Latest News (Page 3,153)

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം എട്ടായി. 18 ജവാന്മാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന്‍ ഡിജി അശോക് ജുനേജ സ്ഥിരീകരിച്ചു. പരിക്കേറ്റ 23 ജവാന്മാരെ ബിജാപുര്‍ ആശുപത്രിയിലും ഏഴ് പേരെ റായ്പുര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിസരത്തുനിന്നും ഞായറാഴ്ച രണ്ട് ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തു. ശനിയാഴ്ചയാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും ബിജാപുരില്‍ ഏറ്റുമുട്ടല്‍ നടന്നത്. റായ്പ്പൂരില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ദാവുദയ് പൊലീസ് സ്റ്റേഷനില്‍ പരിധിയിലായിരുന്നു ആക്രമണം.

ശനിയാഴ്ച വൈകീട്ട് നാലേകാലിന് സി ആര്‍ പി എഫും സ്പെഷ്യല്‍ ഗാര്‍ഡുകളും സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടു. 25 ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. വനമേഖലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന ബര്‍സൂര്‍-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെറിച്ച ബസ് തൊട്ടടുത്ത കുഴിയിലേക്ക് വീണു. തുടര്‍ന്ന് പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നീട് ഒരു മാവോയിസ്റ്റിനെ വധിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്.

പൂഞ്ഞാറിൽ സിപിഎം – എസ്‍ഡിപിഐ ധാരണയുണ്ടെന്നു പി സി ജോർജ് എംഎൽഎയുടെ ആരോപണം.ഇടത് സ്ഥാനാർത്ഥി എസ്‍ഡിപിഐ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി സി ജോർജ്പറഞ്ഞു.എസ്ഡിപിഐ വോട്ട് വേണ്ടാ എന്ന് പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് ധൈര്യമുണ്ടോ എന്നാണ് പി സി ജോർജ് ചോദിക്കുന്നത്.ചതുഷ്കോണമത്സരമാണ് ഇത്തവണ പൂഞ്ഞാറിൽ നടക്കുന്നത്. 2016-ൽ ഒരു സ്വതന്ത്രൻ നേടുന്ന ഏറ്റവും വലിയ വിജയം നേടിയാണ് പി സി ജോർജ് നിയമസഭയിൽ എത്തിയത്. ടോമി കല്ലാനി (എൽഡിഎഫ്), പി സി ജോർജ് (സ്വതന്ത്രൻ), സെബാസ്റ്റ്യൻ കുളത്തുങ്കൽ (ബിഡിജെഎസ്) എന്നിവരാണ് പ്രധാനമായും കളത്തിലുള്ളത്.

പി സി ജോർജിനെതിരെ ഈരാറ്റുപേട്ടയിലെ പ്രചാരണത്തിനെത്തിയപ്പോൾ കൂക്കുവിളി ഉയർന്നതും എംഎൽഎ വളരെ രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചതും മണ്ഡലത്തിൽ വലിയ വിവാദവും ചർച്ചാവിഷയവുമായതാണ്. കൂവൽ വിവാദം മണ്ഡലത്തിലെ സജീവ രാഷ്ട്രീയ വിഷയമാക്കാനാണ് ഇടതു വലതു മുന്നണികളുടെ തീരുമാനം. മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ചു വരുന്ന എം എൽ എയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്‍റെ സൂചനയാണ് ഈരാറ്റുപേട്ടയിലെ സംഭവമെന്നാണ് ഇടതു വലതു മുന്നണികളുടെ വിമർശനം.

ഈരാറ്റുപേട്ട ഒറ്റപ്പെട്ട സംഭവമല്ലെന്നും മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ സമാന അനുഭവം പി സി ജോർജിന് ഉണ്ടായിട്ടുണ്ടെന്നും ഇടതു സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചു. എന്നാൽ ഇതിന് പിന്നിൽ എസ്ഡിപിഐക്കാരാണെന്ന് പറഞ്ഞാണ് ജോർജ് ഇതിനെ നേരിടുന്നത്. ഈരാറ്റുപേട്ടയിൽ പ്രചാരണം അവസാനിപ്പിച്ച പി സി ജോർജ് മണ്ഡലത്തിന്‍റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം നടത്തുന്നത്. ഈരാറ്റുപേട്ടയിൽ നന്നായി വോട്ടു കുറയുമെന്ന ആശങ്കയും പി സി ക്യാമ്പിനുണ്ട്.

