National (Page 822)

ന്യൂഡല്‍ഹി: ബി.1.617 വൈറസ് വകഭേദത്തിനെതിരേ ഫൈസര്‍ വാക്‌സിന്‍ വളരെയധികം ഫലപ്രദമാണെന്നും രാജ്യത്ത് തങ്ങളുടെ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അടിയന്തര അനുമതി നല്‍കണമെന്നും യുഎസ് ഫാര്‍മാഭീമന്മാരായ ഫൈസര്‍ ആവശ്യപ്പെട്ടു. ഇത് അവകാശപ്പെട്ട ഡേറ്റകളും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഫൈസര്‍ സമര്‍പ്പിച്ചു. ബി.1.617 വൈറസ് വകഭേദത്തിനെതിരേ 87.9ശതമാനം ഫലപ്രദമാണ് ഫൈസര്‍ വാക്‌സിനെന്നാണ് ഡേറ്റകള്‍ സൂചിപ്പിക്കുന്നത്.ജൂലായ്- ഒക്ടോബര്‍ മാസത്തിനിടയില്‍ ഇന്ത്യക്ക് അഞ്ചുകോടി ഡോസ് ഫൈസര്‍ വാക്‌സിന്‍ നല്‍കാമെന്നും 2-8 ഡിഗ്രി സെല്‍ഷ്യസില്‍ ഒരുമാസം വരെ വാക്‌സിന്‍ സൂക്ഷിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, പന്ത്രണ്ടും അതിന് മുകളില്‍ പ്രായമുളള കുട്ടികള്‍ക്കും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു.കേന്ദ്രവും ഫൈസറിന്റെ ചെയര്‍മാനും സിഇഒയുമായ ആല്‍ബെര്‍ട്ട് ബോര്‍ളയും തമ്മില്‍ അടുത്തിടെ ചര്‍ച്ചകള്‍ നടന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ വഴിയായിരിക്കും രാജ്യത്ത് സംഭരണം നടക്കുക.കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ നല്കി വരുന്നത്. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് ് ന്റെ ഉപയോഗത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

covid

ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്ന് മുതൽ കോവിഡ് ബാധിച്ചവരിൽ 26 ശതമാനം രോഗികളും 18-30 വയസിന് ഇടയിലുള്ളവരാണെന്ന് കണക്കുകൾ. 18-44 വയസ് വരെയുള്ളവർക്ക് മേയ് ഒന്ന് മുതൽ വാക്സിനേഷൻ ആരംഭിച്ചെങ്കിലും വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ കുത്തിവെപ്പ് തടസപ്പെടുന്നതിനിടെയാണ് യുവാക്കളിൽ രോഗബാധയും വർധിക്കുന്നത്.31-40 വയസിന് ഇടയിലുള്ളവരാണ് രോഗബാധിതരിൽ തൊട്ടുപിന്നിൽ.

മേയ് ഒന്ന് മുതൽ ഏഴുവരെ രോഗം ബാധിച്ചവരിൽ 23.12 ശതമാനവും 31-40 വയസിന് ഇടയിലുള്ളവരാണ്. മേയ് എട്ട്-14 വരെ 22.79 ശതമാനം പേർക്കും മേയ് 15-21 വരെ 22.58 ശതമാനം പേർക്കും മേയ് 22-24 വരെ ഈ പ്രായപരിധിയിലുള്ള 22.24 ശതമാനം പേർക്കും രോഗം പിടിപെട്ടു. ഇക്കാലയളവിൽ രോഗം ബാധിച്ചവരിൽ 60 വയസിന് മുകളിലുള്ളവർ 13 ശതമാനം മാത്രമാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ആകെ രോഗികളിൽ 8.73 ശതമാനവും 11-17 വയസിന് ഇടയിലുള്ളവരാണ്.

