Latest News (Page 3,152)

whatsapp

ന്യൂയോര്‍ക്ക് : ആര്‍ക്ക് വേണമെങ്കിലും നിങ്ങളുടെ വാട്‌സ്ആപ്പ് ഡിലീറ്റ്് ചെയ്യാമെന്ന് സൈബര്‍ വിദഗ്ദ്ധര്‍. വാട്ട്‌സ്ആപ്പിന്റെ ഒരു അടിസ്ഥാന കാര്യത്തിലെ പിഴവാണ് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് കാരണമാകുന്നത് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ ഗവേഷകരായ ലൂയി മാര്‍ക്കേസ് കാര്‍പിന്റെറോ, ഏണസ്റ്റൊ കനാലെസ് എന്നിവരാണ് ഈ പിഴവ് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ലളിതമായ രീതിയിലാണ് ഈ പിഴവ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ടിന്റെ ടു-ഫാക്ടര് ഓതന്റിക്കേഷന്‍ കോഡ് തെറ്റായി ഏതാനും തവണ അടിച്ചുകൊടുത്താല്‍് മാത്രം മതി അക്കൗണ്ട് ഡിലീറ്റു ചെയ്യിക്കാന് എന്നാണ് ഗവേഷകര്‍ പറയുന്നത്.എന്നാല്‍ ഒരു വിഭാഗം ഈ ആക്രമണ സാധ്യത തള്ളുന്നുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ പേടിപ്പിക്കാവുന്ന ഒരു രീതിയാണ് ഇതെങ്കിലും, അതു നടത്തുക അത്ര എളുപ്പമല്ലെന്നാണ് ഒരു അഭിപ്രായം. ഒന്നാമതായി വാട്ട്‌സ്ആപ്പ്പിന്റെ ഒടിപി വെരിഫിക്കേഷന്‍ എത്തുന്നത് എസ്എംഎസ് വഴിയാണ്. അതു കഴിഞ്ഞാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷനിലേക്കു കടക്കൂ.

high court

കൊച്ചി: മുസ്ലിം സ്ത്രീക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശം ഉണ്ടെന്ന് കേരള ഹൈകോടതി.പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലിം സ്ത്രീകളെ കോടതി വ്യവഹാരങ്ങളില്‍ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. മുത്വലാക്ക് പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങളടക്കം പുരുഷൻമാർ വിവാഹ മോചനത്തിനായി ഉപയോഗിച്ചു . എന്നാൽ ഇത്തരം സംവിധാനങ്ങളെന്നും സ്ത്രീകൾക്ക് അനുവദിച്ചില്ല.കോടതി മുഖേനയല്ലാതെ സ്ത്രീകള്‍ക്ക് വിവാഹമോചനം നടക്കില്ല എന്നതാണ് നിലവിലെ അവസ്ഥ.

എന്നാല്‍ കോടതിക്ക് പുറത്ത് മുസ്ലിം സ്ത്രീക്ക് വിവാഹമോചനം അനുവദിക്കുന്ന ഒട്ടേറെ മാർഗ്ഗങ്ങൾ നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ ത്വലാഖ് – എ തഫ്വിസ് മുസ്ലീം സ്ത്രീക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹമോചനത്തിന് അവകാശം നൽകുന്നതാണ് ഖുല നിയമം. പരസ്പരസമ്മതത്തോടെ വിവാഹമോചനം നേടാൻ മുബാറാത്ത് രീതിയിലൂടെ അവകാശമുണ്ട്. ഖാളിമാരെ പോലുള്ള മൂന്നാംകക്ഷിയുടെ സാന്നിധ്യത്തിൽ വിവാഹമോചനത്തിന് അനുമതി നൽകുന്നതാണ് ഫസ്ഖ്.

ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനത്തിനായി ബാധകമാക്കാം . ഈ സാഹചര്യത്തിൽ , കോടതി വഴി മാത്രമേ വിവാഹമോചനം സാധിക്കൂ എന്ന 72 ലെ വിധി നിലനിൽക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 49 വർഷം പഴക്കമുള്ള കീഴ് വഴക്കം റദ്ദാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

മുസ്ലിം സ്ത്രീകളുടെ വിവാഹമോചന നിയമം പ്രകാരം മാത്രമേ സ്ത്രീകൾക്ക് വിവാഹ മോചനം സാധ്യമാകൂ എന്ന് 1972 ല്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് വിവാഹമോചനത്തിന് കോടതിയെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വന്നത്. എന്നാല്‍ ഇത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

