തൃക്കാക്കരയിൽ യുഡിഎഫിന് വിജയം ഉറപ്പ്; എൽഡിഎഫിന് സ്ഥാനാർത്ഥി ക്ഷാമമാണെന്ന് സാദിഖലി തങ്ങൾ

തിരുവനന്തപുരം: യുഡിഎഫിന്റെ ശക്തമായ മണ്ഡലമായ തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ. ഉമ തോമസ് മണ്ഡലത്തിന് അനുയോജ്യയായ സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന് സ്ഥാനാർത്ഥി ക്ഷാമമാണ്. ക്രൈസ്തവ സഭകൾ രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. മലപ്പുറത്ത് സാധാരണ ഗതിയിൽ എൽഡിഎഫ് മുതലാളിമാരെയാണ് തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളാക്കുന്നത്. അതിന് സമാനമായ കാര്യമാണ് തൃക്കാക്കരയിലും സംഭവിച്ചത്. തൃക്കാക്കരയുമായി വൈകാരിക ബന്ധമുള്ളയാളാണ് ഉമ തോമസെന്നും അതുകൊണ്ടുതന്നെ വിജയം ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കെ റെയിലിന് എതിരായ വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ തിരിച്ചറിയും. എറണാകുളം ജില്ലയിലെ യുഡിഎഫ് നടത്തിയ വികസനങ്ങളും എൽഡിഎഫിന്റെ വികസന വിരുദ്ധതയും തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വോട്ടിന്റെ ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിക്കും. അതിനുവേണ്ടിയുള്ള സംഘടനാപരമായ പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ്. കെഎസ്ആർടിസി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ 50 കോടി കൊടുക്കാനില്ലാത്ത സർക്കാരാണ് കമ്മിഷൻ റെയിലുമായി മുന്നോട്ട് പോകുന്നതെന്നും സതീശൻ വ്യക്തമാക്കി. എൽഡിഎഫ് എറണാകുളം ജില്ലയിൽ യാതൊരു വികസനവും കൊണ്ടുവന്നിട്ടില്ല എന്നതാണ് വാസ്തവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.