ഇന്ത്യൻ സെെന്യത്തിന് കരുത്തേകാൻ ഹെറോൺ മാർക്ക്-ടു ഡ്രോണുകൾ

ന്യൂഡൽഹി∙ ഇസ്രയേലിൽ നിന്നും അത്യാധുനിക ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിന് ഉടൻ ലഭിക്കും. ലഡാക്കിൽ നിയന്ത്രണ രേഖയിൽ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് പുതിയ ഹെറോൺ ഡ്രോണുകൾ ഉപയോഗിക്കുക. ആന്റി ജാമിങ് ശേഷിയുള്ള അത്യാധുനിക ഡ്രോണുകളാണിവ.നാല് ഡ്രോണുകളാണ് ഇപ്പോൾ ലഭിക്കുക. കോവിഡ് മൂലം ഡ്രോൺ എത്തുന്നതിന് കാലതാമസം നേരിട്ടു.

ചൈനയുമായുള്ള അതിർത്തി തർക്കത്തെത്തുടർന്നാണ് ഡ്രോണുകൾ അടിയന്തരമായി വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ അനുവദിച്ചു. യുഎസിൽ നിന്നുള്ള ചെറിയ ഡ്രോണുകൾ ബറ്റാലിയൻ തലത്തിലായിരിക്കും നിരീക്ഷണത്തിന് ഉപയോഗിക്കുക.നിശ്ചിത സ്ഥലത്തെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇവ ഉപയോഗിക്കും. ഇന്ത്യൻ നേവി അമേരിക്കയിൽ നിന്നും രണ്ട് പ്രഡേറ്റർ ഡ്രോണുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്.

470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ ഇവയ്ക്ക് ശേഷിയുണ്ട്. ഡ്രോണിന്റെ നീളം 8.5 മീറ്ററും വിങ്സ്പാൻ 16.6 മീറ്ററുമാണ്. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കമാൻഡോകൾക്ക് വലിയ സഹായമാണ്.