ന്യൂഡൽഹി:അടുക്കളയിൽ ഉപയോഗിക്കുന്ന വിവിധ ഭക്ഷ്യ എണ്ണകളായ നിലക്കടല എണ്ണ, കടുകെണ്ണ, വനസ്‌പതി, സൂര്യകാന്തി എണ്ണ,പാമോയിൽ, സോയബീൻ എണ്ണ എന്നിവയ്‌ക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത പാമോയിലിന് കഴിഞ്ഞ വർഷം 2281 റിംഗിറ്റായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 3890 റിംഗിറ്റാണ്. സോയാബിൻ എണ്ണയ്‌ക്ക് മുൻവർഷം ഇതേസമയം 306 ഡോളറായിരുന്നത് ഇപ്പോൾ 559.61 ആയി.വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തിനെ അറിയിച്ച കണക്കനുസരിച്ച് ആറ് തരം ഭക്ഷ്യ എണ്ണകൾക്കും 2010 ജനുവരിയിലുളളതിനെക്കാൾ കുത്തനെ ഉയർച്ചയുണ്ടായെന്നാണ്.
കടുകെണ്ണ കഴിഞ്ഞ വർഷം മേയിൽ118 രൂപയായിരുന്നത് ഇപ്പോൾ 164 രൂപയായി കിലോയ്‌ക്ക്. കഴിഞ്ഞ വർഷം കിലോയ്ക്ക് 88.27 രൂപയുണ്ടായിരുന്ന പാമോയിൽ ഇപ്പോൾ ഏതാണ്ട് 50 ശതമാനം ഉയർന്ന് 131.69 രൂപയായി.നിലക്കടലയെണ്ണ 175 രൂപ, വനസ്‌പതി 128 രൂപ, സോയ എണ്ണ 148, സൂര്യകാന്തി എണ്ണ 169 രൂപ എന്നിങ്ങനെയാണ് കിലോയ്‌ക്ക് വില. 18 മുതൽ 52 ശതമാനം വരെ വില മുൻവർഷത്തെക്കാൾ കുതിച്ചുയർന്നു. ഇന്ത്യയിൽ ഭക്ഷ്യ എണ്ണ ഉൽപാദനം 8.5 മില്യൺ ടണ്ണാണ്.
അതേസമയം ഇറക്കുമതി ചെയ്യുന്നത് 13.5 മില്യൺ ടണും.കൊവിഡ് മൂലം വിവിധ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് സാമ്പത്തിക രംഗത്തുണ്ടായ മന്ദതയാണ് വില കുത്തനെ ഉയരാൻ കാരണം. ഇതിനെതുടർന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് യോഗം ചേർന്ന് വിവിധ സംസ്ഥാനങ്ങളോട് വിലകുറയ്‌ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.രാജ്യത്തെ ഉപയോഗത്തിൽ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഭ്യന്തര ഭക്ഷ്യ എണ്ണവില സാധാരണഗതിയിൽ അന്താരാഷ്‌ട്ര വിലയ്‌ക്കനുസരിച്ചാണ് മാറുന്നത്.