ഇസ്രയേലിന് പിന്തുണയുമായി യുഎൻ പൊതുസഭയിൽ ഇന്ത്യ

ന്യൂഡൽഹി; .ഇസ്രയേലിന് പിന്തുണയുമായി യുഎൻ പൊതുസഭയിൽ ഇന്ത്യ. ഇസ്രയേലും പലസ്തീനും തമ്മിൽ നേരിട്ട് ചർച്ച പുനരാരംഭിക്കണമെന്നും,ഇരുവരും സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കിഴക്കൻ ജറുസലമിലടക്കം ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാൻ നീക്കം നടത്തരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.രക്ഷാസമിതിയിൽ ഇന്ത്യ ഇസ്രയേലിനെ മതിയായ രീതിയിൽ അനുകൂലിക്കാത്തതിൽ ബിജെപിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നതായാണ് വിലയിരുത്തപ്പെട്ടത്. ‘‘നിരവധി സാധാരണക്കാരുടെ മരണത്തിനിടയാക്കുന്ന തരത്തിൽ വിവേചനമില്ലാതെ ഗാസയിൽ നിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് ആക്രമണങ്ങളിൽ ശക്തമായ എതിർപ്പു രേഖപ്പെടുത്തുന്നു.

ഇതിനെതിരെ ഗാസയിലേക്കുണ്ടായ പ്രത്യാക്രമണങ്ങളും ഒട്ടേറെ പേരുടെ മരണത്തിനും നാശനഷ്ടങ്ങൾക്കും ഇടയാക്കി. ഈ ആക്രമണപ്രത്യാക്രമണങ്ങളിൽ ഒരു ഇന്ത്യൻ പൗര ഉൾപ്പെടെ നിരവധി നിരപരാധികളുടെ ജീവൻ നഷ്ടമായതിൽ ദുഃഖം രേഖപ്പെടുത്തുന്നു.’’ – ഇതായിരുന്നു ആ പ്രസ്താവന.ഹമാസ് ആക്രമണത്തെ വിമർശിക്കുകയും ഒപ്പം ഇസ്രയേലിന്റെ നടപടികളെ സ്വയം പ്രതിരോധത്തിനുള്ള പ്രത്യാക്രമണം എന്ന രീതിയിൽ പരാമർശിക്കുകയും ചെയ്യുന്നതായിരുന്നു മേയ് 16 ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടേത്.

രക്ഷാസമിതിയിലേതിനു വിഭിന്നമായി ഇസ്രയേലിലേക്കു ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളെ യുഎൻ പൊതുസഭയിലെ പ്രസ്താവനയിൽ ഇന്ത്യ നിശിതമായി വിമർശിച്ചതും ഇസ്രയേൽ അനുകൂല സൂചന നൽകുന്നതായെന്നു റിപ്പോർട്ടിൽ പറയുന്നു. യുഎൻ രക്ഷാസമിതിയിൽ മേയ് 16നു നടത്തിയ ഇടപെടലിനും മേയ് 20 ന് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസ്താവനയ്ക്കുമിടയിൽ ഇന്ത്യയുടെ നിലപാട് ഇസ്രയേൽ പക്ഷത്തിന് അനുകൂല സൂചനയാണ് ഉണർത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.

പിന്തുണ നൽകിയ രാജ്യങ്ങളുടെ പതാകകൾ ഉൾപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നന്ദി അർപ്പിച്ചതിൽ ഇന്ത്യയുടെ പതാക ഉൾപ്പെട്ടിരുന്നില്ല. ഇതോടെയാണ് ഇസ്രയേലിന് പിന്തുണ നൽകുന്ന സൂചനകളുമായി യുഎൻ പൊതുസഭയിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയതെന്നാണ് വിലയിരുത്തൽ.