Latest News (Page 3,159)

ബംഗളൂരു: അബ്ദുള്‍നാസര്‍ മഅദ്‌നിക്കെതിരെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും അങ്ങനെചെയ്താല്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. മഅദ്‌നിയെ സ്വതന്ത്രമാക്കിയാല്‍ വീണ്ടും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും പാകിസ്താനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ഇത്തരക്കാരുടമായി മഅദ്‌നി ബന്ധപ്പെടുമെന്നുമുള്ള ആരോപണമാണ് കര്‍ണാടകം പ്രധാനമായും ഉന്നയിക്കുന്നത്.ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅദ്‌നി സുപ്രീം കോടതിയെ സമീപിച്ചത്.

കോഴിക്കോട്: ഇത്തവണ എൻഡിഎയ്ക്ക് ഉറച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.കേരള രാഷ്ട്രീയത്തിൽ വളരെ നിർണായക സ്ഥാനത്തേക്ക് വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മുന്നണികൾക്കെതിരെയും ശക്തമായ ബദൽ ഉയർന്നുവന്നിടത്തെല്ലാം ഞങ്ങളെ പിന്തുണയ്ക്കാൻ ജനങ്ങൾ തയ്യാറായിട്ടുണ്ട്.

ബിജെപി ഇരട്ട അക്കത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. കൂടാതെ ഇടത് വലത് മുന്നണികൾക്ക് പ്രതീക്ഷിച്ചതുപോലുള്ള മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.തൂക്കുമന്ത്രിസഭ ഉണ്ടാകാനാണ് സാധ്യത. തൂക്കുസഭ വന്നാൽ ആരെയും പിന്തുണയ്ക്കില്ല. തൂക്ക് സഭ വന്നാൽ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇ.പി ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് കെ.ടി ജലീലിന് കിട്ടുന്നത്. ഇത് സിപിഎമ്മിനകത്ത് രാഷ്ട്രീയ പ്രശ്നമായി ഉയർന്നു കഴിഞ്ഞു. ജലീലാണ് യുഎഇ. കോൺസുലേറ്റുമായുള്ള സർക്കാരിന്റെ പാലം. ജലീൽ നന്നായി അറബി സംസാരിക്കും.

യുഎഇ കോൺസുലേറ്റിൽ അദ്ദേഹത്തിന് വഴിവിട്ട ബന്ധങ്ങളുണ്ട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ചേർന്നാണ് കഴിഞ്ഞ നാല് കൊല്ലമായി തട്ടിപ്പ് നടത്തുന്നത്. എല്ലാത്തിന്റെയും പാലമാണ് ജലീൽ. അതിനാലാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പ് നടത്തുന്നത്. ഇ.പി ജയരാജനോട് കാണിച്ച സമീപനം കെ.ടി ജലീലിനോട് കാണിക്കാൻ കഴിയാതെ വന്നിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം: മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായി സഞ്ജുസാസംസണ്‍ ആദ്യമയായി ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജുവെത്തുന്നത് സ്റ്റീവ് സ്മിത്തിനെ മാറ്റിയാണ്. പഞ്ചാബ് കിംഗ്‌സുമായാണ് ആദ്യമത്സരം. പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളി. ഇതിനിടെ രാജസ്ഥാന്റെ ഔദ്യോഗിക ജഴ്‌സി പൃഥ്വിരാജിനും മകള്‍ അല്ലിക്കും സഞ്ജു സമ്മാനമായി നല്‍കിയ വാര്‍ത്തയും വൈറലായിരുന്നു. പൃഥ്വിരാജ് സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും നന്ദി അറിയിച്ച് പങ്ക് വച്ച കുറിപ്പും വൈറലായിരുന്നു.

പൃഥ്വിയുടെ ഫേസ്ബുക്ക് കുറിപ്പ്

സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ഞാന്‍ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെതന്നെ ഉണ്ടാവും. സഞ്ജു ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്ടനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം.

കൊച്ചി: ബന്ധു നിയമന കേസിലെ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതു സ്വജനപക്ഷപാതമാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് ഹര്‍ജി. അവധിക്കാല ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും.

