളുകൾ മാത്രമാണ് നരേന്ദ്രമോദിയെ എതിർക്കുന്നത്. ദേശീയ ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും വർധിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട് . ലോകവേദികളിൽ ഇന്ത്യ കൂടുതൽ ശക്തമാകുന്നു എന്ന നിലപാട് സ്ത്രീകളെക്കാൾ പുരുഷന്മാരാണ് നൽകിയിരിക്കുന്നത്.

65% ഇന്ത്യക്കാർക്കും ഇന്ത്യയുടെ റഷ്യയുമായുള്ള ബന്ധത്തിൽ അനുകൂല നിലപാടാണ് ഉള്ളതെന്നും സർവ്വേ പറയുന്നു. മാർച്ച് 21നും മെയ് 16നും ഇടയിൽ 2611 പേരിലാണ് സർവ്വേ നടത്തിയതെന്ന് പ്യൂ റിപ്പോർട്ട് ചെയ്തു.