മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബ്രിട്ടീഷുകാർക്ക് സാധ്യമാവാത്ത കോൺഗ്രസ് മുക്തഭാരതം എങ്ങനെ നരേന്ദ്രമോദിക്ക് നടപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു. മുംബൈയിൽ കോൺഗ്രസ് പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിനെ രാജ്യത്തുനിന്നും ഇല്ലാതാക്കാൻ അദാനിയുമായുള്ള ബന്ധം സഹായിക്കുമെന്നാണ് മോദി കരുതുന്നത്. ഇന്നത്തെ അമേരിക്കയപ്പോലെ അന്ന് ഇംഗ്ലണ്ട് ആഗോളശക്തിയായിരുന്നു. അവർക്ക് രാജ്യത്തെ കോൺഗ്രസ് മുക്തമാക്കാൻ കഴിഞ്ഞില്ല. പകരം, കോൺഗ്രസ് അവരെ രാജ്യത്തുനിന്നും തുരത്തി. എന്നാൽ, അദാനിയുമായുള്ള ബന്ധം കോൺഗ്രസിനെ രാജ്യത്തുനിന്നും തുടച്ചുനീക്കാൻ സഹായിക്കുമെന്ന് മോദിജി കരുതുന്നു. അദാനിയുടെ പണം കോൺഗ്രസിനെ ഇല്ലാതാക്കാൻ സഹായിക്കും എന്ന് കരുതുന്നത് പോലെയെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർഭയത്വത്തിന്റെ ആരേയും ഭയക്കാത്ത കോൺഗ്രസുകാരെയാണ് താൻ കണ്ടിട്ടുള്ളത്. മറ്റുപാർട്ടികളെപ്പോലെയല്ല, എല്ലാ കോൺഗ്രസുകാരുടേയും സിരയിൽ ഒരു രക്തമാണുള്ളത്. കോൺഗ്രസ് പാർട്ടി അവസാനിച്ചുവെങ്കിൽ, കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തിയത് ആരാണ്. ഏതാണ് മഹാരാഷ്ട്രയിൽ തലയുയർത്തി നിൽക്കുന്ന ഏക പാർട്ടിയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് തകരാത്ത ഏക പാർട്ടി നമ്മുടേതാണ്. നമ്മുടേത് ആശയങ്ങളുടെ പാർട്ടിയായതുകൊണ്ടാണതെന്നും രാഹുൽ കൂട്ടിച്ചേർത്തു.