ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ക്കെതിരെ മുംബൈയിലെ ബാന്ദ്ര, ബോറിവാലി, ഗോറെഗാവ്, പരേല്‍, സാന്താക്രൂസ് ഉള്‍പ്പടെ ഇരുപതോളം സ്ഥലങ്ങളില്‍ വ്യാപക റെയ്ഡുകളുമായി എന്‍ഐഎ. ദാവൂദിന്റെ സംഘവുമായി ബന്ധമുള്ള ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍, മറ്റ് പ്രധാനികള്‍ എന്നിവര്‍ക്കെതിരെയാണ് റെയ്ഡ്.
ദാവൂദിന്റെ ഡി കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയുടെ ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പങ്കാളികളാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്‍ ഐ എ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) ആണ് ചുമത്തിയിരുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രീകരിച്ച് ദാവൂദും കൂട്ടാളികളും ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും നടത്തിവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ എന്‍ഐഎ കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ട്. ഇവര്‍ക്കു പുറമെ അധോലോക കുറ്റവാളികളായ ഛോട്ടാ ഷക്കീല്‍, ജാവേദ് ചിക്‌ന, ടൈഗര്‍ മേനോന്‍, ഇഖ്ബാല്‍ മിര്‍ച്ചി, ഹസീന പാര്‍ക്കര്‍ തുടങ്ങിയവരും എന്‍ ഐ എയുടെ നിരീക്ഷണ വലയത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 1993 ലെ ബോംബെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദാവൂദിനെ 2003ല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ആഗോള ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു.

