സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പുതിയ ഐടി നിയമം ഇന്ന് മുതൽ നിലവിൽ വരുന്ന സാഹചര്യത്തിൽ പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയോ എന്ന കാര്യത്തിൽ റിപ്പോർട്ട് നൽകാൻ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കാനാണ് കേന്ദ്ര ഇലക്ട്രോണിക്സ്,ഐടി മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.കഴിയുമെങ്കിൽ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്രം അറിയിച്ചു. നിരവധി തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ സർക്കാരിനോട് വെളിപ്പെടുത്തണമെന്നാണ് പുതിയ ഐടി നിയമം പറയുന്നത്.

ഈ നിയമം ഉപയോക്താവിന്‍റെ സ്വകാര്യതയുടെ ലംഘനമാണെന്ന് ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് പറഞ്ഞിരുന്നു. എന്നാൽ പൗരൻമാരുടെ സ്വകാര്യതയ്ക്കുളള അവകാശം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതേസമയം ഇത് ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നുമാണ് കേന്ദ്ര ഐടി മന്ത്രി രവിശശങ്കർ പ്രസാദ് പ്രതികരിച്ചത്.നിയമപരമായ ഒരു ഉത്തരവ് ലഭിക്കുകയാണെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകളിലെ ഏതെങ്കിലും ഉള്ളടക്കം 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുന്നതിനാണ് ഈ സംവിധാനം.

ഇക്കാര്യത്തിൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ടോ എന്നാണ് ഇപ്പോൾ കേന്ദ്രം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളോട് ആരായുന്നത്.ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയാ സൈറ്റുകൾ ഒരു കംപ്ലയൻസ് ഓഫീസറെ നിയമിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ സാമൂഹിക മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ട് ഒരു പരാതി പരിഹാര/പ്രതികരണ സംവിധാനം രൂപപ്പെടുത്തുന്നതിനായാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്.