പൂഞ്ഞാറിൽ സിപിഎം – എസ്‍ഡിപിഐ ധാരണയുണ്ടെന്നു പി സി ജോർജ്

പൂഞ്ഞാറിൽ സിപിഎം – എസ്‍ഡിപിഐ ധാരണയുണ്ടെന്നു പി സി ജോർജ് എംഎൽഎയുടെ ആരോപണം.ഇടത് സ്ഥാനാർത്ഥി എസ്‍ഡിപിഐ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി സി ജോർജ്പറഞ്ഞു.എസ്ഡിപിഐ വോട്ട് വേണ്ടാ എന്ന് പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് ധൈര്യമുണ്ടോ എന്നാണ് പി സി ജോർജ് ചോദിക്കുന്നത്.ചതുഷ്കോണമത്സരമാണ് ഇത്തവണ പൂഞ്ഞാറിൽ നടക്കുന്നത്. 2016-ൽ ഒരു സ്വതന്ത്രൻ നേടുന്ന ഏറ്റവും വലിയ വിജയം നേടിയാണ് പി സി ജോർജ് നിയമസഭയിൽ എത്തിയത്. ടോമി കല്ലാനി (എൽഡിഎഫ്), പി സി ജോർജ് (സ്വതന്ത്രൻ), സെബാസ്റ്റ്യൻ കുളത്തുങ്കൽ (ബിഡിജെഎസ്) എന്നിവരാണ് പ്രധാനമായും കളത്തിലുള്ളത്.

പി സി ജോർജിനെതിരെ ഈരാറ്റുപേട്ടയിലെ പ്രചാരണത്തിനെത്തിയപ്പോൾ കൂക്കുവിളി ഉയർന്നതും എംഎൽഎ വളരെ രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചതും മണ്ഡലത്തിൽ വലിയ വിവാദവും ചർച്ചാവിഷയവുമായതാണ്. കൂവൽ വിവാദം മണ്ഡലത്തിലെ സജീവ രാഷ്ട്രീയ വിഷയമാക്കാനാണ് ഇടതു വലതു മുന്നണികളുടെ തീരുമാനം. മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ചു വരുന്ന എം എൽ എയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്‍റെ സൂചനയാണ് ഈരാറ്റുപേട്ടയിലെ സംഭവമെന്നാണ് ഇടതു വലതു മുന്നണികളുടെ വിമർശനം.

ഈരാറ്റുപേട്ട ഒറ്റപ്പെട്ട സംഭവമല്ലെന്നും മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ സമാന അനുഭവം പി സി ജോർജിന് ഉണ്ടായിട്ടുണ്ടെന്നും ഇടതു സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചു. എന്നാൽ ഇതിന് പിന്നിൽ എസ്ഡിപിഐക്കാരാണെന്ന് പറഞ്ഞാണ് ജോർജ് ഇതിനെ നേരിടുന്നത്. ഈരാറ്റുപേട്ടയിൽ പ്രചാരണം അവസാനിപ്പിച്ച പി സി ജോർജ് മണ്ഡലത്തിന്‍റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം നടത്തുന്നത്. ഈരാറ്റുപേട്ടയിൽ നന്നായി വോട്ടു കുറയുമെന്ന ആശങ്കയും പി സി ക്യാമ്പിനുണ്ട്.

ഈരാറ്റുപേട്ട നഗരസഭയിലെ പ്രചാരണ പരിപാടികൾക്ക് ഇടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കി അതുവഴി നാട്ടിൽ വർഗ്ഗീയ ലഹള ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുകയാണെന്നാണ് പിസിയുടെ ആരോപണം. പി സി ജോർജിന്‍റെ പൂഞ്ഞാർ എന്നാണ് ഇതുവരെ മണ്ഡലം അറിയപ്പെട്ടിരുന്നതെങ്കിലും ഇത്തവണ സ്ഥിതി മാറ്റാനുള്ള ഭഗീരഥപ്രയത്നം നടത്തുന്നുണ്ട് ഇടത്, വലത് മുന്നണികളും ബിജെപിയും മണ്ഡലത്തിൽ.