കൊൽക്കത്ത: ബംഗാൾ നിയമസഭയിൽ വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുമായുള്ള (ഐപാക്) കരാർ നീട്ടി തൃണമൂൽ കോൺഗ്രസ്. 2026 വരെയാണ് കരാർ നീട്ടിയത്. ഐപാക്കുമായുള്ള കരാർ നീട്ടിയെങ്കിലും മുഖ്യതന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഇതിന്റെ ഭാഗമാകില്ല. ഐപാക്കിൽ നിന്നും പ്രശാന്ത് രാജിവെയ്ക്കുമെന്നാണ് വിവരം. പ്രശാന്ത് ഒഴികെയുള്ള ഒമ്പതംഗ നേതൃത്വമായിരിക്കും ഐപാക്കിനെ നയിക്കുകയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പശ്ചിമ ബംഗാളിൽ തൃണമൂലിന്റെ ഭരണ തുടർച്ചയ്ക്കും തമിഴ്‌നാട്ടിൽ ഡിഎംകെയുടെ തിരിച്ചുവരവിനുമെല്ലാം പിന്നിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോർ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രശാന്ത് വിരമിക്കൽ സൂചന നൽകിയിരുന്നു. 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാംപയിൻ രൂപപ്പെടുത്തിയത് പ്രശാന്ത് കിഷോറാണ്. കോൺഗ്രസ്, ജെഡിയു, എഎപി, ശിവസേന ന്നെിവർക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ബംഗാളിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെയാണ് ഐപാക്കുമായുള്ള കരാർ നീട്ടിയിരിക്കുന്നത്. പുതിയ കരാർ അനുസരിച്ച് എല്ലാ സംസ്ഥാന/ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലും ഐ-പാക് തൃണമൂലിനായി പ്രവർത്തിക്കും. ബംഗാളിനു പുറത്തേയ്ക്ക് തൃണമൂലിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് ഐപാക്കുമായുള്ള കരാർ നീട്ടിയിരിക്കുന്നത്.