ഈരാറ്റുപേട്ട നഗരസഭയിലെ പ്രചാരണ പരിപാടികൾക്ക് ഇടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കി അതുവഴി നാട്ടിൽ വർഗ്ഗീയ ലഹള ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുകയാണെന്നാണ് പിസിയുടെ ആരോപണം. പി സി ജോർജിന്‍റെ പൂഞ്ഞാർ എന്നാണ് ഇതുവരെ മണ്ഡലം അറിയപ്പെട്ടിരുന്നതെങ്കിലും ഇത്തവണ സ്ഥിതി മാറ്റാനുള്ള ഭഗീരഥപ്രയത്നം നടത്തുന്നുണ്ട് ഇടത്, വലത് മുന്നണികളും ബിജെപിയും മണ്ഡലത്തിൽ.

കൊച്ചി: പോളിങ് ദിവസം തമിഴ്‌നാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതിര്‍ത്തികള്‍ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇരട്ടവോട്ടുള്ളവര്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തുമെന്ന ഹര്‍ജിയിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വേണമെന്ന ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ഇരട്ടവോട്ട് ആരോപണമുയര്‍ന്ന ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതിനിടെ, ആലപ്പുഴയിലെ 46 ശതമാനം പ്രശ്നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

തിരുവനന്തപുരം: അദാനിയുമായുള്ള വൈദ്യുതകരാര്‍ വിവാദത്തില്‍ ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി എം.എം മണി. രാജസ്ഥാന്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് സഹിതമാണ് എം.എം മണി ചെന്നിത്തലയ്ക്ക് മറുപടി നല്കിയത്. രാജസ്ഥാനില്‍ സോളാര്‍ വൈദ്യുതിക്ക് യൂണിറ്റിന് 4.29 രൂപയും കാറ്റാടി വൈദ്യുതിക്ക് യൂണിറ്റിന് 5.02 രൂപയുമാണ് ഈടാക്കുന്നതെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോണ്ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില് യൂണിറ്റിന് 1.99 രൂപക്ക് വൈദ്യുതി. അതായിരുന്നു പ്രതിപക്ഷ നേതാവിന്റെ തുരുപ്പു ചീട്ട്. ഇതോടൊപ്പം കൊടുത്തിട്ടുള്ളത് രാജസ്ഥാന് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവാണ്. 2019-20 വര്ഷത്തെ താരീഫ് ഉത്തരവ്. 2008 പേജുള്ള ഉത്തരവാണ്. ഇവിടെ ഒന്നാം പേജും. പുന:രുപയോഗ വൈദ്യുതിക്ക് നല്കുന്ന നിരക്കുകളുള്ള അവസാന പേജുമേ ഇടുന്നുള്ളൂ. ഉത്തരവ് ആര്ക്കും കമ്മീഷന്റെ വെബ്‌സൈറ്റില് നിന്നും ഡൗണ്‌ലോഡ് ചെയ്യാവുന്നതാണ്.

