ഇസ്ലാമിലേക്ക് ഒരാളെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ല; കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

ആലപ്പുഴ: ഇസ്ലാമിലേക്ക് ഒരാളെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ലവ് ജിഹാദ് വിഷയം ചർച്ചയാകുന്നതിനിടെയാണ് നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം അറിയിച്ചത്.

ലോകത്തെവിടെയും ആരെയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നില്ല. ഇസ്ലാം വളർന്നത് സദ്സ്വഭാവത്തിലൂടെയാണ്. നിർബന്ധിച്ച് ആരെയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരുന്നില്ല. ഇന്ത്യയിലോ പുറത്തോ അങ്ങനെ നടക്കുന്നില്ല. ഒരു വർഗത്തിന്റെ ആശയം മറ്റൊരു വർഗത്തിൽ അടിച്ചേൽപ്പിക്കുന്നതാണ് വർഗീയതയെന്നും മതം പറയുന്നതിനനുസരിച്ച് ജീവിക്കുന്നത് വർഗീയതയല്ലെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

ഖുറാൻ ആരെയും കൊല്ലാൻ പഠിപ്പിക്കുന്നില്ല. ഇസ്ലാം വർഗീയത പ്രചരിപ്പിക്കുന്നില്ല. ഖുറാനെതിരെ പ്രചരണം നടത്തുന്നവരോട് സംവാദത്തിന് തയ്യാറാണെന്നും ശത്രുക്കളോട് പ്രതികാരം ചെയ്യുന്നവരും ആക്രമിക്കുന്നവരും ഇസ്ലാമിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.