മേയ് ഒന്ന് മുതൽ മേയ് ഏഴ് വരെ കോവിഡ് ബാധിച്ചവരിൽ 26.58 ശതമാനവും 18-30 വയസിന് ഇടയിലുള്ളവരാണ്. മേയ് എട്ട് മുതൽ 14 വരെ രോഗം പിടിപെട്ടവരിൽ 25.89 ശതമാനവും ഈ പ്രായപരിധിയിലുള്ളവരാണ്. മേയ് 15-21 വരെ 25.64 ശതമാനം പേർക്കും മേയ് 22-25 വരെ ഈ പ്രയാപരിധിയിലുള്ള 25.60 ശതമാനം പേർക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

ന്യൂഡൽഹി∙ ഇസ്രയേലിൽ നിന്നും അത്യാധുനിക ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിന് ഉടൻ ലഭിക്കും. ലഡാക്കിൽ നിയന്ത്രണ രേഖയിൽ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് പുതിയ ഹെറോൺ ഡ്രോണുകൾ ഉപയോഗിക്കുക. ആന്റി ജാമിങ് ശേഷിയുള്ള അത്യാധുനിക ഡ്രോണുകളാണിവ.നാല് ഡ്രോണുകളാണ് ഇപ്പോൾ ലഭിക്കുക. കോവിഡ് മൂലം ഡ്രോൺ എത്തുന്നതിന് കാലതാമസം നേരിട്ടു.

ചൈനയുമായുള്ള അതിർത്തി തർക്കത്തെത്തുടർന്നാണ് ഡ്രോണുകൾ അടിയന്തരമായി വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ അനുവദിച്ചു. യുഎസിൽ നിന്നുള്ള ചെറിയ ഡ്രോണുകൾ ബറ്റാലിയൻ തലത്തിലായിരിക്കും നിരീക്ഷണത്തിന് ഉപയോഗിക്കുക.നിശ്ചിത സ്ഥലത്തെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇവ ഉപയോഗിക്കും. ഇന്ത്യൻ നേവി അമേരിക്കയിൽ നിന്നും രണ്ട് പ്രഡേറ്റർ ഡ്രോണുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്.

470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ ഇവയ്ക്ക് ശേഷിയുണ്ട്. ഡ്രോണിന്റെ നീളം 8.5 മീറ്ററും വിങ്സ്പാൻ 16.6 മീറ്ററുമാണ്. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കമാൻഡോകൾക്ക് വലിയ സഹായമാണ്.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ മതിയായ നടപടികൾ സ്വീകരിക്കാത്ത തെറ്റിന് കെജ്രിവാൾ മാപ്പു ചോദിക്കണമെന്ന് ബിജെപി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു. പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചാൽ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ആയുധം വാങ്ങേണ്ടിവരുമോ എന്ന കെജ്രിവാളിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് വാക്സിനേഷൻ വിഷയത്തിൽ മോദിയെ വിമർശിക്കുന്ന കെജ്രിവാൾ സ്വന്തം പ്രതിച്ഛായ കൂട്ടാനുള്ള രാഷ്ട്രീയമാണ് കളിക്കുന്നത്.

തുടർച്ചയായി ആരോപണം ഉന്നയിക്കുന്ന തന്ത്രങ്ങളിൽ നിന്ന് കെജ്രിവാൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര വാക്സിൻ നയത്തെ ചോദ്യംചെയ്ത് കെജ്രിവാൾ രംഗത്തെത്തിയത്. രാജ്യം കോവിഡിനെതിരേയുള്ള യുദ്ധത്തിലാണ്. പാകിസ്താൻ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ ഉത്തർപ്രദേശിന് സ്വന്തം നിലയിൽ ടാങ്കുകളും ഡൽഹിക്ക് സ്വന്തമായി തോക്കുകളും വാങ്ങേണ്ടി വരുമോയെ എന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം.