സോളാര് വൈദ്യുതിക്ക് അവിടെ കൊടുക്കുന്ന നിരക്കെത്രയാണ്? യൂണിറ്റിന് 4.29 രൂപ. കാറ്റാടി വൈദ്യുതിക്കോ? യൂണിറ്റിന് 5.02 രൂപ.കേരളം യൂണിറ്റിന് 2.80 രൂപക്കും 2.83 രൂപക്കും കാറ്റാടി വൈദ്യുതി വാങ്ങിയെന്നു പറഞ്ഞ് കയറു പൊട്ടിക്കും മുമ്പ്, ഹൈക്കമാന്റില് പറഞ്ഞ് (ഏത് ഹൈക്കമാന്റെന്ന് ചോദിക്കല്ലേ… ) രാജസ്ഥാനിലെ കാര്യമൊന്ന് നേരെയാക്കാന് നോക്കരുതോ?
ഏറ്റവും കുറഞ്ഞ നിരക്കില് വൈദ്യുതി വാങ്ങി ജനങ്ങള്‌ക്കെത്തിക്കുന്ന കേരളത്തോട് ഇത്ര വിരോധം തോന്നാന് ചെന്നിത്തലക്ക് അസൂയ അല്ലാതെ മറ്റെന്തസുഖം ?

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് രാഹുൽ ​ഗാന്ധി എത്തിയതോടെ കോൺ​ഗ്രസ് പ്രവർത്തകർ അത്യധികം ആവേശത്തിലാണ്. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രാഹുൽ ​ഗാന്ധി നേമത്ത് പറഞ്ഞു. ഹെലിപാഡിൽ നിന്ന് ഓട്ടോറിക്ഷയിലാണ് രാഹുൽ പൂജപ്പുരയിലെ പൊതുസമ്മേളന വേദിയിലെത്തിയത്. കോഴിക്കോട്ടെ റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്. ബി ജെ പി യും ആർ എസ്സും കേരളത്തിൻ്റെ ഐക്യത്തെ തകർക്കുന്നു. ബിജെപിയും ആർ എസ് എസും സിപിഎമ്മും ഒരേ ആശയമുള്ളതാണ്.

അവർക്ക് ധാർഷ്ട്യമാണുള്ളത്. യു ഡി എഫ് മുഖ്യമന്ത്രി വന്നാൽ തൊഴിലിന് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തേണ്ടി വരില്ല. ജോലി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ യു ഡി എഫ് മന്ത്രി രാജി വയ്ക്കും. യു ഡി എഫ് മുഖ്യമന്ത്രിക്ക് മനുഷ്യരുടെ വേദന മനസിലാകും. എന്നാൽ ഇടത് മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ല.പ്രധാനമന്ത്രി ഒരിക്കലും സി പി എം മുക്ത ഭാരതമെന്നോ കേരളമെന്നോ പറയുന്നത് കേൾക്കുന്നില്ല.

ഇ ഡി യെ മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കുമ്പോൾ കേരളത്തിൽ അവർ നിശബ്ദരാണ്. കോൺഗ്രസിനെ തകർക്കുക മാത്രമാണ് ലക്ഷ്യം. കേരളം എന്നത് ഒരാശയമാണ്. അത് പോലെയാണ് കോൺഗ്രസ്. ദില്ലിയിൽ ഇപ്പോൾ എന്ത് കൊണ്ടാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്? കൊവിഡ് കാലത്ത് ലോക്ഡൗണും ഒരു മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചു. ഈ ചെയ്യുന്ന കാര്യത്തിൽ ഹിന്ദു ചെയ്യുന്ന എന്ത് പ്രവർത്തിയാണ് ഉള്ളത്? ഇതിൽ ധാർഷ്ട്യം മാത്രമാണുള്ളത്. ഇത് പോലെയാണ് ഇടത് മുന്നണിയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. .