തിരുവനന്തപുരം: കോവിഡ് കൂടിയതോടെ സിനിമ തീയേറ്ററുകള്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. വിഷു റിലീസായി എത്തിയ ചിത്രങ്ങള്‍ നിറഞ്ഞോടുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗമെത്തിയത്. നായാട്ട്, ചതുര്‍മുഖം, നിഴല്‍, കര്‍ണന്‍ എന്നിങ്ങനെ ചിത്രങ്ങള്‍ എത്തിയിട്ടും കോവിഡ് കൂടിയതോടെയാണ് തീയേറ്ററുകളില്‍ പ്രേക്ഷകര്‍ കുറഞ്ഞത്. ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷുക്കാലം തീയേറ്ററുകള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. പകുതി സീറ്റുകള്‍ ഒഴിച്ചിട്ട് നടത്തുന്ന ഷോകളില്‍ സിനിമ കാണാന്‍ പ്രധാന നഗരങ്ങളിലെ തീയേറ്ററുകളില്‍ വരെ വളരെ കുറച്ച് പേര്‍ മാത്രമാണ് എത്തുന്നത്. റംസാന്‍ നോമ്പ് തുടങ്ങിയതും തീയേറ്ററുകളെ തളര്‍ത്തും.

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റുന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം യോഗം വിളിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥരും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും. വിഷയത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നും സൂചനയുണ്ട്. മേയിലാണ് പരീക്ഷകള്‍ തുടങ്ങേണ്ടിയിരുന്നത്.

എന്നാല്‍ കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ നിലയില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നത്. ജൂണ്‍, ജൂലൈ മാസത്തിലേക്ക് പരീക്ഷ മാറ്റാനാണ് നിലവില്‍ ആലോചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം കഴിഞ്ഞ അധ്യായന വര്‍ഷത്തിലേപ്പോലെ മുന്‍ പരീക്ഷകളുടെ മാര്‍ക്ക് നിര്‍ണയിച്ച് ഇത്തവണ പൊതുപരീക്ഷ നടത്തിയതായി കണക്കാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.

തിരുവനന്തപുരം: രാജ്യസഭയില്‍ മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഇത്തവണ ഒഴിവുള്ളത്. നിലവിലെ നിയമസഭാ അംഗബലത്തില്‍ രണ്ട് പേരെ എല്‍ ഡി എഫിനും ഒരാളെ യു ഡി എഫിനും വിജയിപ്പിക്കാം. രണ്ട് സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സി പി എമ്മിനുളളില്‍ നിലവിലെ ധാരണ.
പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെയുളള പേരുകളും സി പി എം സജീവമായി പരിഗണിക്കുന്നുണ്ട്. പാര്‍ട്ടി ചാനലിന്റെ എം ഡിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസിന്റെ പേരാണ് ഇതില്‍ പ്രധാനമായും പാര്‍ട്ടിയുടെ മുന്നിലുളളത്. ഇത്തവണയും കേന്ദ്ര നേതൃത്വം എടുക്കുന്ന നിലപാട് ബ്രിട്ടാസിന്റെ കാര്യത്തില്‍ നിര്‍ണായകമാകും. സി പി എം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്, എസ് എഫ് ഐ മുന്‍ ദേശീയ ഭാരവാഹിയും സി പി എം സംസ്ഥാന സമിതി അംഗവുമായ ഡോ വി ശിവദാസന്‍, കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്ണന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇത്തവണ നിയമസഭയിലേക്ക് സീറ്റ് ലഭിക്കാതെ പോയ ധനമന്ത്രി തോമസ് ഐസക്കിനും രാജ്യസഭയിലേക്ക് നറുക്ക് വീഴാന്‍ സാദ്ധ്യതയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

pinarayi

തിരുവനന്തപുരം: വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും പരിമിതികളുണ്ടാക്കുമെന്നും രോഗവ്യാപനം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ എല്ലാവരും ഒഴിവാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ് ചുവടെ:
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകള്‍ മറികടന്ന് മുന്നോട്ടു പോകാന്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങള്‍ക്കും കൂട്ടിച്ചേരലുകള്‍ക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്.
രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങള്‍ എല്ലാവരും ഒഴിവാക്കണം. വിഷു നല്‍കുന്ന ഒത്തൊരുമയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. സമൃദ്ധിയുടെ പുതിയ നാളേകള്‍ക്കായി നമുക്കൊരുമിച്ചു നില്‍ക്കാം. എല്ലാവര്‍ക്കും ഹാര്‍ദ്ദമായ വിഷു ആശംസകള്‍ നേരുന്നു.