കെ ടി ജലീലിനു മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ഇന്നു സര്‍ക്കാരിനു കൈമാറും. പ്രത്യേക ദൂതന്‍ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫിസിനു ഉത്തരവ് കൈമാറുക.രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്നാണ് മന്ത്രിയുടെ വാദം. ഇക്കാര്യമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കൊവിഡ് വൈറസ് വായുവിലൂടെ പകരുന്നത് തടയാന്‍ ഉപകരണവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭം. കെഎസ്യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്ത ആള്‍ എബൗട്ട് ഇനോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വൂള്‍ഫ് എയര്‍മാസ്‌ക് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഈ ഉപകരണത്തിന്റെ കാര്യക്ഷമതാ പരിശോധന നടത്തുകയും, പതിനഞ്ച് മിനിറ്റ് കൊണ്ട് 99 ശതമാനം കോവിഡ് വൈറസിനെയും നിര്‍വീര്യമാക്കുന്നതില്‍ വിജയിച്ചതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മുറിയില്‍ ഘടിപ്പിച്ച ഉപകരണം വഴി ഇലക്ട്രോസ്റ്റാറ്റിക് ഊര്‍ജ്ജം പ്രസരിപ്പിച്ച് 15 മിനിറ്റിനുള്ളില്‍ ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്നതാണ് ആള്‍ എബൗട്ട് ഇനോവേഷന്‍സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ. എന്നാല്‍ ആരോഗ്യത്തിന് ആവശ്യമായ ലഘുഘടങ്ങളെ നിലനിറുത്തുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിയായ ബോണിഫേസ് ഗാസ്പര്‍ ആണ് ഇതിന്റെ ഗവേഷണത്തില്‍ മുഖ്യപങ്ക് വഹിച്ചത്.

കൊവിഡ് കാലത്ത് ആലപ്പുഴയിലെ ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണിത്. വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉപകരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവരെ വിലമതിക്കുന്നുണ്ട്. എന്നാല്‍ വൂള്‍ഫ് മാസ്‌ക് 10,000 മുതല്‍ 50,000 രൂപയില്‍ താഴെ മാത്രമേ വില വരുന്നുള്ളൂ. ശുചീകരിക്കാന്‍ എടുക്കുന്ന മുറിയുടെ വലുപ്പത്തിനനുസരിച്ചാണ് ഉപകരണങ്ങള്‍ രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്.

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, ഡെന്‍മാര്‍ക്കില്‍ നിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങളുടെ സഹായത്തോടെയാണ് വുള്‍ഫ് എയര്‍മാസ്‌ക് നിര്‍മ്മിച്ചിട്ടുള്ളത്. ഒമ്പത് വര്‍ഷം വരെ ഈ ഉപകരണം ഉപയോഗിക്കാം. സര്‍വീസോ മറ്റ് മാറ്റിവയ്ക്കലുകളോ ആവശ്യമില്ലാത്തതാണിത്. 60,000 മണിക്കൂറാണ് ഇതിന്റെ ഉപയോഗശേഷി. 1000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തെ ശുചീകരണം ഈ ഉപകരണം വഴി സാധ്യമാകും.

shaji

കോഴിക്കോട്: എംഎല്‍എ കെ എം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്കിയിരുന്നു. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാന്‍ നേതാക്കളുടെയും മൊഴിയെടുക്കും.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെ.എം. ഷാജി എം.എല്.എയുടെ ഭാര്യയുടെ മൊഴി ഇക്കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ വീട് നിര്‍മാണത്തില്‍ ചട്ട ലംഘനവും നികുതി വെട്ടിപ്പും കണ്ടെത്തിയിരുന്നു. 3200 ചതുരശ്ര അടിയില്‍ വീട് നിര്‍മ്മിക്കാനാണ് ഷാജി അനുമതി നേടിയതെന്നും പൂര്‍ത്തിയായ വീടിന് 5500 അടി വിസ്തീര്‍ണ്ണം ഉണ്ടെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന കോവിഡ് -19 ടാസ്‌ക് ഫോഴ്സുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഇന്ന് വീണ്ടും ചർച്ച തുടരും. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ മൂലം കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച സൂചിപ്പിച്ചിരുന്നു.

15 ദിവസത്തെ ലോക്ക്ഡ ഡൌൺ നടപ്പാക്കാൻ സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും നടക്കുന്ന നിരവധി മീറ്റിംഗുകൾക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും അതിൽ വിശദമായ പദ്ധതി തയ്യാറാക്കുമെന്നും പങ്കെടുത്ത വൃത്തങ്ങൾ അറിയിച്ചു.ടാസ്‌ക് ഫോഴ്‌സുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ലോക്ക് ഡൌൺ സംബന്ധിച്ച തീരുമാനം എടുക്കാനാണ് സാധ്യത.

അതെ സമയം മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,294 പുതിയ കോവിഡ് -19 കേസുകളും 349 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു. രോഗമുക്തി നേടിയവർ 34,008 . ആകെ രോഗികളുടെ എണ്ണം 34,07,245. ഇത് വരെ രോഗമുക്തി നേടിയവർ 27,82,161 മരണസംഖ്യ: 57,987 സജീവ കേസുകൾ: 5,65,587.
സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 81.65% ആണ്. നിലവിൽ 31,75,585 പേർ ഹോം ക്വാറന്റൈനിലും 25,694 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിലും പരിചരണത്തിലാണ്.
മുംബൈയിൽ 9,989 പുതിയ പോസിറ്റീവ് കേസുകളും 58 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയാൻ ‘മേജര്‍’ മലയാളത്തിലുമെത്തുന്നു. 2021 ജൂലൈ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം നേരത്തെ അറിയിച്ചിരുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കായി ‘മേജര്‍’ മലയാളത്തിലും റിലീസ് ചെയ്യുമെന്നാണ് അദിവി ശേഷ് ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിന്റെ മലയാളം പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ 12ന് റിലീസ് ചെയ്യും.

