പാർട്ടിയുടെ എല്ലാ സമിതികളിലും കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തണം; ആവശ്യം ഉയർത്തി ചിന്തൻ ശിബിർ ഉപസമിതി

ന്യൂഡൽഹി: യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ആവശ്യം മുന്നോട്ടുവെച്ച് കോൺഗ്രസിന്റെ ചിന്തൻ ശിബിർ ഉപസമിതി. കോൺഗ്രസ് പാർട്ടിയുടെ എല്ലാ സമിതികളിലും കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തണമെന്നാണ് യുവവിഭാഗം ഉപസമിതി ആവശ്യപ്പെട്ടു.

45 വയസിന് താഴെയുള്ളവരെ കമ്മിറ്റികളുടെ നേതൃത്വം ഏൽപ്പിക്കണമെന്ന നിർദേശമാണ് ഉയർന്നുവന്നത്. ചിന്തൻ ശിബിറിനായി രൂപീകരിച്ച ഉപസമിതി റിപ്പോർട്ട് നാളെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറും. രൺവീർ ബ്രാർ കൺവീനറായ യുവവിഭാഗം ഉപസമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

രാജസ്ഥാനിലെ ഉദയ്പൂരിൽ വെള്ളിയാഴ്ച്ചയാണ് ചിന്തൻ ശിബിർ ആരംഭിക്കുന്നത്. പല മേഖലകളിലായി ആറ് സമിതികളാണ് രൂപീകരിച്ചത്. രാഷ്ട്രീയം, സംഘടന, സാമൂഹിക നീതിയും ശാക്തീകരണവും, സാമ്പത്തികം, യുവജന ക്ഷേമം, കാർഷിക മേഖല എന്നിങ്ങനെ ആറ് വിഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടത്തുന്നത്. സമിതികൾ നൽകുന്ന നിർദേശങ്ങൾ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി പരിശോധിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സമിതി അധ്യക്ഷന്മാരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സോണിയാഗാന്ധി ചിന്തൻ ശിബിർ അജൻഡയ്ക്ക് അന്തിമ രൂപം നൽകുക. അജൻഡ ചർച്ച ചെയ്യാൻ പ്രവർത്തക സമിതിയും വിളിച്ചു ചേർത്തിട്ടുണ്ട്.