പുതുപ്പള്ളിയിലെ പോളിങ് സംഘടിതമായി കുറച്ചതാണെന്ന ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരം : കെ. സുധാകരൻ

പുതുപ്പള്ളി : പുതുപ്പള്ളിയിൽ പോളിങ് കുറഞ്ഞതിനു പിന്നിൽ ബോധപൂർവം ഒരുക്കിയ കെണിയെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ. പോളിങ് സംഘടിതമായി കുറച്ചതാണെന്ന ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരമാണെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ യു ഡി എഫ് വോട്ടർമാർക്കും വോട്ട് ചെയ്യാനായില്ല. 80 ശതമാനത്തിലേറെ പോളിങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിന് ബിജെപി വോട്ട് ചെയ്തിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ ആരോപണത്തിലും കെ. സുധാകരൻ പ്രതികരിച്ചു. പുതുപ്പള്ളിയിൽ സി.പി.എമ്മിന് പരാജയഭീതിയുണ്ടെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. അത് മറച്ചുവയ്ക്കാനാണ് ബി.ജെ.പി വോട്ട് കോൺഗ്രസിന് ലഭിച്ചെന്ന എം വി ഗോവിന്ദന്റെ ആരോപണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമർശമല്ല അത്. ബി.ജെ.പി കോൺഗ്രസിന് വോട്ട് ചെയ്യുക. അങ്ങിനെ ഒരു സംഭവമുണ്ടോ ഇന്ത്യാ രാജ്യത്ത് എന്നും അദ്ദേഹം ചോദിച്ചു. സി.പി.എമ്മിന് വോട്ട് ചെയ്തിട്ടുണ്ട്. അത് കോൺഗ്രസ് മുക്തഭാരതമുണ്ടാക്കാനാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.