പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക്കിന് കനത്ത തോൽവി : കൈവിട്ട് മണർകാടും

പുതുപ്പള്ളി : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി എൽടിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. ഇത് മൂന്നാം തവണയാണ് ജെയ്ക് തോൽവി ഏറ്റുവാങ്ങുന്നത്. ഉമ്മൻ ചാണ്ടി എന്ന വികാരവും കോൺഗ്രസുകാർ അവകാശപ്പെടുന്നത് പോലെ ഭരണ വിരുദ്ധ വികാരവും ഒന്നിച്ചതോടെ ജെയ്ക്കിന് കാര്യങ്ങൾ ദുഷ്കരമാക്കി. സൈബർ ആക്രമണങ്ങളും ട്രോളുകളും തിരിച്ചടിയാവുക കൂടി ചെയ്തതോടെ എൽഡിഎഫ് മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത പരാജയമായി മാറി ജെയ്ക്കിന്റെത്.

വിദ്യാർത്ഥി സമരങ്ങളിലൂടെ ശ്രദ്ധേയനായയിരുന്നു ജെയ്ക്ക് . 2016ലായിരുന്നു പുതുപ്പള്ളിയിൽ ജെയ്ക്കിന് ആദ്യമായി എൽഡിഎഫ് അവസരം നൽകുന്നത്. അന്ന് ജെയ്ക്ക് 27,092 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഉമ്മന്‍ചാണ്ടിയോട് തോറ്റത്. 2011 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന്‍റെ നില മെച്ചപ്പെടുത്താന്‍ അന്ന് ജെയ്ക്കിന് സാധിച്ചിരുന്നു. ആകെ 44505 വോട്ടുകൾ ജെയ്ക്ക് നേടി. അന്ന് ഉമ്മന്‍ ചാണ്ടി മണ്ഡലത്തിലെ 53.7 ശതമാനം (71597) വോട്ടുകളാണ് നേടിയത്. 2021ലെ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്താൻ ജെയ്ക്കിന് സാധിച്ചു. മണ്ഡലത്തിലെ 41.4 ശതമാനം വോട്ടും പിടിച്ച ജെയ്ക് കോൺഗ്രസിന് വലിയ ആശങ്കയാണ് സൃഷ്ട്ടിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടാക്കാന്‍ ജെയ്ക്കിന് സാധിച്ചെങ്കിലും അന്തിമ വിജയം ഉമ്മന്‍ ചാണ്ടിക്ക് തന്നെയായിരുന്നു. അന്ന് യാക്കോബായ വോട്ടുകള്‍ ജെയ്ക്കിന് അനുകൂലമായതാണ് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയാനിടയാക്കിയത് എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2021ലെ തെരഞ്ഞെടുപ്പിലെ പോരാട്ടവീര്യം കണക്കിലെടുത്താണ് ഇത്തവണയും ജെയ്ക്കിനെ തന്നെ പുതുപ്പള്ളിയിൽ സ്ഥാനാർഥിയായി നിശ്ചയിച്ചത്. എന്നാൽ മൂന്നാം വട്ടവും പാളി എന്നതുമാത്രമല്ല മറിച്ച് മുൻപത്തെക്കൾ കനത്ത പരാജയമാണ് ജെയ്ക് ഏറ്റുവാങ്ങിയത്.

പുതുപ്പള്ളി വികസനവും അച്ചു ഉമ്മനുമായി ബന്ധപെട്ട വിഷയങ്ങളും ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവും എല്ലാം ആയുധമാക്കിയെങ്കിലും ഒന്നും തുണച്ചില്ല. എന്നിരുന്നാലും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ജെയ്ക് എന്ന കരുത്തനായ സ്ഥാനാർത്ഥിയുടെ പിൻബലത്തിലാണ് നിലവിൽ ലഭിച്ച വോട്ടുശതമാനത്തിലേക്ക് എൽഡിഎഫ് എത്തിയതെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.