കേന്ദ്രം വാക്സിൻ വാങ്ങി നൽകാത്തത് എന്തുകൊണ്ടാണെന്നും വാക്സിൻ ലഭ്യമാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ലെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.കോവിഡിനെതിരേയുള്ള ഇന്ത്യയുടെ പോരാട്ടത്തിലേക്ക് പാകിസ്താനെ വലിച്ചിഴക്കാനാണ് കെജ്രിവാൾ ശ്രമിക്കുന്നത്. സങ്കടകരമായ കാര്യമെന്തെന്നാൽ അതിർത്തിയിൽ പാക്സിതാനെതിരേയുള്ള പോരാട്ടത്തിലും സർജിക്കൽ സ്ട്രൈക്ക് വേളയിലും ഉൾപ്പെടെ രാഷ്ട്രീയം കളിക്കുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്തയാളാണ് കെജ്രിവാളെന്നും സംബിത് പത്ര വിമർശിച്ചു.

ന്യൂഡല്‍ഹി: 2021 ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 25 വരെയുള്ള കാലയളവില്‍ രാജ്യത്ത് കോവിഡ് മൂലം അനാഥരായത് 577 കുട്ടികള്‍. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം മാതാപിതാക്കള്‍ ഇരുവരേയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു.

”കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാ വിധ സംരക്ഷണവും പിന്തുണയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെട്ടിരിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ 577 കുട്ടികള്‍ രാജ്യത്തൊട്ടാകെ അനാഥരായതായി വിവിധ സംസ്ഥാനസര്‍ക്കാരുകളും കേന്ദഭരണ പ്രദേശങ്ങളും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു” സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

ന്യൂഡൽഹി: പുതിയ ഐടി നിയമം ഇന്ന് മുതൽ നിലവിൽ വരുന്ന സാഹചര്യത്തിൽ പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയോ എന്ന കാര്യത്തിൽ റിപ്പോർട്ട് നൽകാൻ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കാനാണ് കേന്ദ്ര ഇലക്ട്രോണിക്സ്,ഐടി മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.കഴിയുമെങ്കിൽ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്രം അറിയിച്ചു. നിരവധി തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ സർക്കാരിനോട് വെളിപ്പെടുത്തണമെന്നാണ് പുതിയ ഐടി നിയമം പറയുന്നത്.

ഈ നിയമം ഉപയോക്താവിന്‍റെ സ്വകാര്യതയുടെ ലംഘനമാണെന്ന് ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് പറഞ്ഞിരുന്നു. എന്നാൽ പൗരൻമാരുടെ സ്വകാര്യതയ്ക്കുളള അവകാശം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതേസമയം ഇത് ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നുമാണ് കേന്ദ്ര ഐടി മന്ത്രി രവിശശങ്കർ പ്രസാദ് പ്രതികരിച്ചത്.നിയമപരമായ ഒരു ഉത്തരവ് ലഭിക്കുകയാണെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകളിലെ ഏതെങ്കിലും ഉള്ളടക്കം 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുന്നതിനാണ് ഈ സംവിധാനം.

ഇക്കാര്യത്തിൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ടോ എന്നാണ് ഇപ്പോൾ കേന്ദ്രം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളോട് ആരായുന്നത്.ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയാ സൈറ്റുകൾ ഒരു കംപ്ലയൻസ് ഓഫീസറെ നിയമിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ സാമൂഹിക മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ട് ഒരു പരാതി പരിഹാര/പ്രതികരണ സംവിധാനം രൂപപ്പെടുത്തുന്നതിനായാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്.