പ്രഖ്യാപന വേളയില്‍ തന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്ന ശേഷ് അദിവി (അദിവി ശേഷ്) ആണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഇന്ത്യയുടെ പുത്രനാണ്. അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കോട് നിന്നുള്ള ആളുകള്‍ ചിത്രം മലയാളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ശശി കിരണ്‍ ടിക്കയാണ് സംവിധായകന്‍. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.

മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശേഷ് അദിവിയും പ്രധാന കഥാപാത്രമായ സായി മഞ്ജരേക്കറും സ്‌കൂള്‍ യൂണിഫോമിലുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സന്ദീപ് ഡിഫന്‍സ് അക്കാദമിയിലേക്ക് പോയപ്പോള്‍ സുഹൃത്ത് സന്ദീപിനായി സ്വന്തം കൈപ്പടയിലെഴുതിയ കത്തും ഈ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റെംഡസിവിറും അതിന്റെ ഔഷധ ഘടകങ്ങളും കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. കോവിഡ് വ്യാപനം കുറയുന്നതു വരെ കയറ്റുമതി നിരോധിച്ചതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കോവിഡ് കേസുകകള്‍ ഇന്ത്യയില്‍ കുതിച്ചുയരുകയാണ്. ഏപ്രിൽ 11 വരെ 11.08 ലക്ഷം സജീവമായ കോവിഡ് കേസുകളാണുള്ളത്. ഇതോടെ കുത്തിവയ്പ്പിനുള്ള പ്രാധാന്യം വർദ്ധിച്ചു. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിറിന്റെ ആവശ്യം ഇനിയും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്, സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് ചികിത്സ നല്‍കുന്ന ആശുപത്രികളിലേക്കും രോഗ ബാധിതര്‍ക്കും റെംഡെസിവിര്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിര്‍ത്തിവച്ചിരിക്കുന്നത്. ഗിലെയാദ് സയന്‍സില്‍ നിന്ന് മരുന്ന് നിര്‍മ്മിക്കുന്നതിനായി ഏഴു ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. പ്രതിമാസം 3.9 ദശലക്ഷം യൂണീറ്റ് മരുന്നാണ് ഉല്‍പാദിപ്പിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു പ്രധാന ആന്റി വൈറല്‍ മരുന്നായി കണക്കാക്കപ്പെടുന്ന റെംഡെവിസിറിന്റെ കുറവ് നിരവധി ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മരുന്നിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി മറ്റു ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ എല്ലാ റെംഡെസിവിര്‍ നിര്‍മ്മാതക്കളും അവരുടെ സ്റ്റോക്കുകളെക്കുറിച്ചും വിതരണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.

ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ക്കും ഓഹരികള്‍ പരിശോധിക്കാനും ദുരുപയോഗങ്ങള്‍ പരിശോധിക്കാനും ഹോര്‍ഡിംഗ്‌സ്, ബ്ലാക്ക് മാര്‍ക്കറ്റിങ് എന്നിവ തടയുന്നതിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമായി ഇക്കാര്യം അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
രാജ്യത്ത് 85 ദിവസത്തിനുള്ളില്‍ 10 കോടി വാക്‌സിന്‍ നല്‍കി. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്‌സിനേഷന്‍ ആണിത്. 10 കോടി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ യു എസ് 89 ദിവസം എടുത്തു. ചൈന 102 ദിവസവും എടുത്തു. ആഗോള തലത്തില്‍ ഇന്ത്യ പ്രതിദിനം 38,93,288 ഡോസുകളാണ് നല്‍കുന്നത്. രാജ്യത്ത് ഇതുവരെ 10,12,84,282 ഡോസ് വാക്‌സിന്‍ നല്‍കി.

കണ്ണൂര്‍: സംസ്ഥാനത്ത് മാസ് വാക്‌സിനേഷന്‍ തുടങ്ങിയതോടെ വാക്‌സിന്‍ ലഭ്യതക്കുറവുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളവും വാക്‌സീന്‍ ക്ഷാമത്തിലേക്ക് പോകുകയാണ്. ജീവന്‍ എല്ലാവരുടേതും ഒരു പോലെ പ്രാധാന്യമുള്ളതായതിനാല്‍ കയറ്റുമതി പാടില്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ വാക്‌സീന്‍ ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് കയറ്റി അയക്കാനെന്നും മന്ത്രി പറഞ്ഞു.
കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയിലൂടെ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.