a k balan

പാലക്കാട്: 25 വര്‍ഷത്തേക്ക് വെളിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കരാറുണ്ടാക്കിയെന്ന ആരോപണവുമായി മന്ത്രി എ.കെ ബാലന്‍. ഇത് എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അന്ന് ഇതില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇത് തെറ്റാണെന്ന് തെളിയിച്ചാല്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും എ കെ ബാലന്‍ പറയുന്നു. 66,225 കോടി രൂപയുടെ കരാറായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാലത്തേത് എന്നാണ് ബാലന്‍ വെളിപ്പെടുത്തുന്നത്. യൂണിറ്റിന് നാലേകാല്‍ രൂപയ്ക്ക് വൈദ്യുതി വാങ്ങാനായിരുന്നു ആ കരാറെന്നും ബാലന്‍ വെളിപ്പെടുത്തുന്നു. അദാനിയുടെ കരാര്‍ റദ്ദാക്കുമെന്ന് പറയുന്ന ചെന്നിത്തല വിഴിഞ്ഞം റദ്ദാക്കുമോ? ബാലന്‍ ചോദിച്ചു.നേരിട്ടും, സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴിയും അദാനി ഗ്രൂപ്പുമായി സംസ്ഥാനസര്‍ക്കാര്‍ വൈദ്യുതിക്കരാര്‍ ഉണ്ടാക്കിയെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പ്രതിപക്ഷനേതാവിന്റേത് വല്ലാത്തൊരു മാനസികാവസ്ഥയാണ്. അന്നത്തെ മുഖ്യമന്ത്രിയെ കേരളത്തിന്റെ മുന്നില്‍ അപമാനിക്കാനാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ആരോപണമെന്നും എകെ ബാലന്‍ പറഞ്ഞു.
ഒരു ആരോപണവും നിലനില്‍ക്കാത്തതുകൊണ്ടാണോ മാധ്യമങ്ങളും പ്രതിപക്ഷവും ക്യാപ്റ്റന് പിറകേ പോയതെന്ന് എ കെ ബാലന്‍ ചോദിച്ചു. പിണറായിയെ ക്യാപ്റ്റനെന്നോ സഖാവേ എന്നോ എന്തോ വിളിച്ചോട്ടെ. അതിനെന്താ വിവാദം?മലമ്പുഴയില്‍ വോട്ടുകച്ചവടം നടക്കുന്നുവെന്ന ആരോപണവും മന്ത്രി എ കെ ബാലന്‍ ഉയര്‍ത്തി.

കണ്ണൂർ;നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറില്‍ വോട്ടര്‍മാരെ പണവും മദ്യവും മറ്റും നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ ജില്ലയില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട മൂന്ന് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ യോഗത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിനോട് അടുത്ത ഘട്ടത്തില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണിത്.

ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാന്‍ അന്തര്‍ സംസ്ഥാന-അന്തര്‍ ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും ഉള്‍പ്പെടെ നിരീക്ഷണവും പരിശോധനയും കര്‍ക്കശമാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇതിന്റെ ഭാഗമായുള്ള വാഹന പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തും.തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി ഭാഗമായി രൂപീകരിച്ച ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍, സര്‍വെയ്‌ലന്‍സ് ടീമുകള്‍ എന്നിവയ്ക്ക് പുറമെ, പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്, കസ്റ്റംസ്, ജിഎസ്ടി, ആദായ നികുതി തുടങ്ങിയ വിഭാഗങ്ങളും ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി

വിമാനത്താവളം വഴിയുള്ള പണത്തിന്റെയും സ്വര്‍ണത്തിന്റെയും കടത്ത് തടയുന്നതിന് കസ്റ്റംസ്, പൊലിസ് നടപടികള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. മദ്യത്തിന്റെ കടത്തും സംഭരണവും തടയുന്നതിന് പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ് വിഭാഗങ്ങള്‍ സംയുക്ത പരിശോധനകള്‍ നടത്തണം.കര്‍ണാടകത്തോട് ചേര്‍ന്ന വനാതിര്‍ത്തികളിലെ ഊടുവഴികളിലൂടെ മദ്യവും പണവും കടത്താനുള്ള സാധ്യത കണക്കിലെടുത്ത് അവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. മലയോര മേഖലകളിലും വന പ്രദേശങ്ങളിലും ഉള്‍പ്പെടെ വ്യാജവാറ്റ് തടയുന്നതിനും നടപടി സ്വീകരിക്കും.