ന്യൂഡല്‍ഹി: മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ലെന്നും കെ കെ ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടേറിയറ്റ് തീരുമാനത്തിന് ശേഷമാണെന്നും സീതാറാം യെച്ചൂരി. കെ.കെ.ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ ചൊല്ലി നടക്കുന്ന കോലാഹലത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമെങ്കിലും മന്ത്രിമാരെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ശൈലജ ജനങ്ങളുടെ വിശ്വാസം നേടിയെന്ന് മാത്രമല്ല രാജ്യത്തിന് ആകെ മാതൃകയായി. ശൈലജയുടെ സേവനം പാര്‍ട്ടി ഇനിയും ഉപയോഗിക്കും. കഴിഞ്ഞതവണ എല്‍ഡിഎഫ് സര്‍ക്കാരില്‍ രണ്ടുവനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് മൂന്നായി.ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന് പോലും ആധിപത്യം ഉണ്ടായിരുന്നില്ലെന്നും സിപിഎമ്മില്‍ വണ്‍മാന്‍ ഷോയില്ലെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി വലിയ വിജയമാണ് നേടിയത്. ചരിത്ര വിജയം നേടിയ സര്‍ക്കാര്‍ ജനങ്ങളെ മഹാമാരിയില്‍ നിന്ന് രക്ഷിക്കണം. പ്രകടനപത്രികയില്‍ പറയുന്നത് നടപ്പാക്കണമെന്നും യെച്ചൂരി പറഞ്ഞു.ആരോഗ്യം മെച്ചപ്പെട്ടാല്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന് ഒരു മുന്നറിയിപ്പായിരുന്നു. നയപരമായ ബദല്‍ വേണം എന്നതിന് തെളിവാണ് ഫലം.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും ജനങ്ങളുടെ വികാരം മനസ്സിലാക്കാതെയും നിയമ വിരുദ്ധമായുമാണ് അവിടുത്തെ നടപടികളെന്നും യെച്ചൂരി പറഞ്ഞു. അമിത് ഷായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ന്യൂഡൽഹി:ലക്ഷദ്വീപിൽ കേന്ദ്രം നിയമിച്ച അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരേ ദ്വീപുനിവാസികൾ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടെ പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുൽ പട്ടേലിന്റെ പരിഷ്കാര നടപടികൾക്കെതിരേയാണ് ദ്വീപിൽ പ്രതിഷേധം പുകയുന്നത്. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന അധ്യാപകരെ പിരിച്ചുവിടുക, വിദ്യാർഥികളുടെ ഭക്ഷണ മെനുവിൽനിന്ന് മാംസം ഒഴിവാക്കുക, ഡെയറി ഫാമുകൾ പൂട്ടുക തുടങ്ങിയ നടപടികൾക്കെതിരേയാണ് പ്രതിഷേധം.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ കെ. പട്ടേൽ 2020 ഡിസംബറിലാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. പദവിയേറ്റതുമുതൽ പട്ടേലിന്റെ തീരുമാനങ്ങൾ വിവാദമായി. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന 200 ഹൈസ്കൂൾ അധ്യാപകരെ പിരിച്ചുവിട്ടു. ഇതിനെതിരേ സമരം നടത്തിയ വിദ്യാർഥികളെ അടിച്ചമർത്തി.അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാണ് ദ്വീപുനിവാസികൾ ഉൾപ്പടെയുളളവരുടെ ആവശ്യം.’സമുദ്രത്തിലെ ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്.

അധികാരത്തിലുളള അജ്ഞരായ വർഗീയവാദികൾ അതിനെ നശിപ്പിക്കുകയാണ്. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. ‘ – രാഹുൽ ട്വീറ്റ് ചെയ്തു.ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷവും സംസ്കാരവും തകർക്കാനാണ് നിയമപരിഷ്ക്കാരങ്ങളിലൂടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേൽ ശ്രമിക്കുന്നതെന്ന് വ്യാപകമായ ആരോപണം ഉയർന്നിരുന്നു. പ്രതികരിച്ച കെ.എസ്.യു.വിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് ദ്വീപിലെ വാർത്താപോർട്ടൽ വിലക്കി.ഗുണ്ടാ നിയമം നടപ്പാക്കി. ഓരോ ദ്വീപിലുമുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെ പിരിച്ചുവിടുകയും ദ്വീപിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥർക്ക് ചുമതല നൽകുകയും ചെയ്തു.

