ന്യൂഡല്‍ഹി: ജസ്റ്റിസ് സുധാന്‍ഷു ധൂലിയും ജസ്റ്റിസ് ജെ ബി പര്‍ഡിവാലയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ ഒഴിവുകളെല്ലാം നികത്തപ്പെട്ടു. സുപ്രീംകോടതിയില്‍ ആകെ 34 ജഡ്ജിമാരാണുള്ളത്. 2019ന് ശേഷം ഇതാദ്യമായാണ് സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ അംഗബലം പൂര്‍ണതോതില്‍ എത്തുന്നത്.
ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നാണ് സുധാന്‍ഷു ധൂലി സുപ്രീംകോടതിയിലെത്തുന്നത്. 1960 ഓഗസ്റ്റ് 10ന് ജനിച്ച ജസ്റ്റിസ് ധൂലി ഉത്തരാഖണ്ഡില്‍ നിന്ന് സുപ്രീംകോടതിയിലെത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ്. മൂന്നു വര്‍ഷത്തിലേറെ കാലാവധി അദ്ദേഹത്തിന് ഇനിയും ബാക്കിയുണ്ട്. ജംഷദ് ബുര്‍ജോര്‍ പര്‍ഡിവാല ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്നു. സുപ്രീംകോടതി ജഡ്ജിയാകുന്ന നാലാമത്തെ പാര്‍സി സമുദായ അംഗമാണ് ജസ്റ്റിസ് പര്‍ഡിവാല. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരാള്‍ സുപ്രീംകോടതി ജഡ്ജിയാകുന്നത്. ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. 1965 ഓഗസ്റ്റ് 12ന് ജനിച്ച ജെ.ബി.പര്‍ഡിവാല 1990ല്‍ ഗുജറാത്ത് ഹൈകോടതിയില്‍ നിന്നാണ് അഭിഭാഷകവൃത്തി തുടങ്ങുന്നത്.
അതേസമയം, ജസ്റ്റിസ് വിനീത് ശരണ്‍ ഈ മാസവും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അടുത്ത മാസവും വിരമിക്കും. ജൂലൈ മാസത്തില്‍ ജസ്റ്റിസ് എം.എം.ഖാന്‍വില്‍ക്കറും പടിയിറങ്ങും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് യു.യുലളിത് എന്നിവരും ഈ വര്‍ഷം വിരമിക്കും.

