തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെതിരെ വിമര്‍ശനവുമായി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത്.
‘സര്‍ക്കാരിനെ മറ്റു പലരീതിയിലും പ്രതിഷേധം അറിയിക്കാന്‍ മാര്‍ഗമുണ്ടായിരുന്നു. എന്നിട്ടും കെഎസ്ആര്‍ടിസിക്ക് വരുമാനത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള സമരത്തിലേക്ക് പോകുന്നതിന് പിന്നിലുള്ള ലക്ഷ്യം എന്താണ്? സിഐടിയു സമരത്തില്‍ പങ്കെടുത്തില്ല. ഐഎന്‍ടിയുസിയും ബിഎംഎസുമാണ് സമരം ചെയ്തത്. ചര്‍ച്ച അവസാനിച്ചത് ആറുമണിക്ക്. സമരം മൂന്നുമണിക്കേ ആരംഭിക്കുന്നു. ഇതിന് പിന്നിലെ രാഷ്ട്രീയം എന്താണ്? ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാകാന്‍ കാരണം ഇന്ധനവിലയല്ലേ. ഇന്ധനവില വര്‍ധനയുടെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരോ കെഎസ്ആര്‍ടിസി മാനേജ്‌മെന്റോ ആണോ? സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില ഇരുപതു ശതമാനം വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാരോ മാനേജ്‌മെന്റോ ആണോ? അതിന് കാരണക്കാര്‍ ആയവര്‍ക്കെതിരെ സമരം ചെയ്യാന്‍ എന്തുകൊണ്ട് ഇവര്‍ തയ്യാറാകുന്നില്ല? സമരത്തിന് പിന്നില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉള്‍പ്പെടെയുണ്ട്’- മന്ത്രി ചൂണ്ടിക്കാട്ടി.