ടൂറിസം വകുപ്പിൽനിന്ന് 190 പേരെ പിരിച്ചുവിട്ടു. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് അഡ്മിനിസ്ട്രേറ്ററുടെ വരുതിയിലാക്കി. തീരസംരക്ഷണ നിയമത്തിന്റെ പേരുപറഞ്ഞ്, കടലോരങ്ങളിലെ മീൻപിടിത്തക്കാരുടെ ഉപകരണങ്ങളും വലയും ഷെഡ്ഡുകളും നീക്കി. മൃഗസംരക്ഷണവകുപ്പ് നടത്തിയിരുന്ന രണ്ട് ഡെയറിഫാമുകൾ നഷ്ടത്തിലാണെന്നു പറഞ്ഞ് പൂട്ടി. കന്നുകാലികളെ കിലോയ്ക്ക് 250 രൂപ നിരക്കിൽ ലേലംചെയ്ത് വിൽക്കാനാണ് ഉത്തരവ്. ബേപ്പൂർ തുറമുഖംവഴിയാണ് ലക്ഷദ്വീപിൽനിന്നുള്ള ചരക്കുനീക്കം ഏറിയകൂറും നടന്നുവരുന്നത്.

ന്യൂഡൽഹി; .ഇസ്രയേലിന് പിന്തുണയുമായി യുഎൻ പൊതുസഭയിൽ ഇന്ത്യ. ഇസ്രയേലും പലസ്തീനും തമ്മിൽ നേരിട്ട് ചർച്ച പുനരാരംഭിക്കണമെന്നും,ഇരുവരും സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കിഴക്കൻ ജറുസലമിലടക്കം ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാൻ നീക്കം നടത്തരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.രക്ഷാസമിതിയിൽ ഇന്ത്യ ഇസ്രയേലിനെ മതിയായ രീതിയിൽ അനുകൂലിക്കാത്തതിൽ ബിജെപിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നതായാണ് വിലയിരുത്തപ്പെട്ടത്. ‘‘നിരവധി സാധാരണക്കാരുടെ മരണത്തിനിടയാക്കുന്ന തരത്തിൽ വിവേചനമില്ലാതെ ഗാസയിൽ നിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് ആക്രമണങ്ങളിൽ ശക്തമായ എതിർപ്പു രേഖപ്പെടുത്തുന്നു.

ഇതിനെതിരെ ഗാസയിലേക്കുണ്ടായ പ്രത്യാക്രമണങ്ങളും ഒട്ടേറെ പേരുടെ മരണത്തിനും നാശനഷ്ടങ്ങൾക്കും ഇടയാക്കി. ഈ ആക്രമണപ്രത്യാക്രമണങ്ങളിൽ ഒരു ഇന്ത്യൻ പൗര ഉൾപ്പെടെ നിരവധി നിരപരാധികളുടെ ജീവൻ നഷ്ടമായതിൽ ദുഃഖം രേഖപ്പെടുത്തുന്നു.’’ – ഇതായിരുന്നു ആ പ്രസ്താവന.ഹമാസ് ആക്രമണത്തെ വിമർശിക്കുകയും ഒപ്പം ഇസ്രയേലിന്റെ നടപടികളെ സ്വയം പ്രതിരോധത്തിനുള്ള പ്രത്യാക്രമണം എന്ന രീതിയിൽ പരാമർശിക്കുകയും ചെയ്യുന്നതായിരുന്നു മേയ് 16 ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടേത്.

രക്ഷാസമിതിയിലേതിനു വിഭിന്നമായി ഇസ്രയേലിലേക്കു ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളെ യുഎൻ പൊതുസഭയിലെ പ്രസ്താവനയിൽ ഇന്ത്യ നിശിതമായി വിമർശിച്ചതും ഇസ്രയേൽ അനുകൂല സൂചന നൽകുന്നതായെന്നു റിപ്പോർട്ടിൽ പറയുന്നു. യുഎൻ രക്ഷാസമിതിയിൽ മേയ് 16നു നടത്തിയ ഇടപെടലിനും മേയ് 20 ന് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസ്താവനയ്ക്കുമിടയിൽ ഇന്ത്യയുടെ നിലപാട് ഇസ്രയേൽ പക്ഷത്തിന് അനുകൂല സൂചനയാണ് ഉണർത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.

