ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ ഗാന്ധി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ചാൽ പരാജയപ്പെടുമെന്ന് അദ്ദേഹം പരിഹസിച്ചു.
രാഹുൽ ഗാന്ധിയെ താൻ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയാണ്. ഇവിടെ നിന്ന് മത്സരിച്ച് തന്റെ ഭാഗ്യം പരീക്ഷിക്കാൻ തയ്യാറാകണമെന്നും ഒവൈസി ആവശ്യപ്പെട്ടു. മേഡക്കിൽ നിന്ന് വേണമെങ്കിലും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
താൻ വന്നിരിക്കുന്നത് ടിആർഎസ്, ബിജെപി, എഐഎംഐഎം എന്നിവർക്ക് വെല്ലുവിളിയുമായിട്ടാണെന്ന് തെലങ്കാന സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പ്രസ്താവിച്ചിരുന്നു. ഇതിനോടാണ് ഒവൈസി പ്രതികരിച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ തോൽക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താൻ ഇക്കാര്യം പറയുന്നതെന്ന് ഒവൈസി വ്യക്തമാക്കിയിരുന്നു.

