പുതുപ്പള്ളിയുടെ ചിത്രത്തില്‍തന്നെ ഇല്ലാതെ ബിജെപി : ആദ്യ റൗണ്ടിൽ 500ലും താഴെ വോട്ട് മാത്രം

പുതുപ്പള്ളിയില്‍ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം പോലും ചാണ്ടിഉമ്മൻ മറികടന്ന് ചരിത്ര വിജയത്തിലേക്ക് അടുക്കുമ്പോൾ ചിത്രത്തില്‍ പോലും ഇല്ലാതെ ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 5654 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.

പുതുപ്പള്ളി മൂന്നാമങ്കത്തിലും ജെയ്ക് സി തോമസിനെ തുണച്ചില്ല. ജയ്ക്കിന് ആധിപത്യം ഉണ്ടായിരുന്നവിടങ്ങളിൽ പോലും ഇത്തവണ വോട്ട് വളരെ കുറവാണ്. വോട്ടെണ്ണലിന്റെ അവസാനഘട്ടമാവുമ്പോൾ ചാണ്ടിഉമ്മൻ – 72,946 വോട്ടുകൾ ജെയ്ക് സി തോമസ് – 32886 വോട്ടുകൾ ലിജിൻ ലാൽ 5654 വോട്ടുകൾ എന്ന നിലയിലാണ്. 40,060 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടിഉമ്മന് ലഭിച്ചിരിക്കുന്നത്.
സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മനാണ് ലീഡുയര്‍ത്തുന്നത്. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. എൻഡിഎക്ക് ഇത്തവണ വൻ തിരിച്ചടിയാണ് നേരിട്ടത്.