നാഗര്‍കോവില്‍: ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്‍കടകളില്‍ നിന്നു തന്നെ വിതരണം ചെയ്തു. കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ ഉദ്ഘാടനം കാട്ടാത്തുറയില്‍ മന്ത്രി ടി. മനോതങ്കരാജ് നിര്‍വഹിച്ചു.
വെളളയരി, അയോഡൈസ്ഡ് ഉപ്പ്, ഒരു കിലോ റവ, പഞ്ചസാര, ഉഴുന്നുപരിപ്പ് അരകിലോ വീതം. വാളംപുളി, കടല എന്നിവ കാല്കിലോ വീതം, കടുക്, ജീരകം, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ നൂറു ഗ്രാം വീതം, 125 ഗ്രാമിന്റെ കുളിസോപ്പും കാല്‍ കിലോ തൂക്കമുള്ള ബ്രാന്‍ഡഡ് അലക്ക് സോപ്പുമാണ് കിറ്റിലുള്ളത്. 2000 രൂപ വീതം രണ്ടു തവണയായി 4000 രൂപയാണ് നല്കുന്നത്.
ഭക്ഷ്യകിറ്റ് നല്‍കുന്നത് തുടരുമെന്നും ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും സ്റ്റാലിന്‍ അറിയിച്ചു.
മെയ് 16 ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന് ലിറ്ററിന് 3 രൂപ കുറച്ചിരുന്നു. ജോലിക്ക് പോകുന്ന വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സൗജന്യ യാത്രയും പ്രഖ്യാപിച്ചിരുന്നു. ഭിന്നലിംഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സിറ്റി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും. സ്വകാര്യ ആശുപത്രിയില്‍ അടക്കം സൗജന്യ കോവിഡ് ചികിത്സയും ജനപ്രിയ പ്രഖ്യാപനമായിരുന്നു.