പിന്തുണ നൽകിയ രാജ്യങ്ങളുടെ പതാകകൾ ഉൾപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നന്ദി അർപ്പിച്ചതിൽ ഇന്ത്യയുടെ പതാക ഉൾപ്പെട്ടിരുന്നില്ല. ഇതോടെയാണ് ഇസ്രയേലിന് പിന്തുണ നൽകുന്ന സൂചനകളുമായി യുഎൻ പൊതുസഭയിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയതെന്നാണ് വിലയിരുത്തൽ.

ന്യൂഡൽഹി:അടുക്കളയിൽ ഉപയോഗിക്കുന്ന വിവിധ ഭക്ഷ്യ എണ്ണകളായ നിലക്കടല എണ്ണ, കടുകെണ്ണ, വനസ്‌പതി, സൂര്യകാന്തി എണ്ണ,പാമോയിൽ, സോയബീൻ എണ്ണ എന്നിവയ്‌ക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ ഏ‌റ്റവും വലിയ വിലക്കയ‌റ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത പാമോയിലിന് കഴിഞ്ഞ വർഷം 2281 റിംഗി‌റ്റായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 3890 റിംഗി‌റ്റാണ്. സോയാബിൻ എണ്ണയ്‌ക്ക് മുൻവർഷം ഇതേസമയം 306 ഡോളറായിരുന്നത് ഇപ്പോൾ 559.61 ആയി.വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തിനെ അറിയിച്ച കണക്കനുസരിച്ച് ആറ് തരം ഭക്ഷ്യ എണ്ണകൾക്കും 2010 ജനുവരിയിലുള‌ളതിനെക്കാൾ കുത്തനെ ഉയ‌ർച്ചയുണ്ടായെന്നാണ്.

കടുകെണ്ണ കഴിഞ്ഞ വർഷം മേയിൽ118 രൂപയായിരുന്നത് ഇപ്പോൾ 164 രൂപയായി കിലോയ്‌ക്ക്. കഴിഞ്ഞ വർഷം കിലോയ്ക്ക് 88.27 രൂപയുണ്ടായിരുന്ന പാമോയിൽ ഇപ്പോൾ ഏതാണ്ട് 50 ശതമാനം ഉയർന്ന് 131.69 രൂപയായി.നിലക്കടലയെണ്ണ 175 രൂപ,​ വനസ്‌പതി 128 രൂപ,​ സോയ എണ്ണ 148,​ സൂര്യകാന്തി എണ്ണ 169 രൂപ എന്നിങ്ങനെയാണ് കിലോയ്‌ക്ക് വില. 18 മുതൽ 52 ശതമാനം വരെ വില മുൻവർഷത്തെക്കാൾ കുതിച്ചുയർന്നു. ഇന്ത്യയിൽ ഭക്ഷ്യ എണ്ണ ഉൽപാദനം 8.5 മില്യൺ ടണ്ണാണ്.

അതേസമയം ഇറക്കുമതി ചെയ്യുന്നത് 13.5 മില്യൺ ടണും.കൊവിഡ് മൂലം വിവിധ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് സാമ്പത്തിക രംഗത്തുണ്ടായ മന്ദതയാണ് വില കുത്തനെ ഉയരാൻ കാരണം. ഇതിനെതുടർന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് യോഗം ചേ‌ർന്ന് വിവിധ സംസ്ഥാനങ്ങളോട് വിലകുറയ്‌ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.രാജ്യത്തെ ഉപയോഗത്തിൽ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഭ്യന്തര ഭക്ഷ്യ എണ്ണവില സാധാരണഗതിയിൽ അന്താരാഷ്‌ട്ര വിലയ്‌ക്കനുസരിച്ചാണ് മാറുന്നത്.