തലയുയര്‍ത്തി രാജസ്ഥാന്‍

മുംബൈ: ഇന്നലത്തെ ആദ്യ ഐ.പി.എല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിനെ 6 വിക്കറ്റിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് വിജയ വഴിയില്‍ തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 5വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 2 പന്ത് ബാക്കി നില്‍ക്കെ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു ( 190/4). ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് ഒരു ജയം കൂടിനേടിയാല്‍ പ്ലേഓഫ് ഉറപ്പിക്കാം. മറുവശത്ത് തോല്‍വി പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍കരിനിഴലായി.

മോശംഫോമിനെത്തുടര്‍ന്ന് ഡഗൗട്ടിലായിരുന്ന യശ്വസി എന്നാല്‍ ഇന്നലെ തിരിച്ചുവരവില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടി (41 പന്തില്‍ 68) രാജസ്ഥാന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയാവുകയായിരുന്നു. 9 ഫോറും 2 സിക്‌സും യശ്വസിയുടെ ബാറ്റില്‍ നിന്ന് പറന്നു.

ജോസ് ബട്ട്ലര്‍ (16 പന്തില്‍ 30), ക്യാപ്ടന്‍ സഞ്ജു സാംസണ്‍ (12 പന്തില്‍ 23), ദേവ്ദത്ത് പടിക്കല്‍ (31) എന്നിവരും നല്ല പ്രകടനം കാഴ്ചവച്ചു. അവസാനമൊന്നു പതറിയ രാജസ്ഥാനെ 2 സിക്‌സും 3 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 16 പന്തില്‍ 31 റണ്‍സെടുത്ത ഹെറ്റ്മേയര്‍ പ്രശ്‌നമില്ലാതെ വിജയതീരത്തെത്തിക്കുകയായിരുന്നു. അര്‍ഷദീപ് സിംഗ് പഞ്ചാബിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.നേരത്തേ ഫോമിലേക്ക് തിരിച്ചെത്തിയ ജോണി ബെയര്‍ സ്റ്റോയാണ് (40 പന്തില്‍ 56) പഞ്ചാബിന്റെ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. ജിതേഷ് ശര്‍മ്മയും (പുറത്താകാതെ 18 പന്തില്‍ 38), ലിയാം ലിംവിംഗ്സ്റ്റണ്‍ (14പന്തില്‍ 22) എന്നിവരാണ് അവസാന ഓവറുകളില്‍ പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ചഹലാണ് പഞ്ചാബ് സ്‌കോര്‍ 200 കടക്കാതെ തടഞ്ഞത്. അശ്വിനും പ്രസിദ്ധും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.