താജ്മഹലിലെ 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അയോധ്യ ജില്ലയിലെ ബിജെപി മീഡിയ ഇന്‍ചാര്‍ജ് ഡോ. രജനീഷ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. മുറികള്‍ പരിശോധിക്കുന്നതിനും അവിടെയുള്ള ഹിന്ദു വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
‘താജ്മഹലുമായി ബന്ധപ്പെട്ട് പഴയൊരു വിവാദമുണ്ട്. താജ്മഹലിലെ 20 ഓളം മുറികള്‍ പൂട്ടിയിരിക്കുകയാണ്, ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. ഈ മുറികളില്‍ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വസ്തുതകള്‍ അറിയാന്‍ ഈ മുറികള്‍ തുറക്കാന്‍ എഎസ്ഐയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ മുറികള്‍ തുറന്ന് എല്ലാ വിവാദങ്ങള്‍ക്കും വിരാമമിടുന്നതില്‍ ഒരു തെറ്റുമില്ല’- ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് 2015ല്‍ ആറ് അഭിഭാഷകരാണ് കേസ് ഫയല്‍ ചെയ്തത്. 2017-ല്‍ ബിജെപി നേതാവ് വിനയ് കത്യാര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് താജ്മഹല്‍ സന്ദര്‍ശിച്ച് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. 2019 ജനുവരിയില്‍ ബിജെപി നേതാവ് അനന്ത് കുമാര്‍ ഹെഗ്ഡെയും താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാന്‍ അല്ലെന്നും മറിച്ച് താന്‍ ജയസിംഹ രാജാവില്‍ നിന്ന് വാങ്ങിയതാണെന്നും അവകാശപ്പെട്ടു.