ചെലവ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംശയാസ്പദമായ ബാങ്ക് ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.ഒരു കോടിയിലേറെ രൂപയുടെ സംശയാസ്പദമായ പണമിടപാടുകള്‍ പരിശോധനയില്‍ കണ്ടെത്തിയതായി ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു. ഇവയുടെ നിയമസാധുതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ തമ്മില്‍ രഹസ്യ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമവിരുദ്ധ പണമിടപാടുകള്‍, മദ്യത്തിന്റെ വിതരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങള്‍ക്കായി കലക്ടറേറ്റില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമം 1951ലെ 131, 132 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

സ്വതന്ത്രവും നീതിപൂര്‍വകവും സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുകയെന്ന ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്ന പ്രവൃത്തിയായി അവ കണക്കാക്കപ്പെടുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.ചെലവ് നിരീക്ഷകര്‍ക്കു പുറമെ, പൊലീസ്, എക്‌സൈസ്, വനം, ആദായ നികുതി, ജിഎസ്ടി, ബാങ്കിംഗ് ഏജന്‍സികള്‍, കസ്റ്റംസ്, ഇന്‍കം ടാക്‌സ് തുടങ്ങിയ വകുപ്പ് തലവന്മാര്‍ പങ്കെടുത്ത യോഗം ജില്ലയില്‍ ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിലയിരുത്തി. ജില്ലയില്‍ ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി ഫ്‌ളയിംഗ് സ്‌ക്വാഡുകളും സര്‍വെയ്‌ലന്‍സ് ടീമുകളും നടത്തിയ വാഹന പരിശോധനകളില്‍ ഇതിനകം 50 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.

m a baby

തിരുവനന്തപുരം: അഗ്നിപരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹത്തെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാറില്ല. എന്നാല്‍ രാഷ്ട്രീയ ബഹുജന സമരങ്ങളിലൂടെ ചിലര്‍ നാടിന്റെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി ഉയര്‍ന്നുവരുമെന്നും അവരെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്നും ബേബി പറഞ്ഞു.

പുതുപ്പള്ളി: കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ശക്തമായ ത്രികോണമത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും യുഡിഎഫ് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് കൊല്ലത്തെ ഭരണപരാജയവും ഇന്ന് അവര്‍ നേരിടുന്ന ആക്ഷേപങ്ങളുമാണ് വലിയ ചര്‍ച്ച സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരവും പണവും ഉപയോഗിച്ച് പ്രചരണരംഗത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അതല്ലാതെ ജനങ്ങളിലേക്ക് കടന്നുചെന്നിട്ടില്ല. ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി എന്ത് ആത്മാര്‍ത്ഥയാണ് കാണിച്ചിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

covid

ന്യൂഡൽഹി: രാജ്യത്ത് ഇരുപത്തിനാലുമണിക്കൂറിനിടെ 93,249 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണെന്നാണ് റിപ്പോർട്ട്.മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകൾ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയർന്നു. 202 പേരാണ് മരിച്ചത്.മുംബൈയിൽമാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയതായി 9090 പേർക്ക് രോഗം സ്ഥിരീകരിച്ചു.

27 മരണങ്ങളും റിപ്പോർട്ട് ചെയ്തു.രാജ്യത്ത് ഏപ്രിൽ 15നും 20നും ഇടയിൽ കൊവിഡ് കേസുകൾ പാരമ്യത്തിൽ എത്തുമെന്ന് കാൻപൂർ ഐഐടി വിദഗ്ധൻ മനീന്ദ്ര അഗർവാൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.ലോകത്തിൽ കൊവിഡ് ബാധ ഏറ്റവും ഉയർന്ന അമേരിക്കയിലെ പ്രതിദിന നിരക്ക് 70,569 ഉം രണ്ടാംസ്ഥാനത്തുള്ള ബ്രസീലിലേത് 70,238ഉം ആണ്.

ഇന്ത്യയിൽ ഇരുപത്തിനാലുമണിക്കൂറിനിടെ 513പേർ മരിക്കുകയും ചെയ്തു. നിലവിൽ രാജ്യത്ത് 6,91,597 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്ത് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനനങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്.കേരളത്തിൽ ഇന്നലെ 2541 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 108 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 161 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.