പുതുപ്പള്ളിയിലെ വിജയം അപ്പയുടെ ജയം; വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ ചരിത്ര വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എല്ലാ മുതിർന്ന നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പുതുപ്പള്ളിയിലെ വിജയം അപ്പയുടെ 13-ാം വിജയമായി കണക്കാക്കുന്നെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

പുതുപ്പള്ളി വോട്ട് ചെയ്തിരിക്കുന്നത് വികസന തുടർച്ചയ്ക്ക് വേണ്ടിയാണ്. ഇത് അപ്പയെ സ്നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. ഇത് നിങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ്. താൻ ആ വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

ഈ നാട്ടിൽ കഴിഞ്ഞ 53 വർഷം അപ്പ വികസനവും കരുതലുമായി ഉണ്ടായിരുന്നു. ആ വികസന തുടർച്ചയ്ക്ക് പുതുപ്പള്ളിയോടൊപ്പം താനുമുണ്ടാകും. വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരും തനിക്ക് സമന്മാരാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പുതുപ്പള്ളിയുടെ വികസനത്തിനും വളർച്ചയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാം. കഴിഞ്ഞ വർഷങ്ങളിൽ ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്ത് വന്ന് തങ്ങളുടെ പ്രശ്‌നങ്ങൾ പറയാൻ അദ്ദേഹം കയ്യെത്തുന്ന ദൂരത്തുണ്ടായിരുന്നു. അതിന് അപ്പയെ പിന്തുണയ്ക്കുകയോ വോട്ട് ചെയ്യുകയോ വേണ്ട. അപ്പയെ പോലെ തന്നെ താനും പുതുപ്പള്ളിക്ക് കയ്യെത്തുന്ന ദൂരത്ത് കാണും. പാർട്ടിയോ, ജാതിയോ, മതമോ ഒന്നും അതിനൊരു പ്രശ്‌നമല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.