പുതുപ്പള്ളി : പുതുപ്പള്ളി സ്വന്തമാക്കി ചാണ്ടിഉമ്മൻ. 36454 വോട്ടിന്റെ റെക്കോർഡ് ലീഡിലാണ് ചാണ്ടിഉമ്മൻ ചരിത്രവിജയം നേടിയത്. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ തന്നെ ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 2011-ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33255 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വിജയകിരീടം ചൂടിയത്.
ഒസിക്ക് പകരക്കാരനായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-78,649, എല്‍ഡിഎഫ്-41,982, എന്‍ഡിഎ-6486എന്നിങ്ങനെയാണ് വോട്ട് നില.
ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി നിറകണ്ണുകളോടെ മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ജനങ്ങൾ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.
ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടിയപ്പോൾ കാൽചുവട്ടിലെ മണ്ണ് ഒഴുകിപോയ സ്ഥിതിയിലായി എൽഡിഎഫ് സ്ഥാനാർഥി ജയ്ക്ക് സി തോമസ്. സ്വന്തം തട്ടകത്തിൽ പോലും ജയ്ക്കിനെ കൈവിട്ടു. ജെയ്ക്ക് താമസിക്കുന്ന മണർകാട് ഒരു ബൂത്തിൽ പോലും ജെയ്ക്കിന് ലീഡ് ഉണ്ടായില്ല. എൻഡിഎ ആണെങ്കിൽ പുതുപ്പള്ളിയുടെ ചിത്രത്തിൽ തന്നെ ഇല്ല. മുൻ തെരഞ്ഞെടുപ്പുകളിൽ പതിനായിരത്തിൽ കൂടുതൽ വോട്ട് ലഭിച്ചിരുന്ന ബിജെപിക്ക് ഇത്തവണ പക്ഷെ നിരാശയായിരുന്നു ഫലം.

