കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തെ ചോദ്യംചെയ്ത ഡൽഹി മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ബിജെപി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ മതിയായ നടപടികൾ സ്വീകരിക്കാത്ത തെറ്റിന് കെജ്രിവാൾ മാപ്പു ചോദിക്കണമെന്ന് ബിജെപി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു. പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചാൽ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ആയുധം വാങ്ങേണ്ടിവരുമോ എന്ന കെജ്രിവാളിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് വാക്സിനേഷൻ വിഷയത്തിൽ മോദിയെ വിമർശിക്കുന്ന കെജ്രിവാൾ സ്വന്തം പ്രതിച്ഛായ കൂട്ടാനുള്ള രാഷ്ട്രീയമാണ് കളിക്കുന്നത്.

തുടർച്ചയായി ആരോപണം ഉന്നയിക്കുന്ന തന്ത്രങ്ങളിൽ നിന്ന് കെജ്രിവാൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര വാക്സിൻ നയത്തെ ചോദ്യംചെയ്ത് കെജ്രിവാൾ രംഗത്തെത്തിയത്. രാജ്യം കോവിഡിനെതിരേയുള്ള യുദ്ധത്തിലാണ്. പാകിസ്താൻ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ ഉത്തർപ്രദേശിന് സ്വന്തം നിലയിൽ ടാങ്കുകളും ഡൽഹിക്ക് സ്വന്തമായി തോക്കുകളും വാങ്ങേണ്ടി വരുമോയെ എന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം.

കേന്ദ്രം വാക്സിൻ വാങ്ങി നൽകാത്തത് എന്തുകൊണ്ടാണെന്നും വാക്സിൻ ലഭ്യമാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ലെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.കോവിഡിനെതിരേയുള്ള ഇന്ത്യയുടെ പോരാട്ടത്തിലേക്ക് പാകിസ്താനെ വലിച്ചിഴക്കാനാണ് കെജ്രിവാൾ ശ്രമിക്കുന്നത്. സങ്കടകരമായ കാര്യമെന്തെന്നാൽ അതിർത്തിയിൽ പാക്സിതാനെതിരേയുള്ള പോരാട്ടത്തിലും സർജിക്കൽ സ്ട്രൈക്ക് വേളയിലും ഉൾപ്പെടെ രാഷ്ട്രീയം കളിക്കുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്തയാളാണ് കെജ്രിവാളെന്നും സംബിത് പത്ര വിമർശിച്ചു.