രാഹുൽ ഗാന്ധിയുടെ അറിവിന് മുന്നിൽ അരിസ്റ്റോട്ടിലും ആര്യഭടനും വരെ തലകുനിക്കും; പരിഹാസവുമായി കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ച നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെയാണ് അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുലിന്റെ അറിവിന് മുന്നിൽ തലകുനിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ അജണ്ട ഇനി വിലപോകില്ല. കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 വരെ ആഴ്ചയാക്കി വർധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയവുമായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വിദഗ്ധ സമിതിയുടെയും സർക്കാരിന്റേയും ഏകകണ്ഠമായ തീരുമാനമാണിത്. ഇക്കാര്യത്തില് ഒരു ഭാഗത്ത് നിന്നും എതിർപ്പുയർന്നിരുന്നില്ല. വിവരങ്ങളെ അപഗ്രഥിക്കാൻ ഇന്ത്യയ്ക്ക് സുശക്തമായ സംവിധാനമുണ്ട്. ഈ വിഷയം രാഷ്ട്രീയവത്കരിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിൻ ഡോസ് ഇടവേള വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നാഷണൽ ടെക്‌നിക്കൽ അഡ്വസൈറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ മേധാവി ഡോ. എൻ കെ അറോറയുടെ ശുപാർശയുടെ പകർപ്പും ട്വീറ്റിനൊപ്പം ആരോഗ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്. കോവിഷീൽഡ് വാക്‌സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോൾ വാക്‌സിൻ ഫലപ്രാപ്തി 65 ശതമാനം ആണെങ്കിൽ ഇടവേള 12 ആഴ്ചയായി വർധിപ്പിക്കുമ്പോൾ ഫലപ്രാപ്തി 88 ശതമാനമാണെന്ന് വ്യക്തമാക്കുന്ന യു.കെ. ഹെൽത്ത് റെഗുലേറ്ററുടെ റിപ്പോർട്ടാണ് എൻ.കെ. അറോറ സർക്കാരിന് കൈമാറിയത്.

ഇന്ത്യക്ക് വേണ്ടത് അതിവേഗമുള്ള സമ്പൂർണ്ണ വാക്‌സിനേഷനാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. പ്രധാനമന്ത്രിയുടെ വ്യാജമായ വ്യക്തിത്വത്തെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ രോഗ വ്യാപനത്തിനിടയാക്കുമെന്നും ജനങ്ങളുടെ ജീവന് വിലകൽപ്പിക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു.