ന്യൂഡല്‍ഹി: ബി.1.617 വൈറസ് വകഭേദത്തിനെതിരേ ഫൈസര്‍ വാക്‌സിന്‍ വളരെയധികം ഫലപ്രദമാണെന്നും രാജ്യത്ത് തങ്ങളുടെ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അടിയന്തര അനുമതി നല്‍കണമെന്നും യുഎസ് ഫാര്‍മാഭീമന്മാരായ ഫൈസര്‍ ആവശ്യപ്പെട്ടു. ഇത് അവകാശപ്പെട്ട ഡേറ്റകളും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഫൈസര്‍ സമര്‍പ്പിച്ചു. ബി.1.617 വൈറസ് വകഭേദത്തിനെതിരേ 87.9ശതമാനം ഫലപ്രദമാണ് ഫൈസര്‍ വാക്‌സിനെന്നാണ് ഡേറ്റകള്‍ സൂചിപ്പിക്കുന്നത്.ജൂലായ്- ഒക്ടോബര്‍ മാസത്തിനിടയില്‍ ഇന്ത്യക്ക് അഞ്ചുകോടി ഡോസ് ഫൈസര്‍ വാക്‌സിന്‍ നല്‍കാമെന്നും 2-8 ഡിഗ്രി സെല്‍ഷ്യസില്‍ ഒരുമാസം വരെ വാക്‌സിന്‍ സൂക്ഷിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, പന്ത്രണ്ടും അതിന് മുകളില്‍ പ്രായമുളള കുട്ടികള്‍ക്കും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു.കേന്ദ്രവും ഫൈസറിന്റെ ചെയര്‍മാനും സിഇഒയുമായ ആല്‍ബെര്‍ട്ട് ബോര്‍ളയും തമ്മില്‍ അടുത്തിടെ ചര്‍ച്ചകള്‍ നടന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ വഴിയായിരിക്കും രാജ്യത്ത് സംഭരണം നടക്കുക.കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ നല്കി വരുന്നത്. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് ് ന്റെ ഉപയോഗത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
2021-05-27

