അതിജീവിതയ്ക്ക് പിന്തുണ; ഏകദിന ഉപവാസ സമരം നടത്തി ജനകീയ കൂട്ടായ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഏകദിന ഉപവാസ സമരം നടത്തി ജസ്റ്റിസ് ഫോർ വുമണിന്റെ നേൃത്വത്തിൽ ജനകീയ കൂട്ടായ്മ. എറണാകുളം വഞ്ചി സ്‌ക്വയറിലാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ മെഴുകുതിരി തെളിയിച്ച് ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തൃക്കാക്കരയിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഐക്യദാർഢ്യമറിയിച്ച് സമരത്തിൽ പങ്കുചേർന്നു.

രാവിലെ 9 മണി മുതലാണ് ജസ്റ്റിസ് ഫോർ വുമണിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയുടെ ഏകദിന ഉപവാസ സമരം ആരംഭിച്ചത്. തൃക്കാക്കരയിലെ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഐക്യദാർഢ്യവുമായെത്തി. താനും അതിജീവിതക്കൊപ്പമാണെന്ന് വേദിയിലെത്തിയ ഇടതു സ്ഥാനാർഥി ജോ ജോസഫ് അറിയിച്ചു. ഇവിടെ നീതി പുലരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അതിജീവിതയുടെ കണ്ണുനീരിൽ പിടി തോമസിന് ഒരു അച്ഛന്റെ വേദനയായിരുന്നുവെന്നു യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരില്ലെന്നും ഉമാ തോമസ് കുറ്റപ്പെടുത്തി.