സഹതാപതരംഗവും ഉണ്ടാക്കാൻ യുഡിഎഫ് ഇവന്റ് മാനേജ്‌മെന്റ് പദ്ധതി നടത്തുന്നു; ഇപി ജയരാജൻ

കോട്ടയം: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പുതുപ്പള്ളിയിൽ അനുകമ്പയും സഹതാപതരംഗവും ഉണ്ടാക്കാൻ യുഡിഎഫ് ഇവന്റ് മാനേജ്‌മെന്റ് പദ്ധതി നടത്തുന്നെന്ന് അദ്ദേഹം ആരോപിച്ചു. പുതുപ്പള്ളിയിൽ വിജയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തൃക്കാക്കരയല്ല പുതുപ്പള്ളി. വിലാപ യാത്രയിൽ കണ്ട ആൾക്കൂട്ടം വോട്ടായി മാറില്ല. സങ്കുചിത രാഷ്ട്രീയം പറയേണ്ട ആളല്ല മുഖ്യമന്ത്രിയെന്നും അത് പറയാൻ തങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ രാഷ്ട്രീയവും കേരളത്തിന്റെ സ്ഥിതിഗതികളും പുതുപ്പള്ളിയുടെ രാഷ്ട്രീയവും പരിഗണിച്ചാൽ ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയും. തൃക്കാക്കരയിൽ നിന്ന് വ്യത്യസ്തമായ സ്ഥിതിഗതികളാണ് ഇന്നുള്ളത്. യുഡിഎഫിന് മറ്റൊരു കാര്യവും ജനത്തോട് പറയാനില്ലാത്തത് കൊണ്ടാണ് മരണത്തെ വോട്ടാക്കാൻ ശ്രമിക്കുന്നതെന്നും രാഷ്ട്രീയം പറഞ്ഞിട്ടല്ല മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് പരിശ്രമിക്കുന്നത് മരണം അനുകമ്പയാക്കി മാറ്റി ആ സഹതാപ തരംഗമാക്കി വോട്ട് നേടാനാണ് മരണപ്പെട്ടയാളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ച് ഉയർത്തിക്കൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.