കൊച്ചി: കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിനെ സര്‍ക്കാരിന് തന്നെ നേരിട്ട് എതിര്‍ത്ത് ഹര്‍ജി നല്‍കാമെന്ന് നിയമോപദേശം.ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുന്‍മന്ത്രിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി വ്യക്തമാക്കുന്നത്.ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പ്രാഥമിക വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ ഉത്തരവ് അതേപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയില്ല. വേണമെങ്കില്‍ ഉത്തരവിലെ നിര്‍ദേശം നടപ്പാക്കാതെയും ഇരിക്കാമെന്നും ജലീലിന്റെ അഭിഭാഷകന്‍ വാദിച്ചു.ഒന്നര മണിക്കൂര്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഉത്തരവിനായി മാറ്റി വച്ചിരിക്കുകയാണ്. ഹര്‍ജി തളളുമോ, അതോ സ്റ്റേ അനുവദിച്ച് ഫയലില്‍ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും.എല്ലാ കേരളീയര്‍ക്കും തന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകളെന്നും പുതുവര്‍ഷം ആയുരാരോഗ്യവും സന്തോഷവും നല്‍കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
വിഷുവിന്റെ മംഗള വേളയില്‍ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ലോകമെമ്പാടുമുളള മലയാളികള്‍ക്കും ശുഭാശംസകള്‍ നേരുന്നു. ഈ സന്തോഷകരമായ ഉത്സവം എല്ലാവരുടെയും ജീവിതത്തില്‍ നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും നല്‍കട്ടെയെന്നും രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

കൊച്ചി: ഇഡിയും ക്രൈംബ്രാഞ്ചും തമ്മിലുള്ള നിയമപോരാട്ടം മുറുകുന്നു. സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. കേസുകള്‍ റദ്ദാക്കാനുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് വരാനിരിക്കെ തിരക്കുപിടിച്ചുള്ള ക്രൈംബ്രാഞ്ച് നീക്കം അനാവശ്യമാണെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ കേസെടുത്തത്.
ഇഡി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ തേടണം. ഓഡിയോ സന്ദേശത്തിന്റെ നിജസ്ഥിതി അറിയണം തുടങ്ങിയ കാര്യങ്ങള്‍ക്കായി സ്വപ്നയെ ജയിലിലെത്തി കണ്ട് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. ഈ നീക്കത്തെയാണ് ഇഡി അഭിഭാഷകന്‍ എതിര്‍ത്തത്. ഹൈക്കോടതി 16ന് ഉത്തരവ് പറയാനിരിക്കെ തിടുക്കപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് നടപടി അനുചിതവും, അനാവശ്യവുമാണെന്ന് ഇ.ഡി നിലപാടെടുത്തു.

തിരുവനന്തപുരം: വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്ക് കത്ത് നല്‍കി.തിരഞ്ഞെടുപ്പ് ഡ്യുട്ടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദവിവരം പുറത്ത് വിടണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്റ്റല്‍ ബാലറ്റ് ലഭിച്ചവരുടെയും പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങളും പുറത്ത് വിടണം. അതോടൊപ്പം റിട്ടേണിംഗ് ഓഫീസര്‍മാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റല്‍ വോട്ടുകളുടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

80 വയസുകഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏത്ര പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയില്‍ എത്ര എണ്ണം ബാക്കിയായി റിട്ടേണിംഗ് ഓഫീസര്‍മാരുടെ കൈവശം ഇരിപ്പുണ്ട് എന്നിവയുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെടുന്നു.അതോടൊപ്പം ഇരട്ട വോട്ടുകള്‍ എണ്ണരുതെന്ന കര്‍ശന നിര്‍ദേശം ജില്ലാ ഇലക്ട്രറല്‍ ഓഫീസര്‍മാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണമെന്ന ആവശ്യവും രമേശ് ചെന്നിത്തല കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

തപാല്‍ വോട്ടുകളുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന ആവശ്യവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പി സി വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, അബ്ദുറഹ്മാന്‍ രണ്ടത്താണി, പാറയ്ക്കല്‍ അബ്ദുള്ള, ബി ആര്‍ എം ഷഫീര്‍ എന്നിവരാണ് കമ്മീഷന് പരാതി നല്‍കിയത്. തങ്ങളുടെ മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം കൈമാറണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. തപാല്‍ വോട്ടുകളുടെ സീരിയല്‍ നമ്ബരുകളും പുറത്ത് വിടണമെന്നാണ് സ്ഥനാര്‍ത്ഥികളുടെ ആവശ്യം.