കോവിഡ് വാക്‌സിനായി ഇനി മുൻകൂട്ടി ബുക്ക് ചെയ്യലും സ്ലോട്ട് രജിസ്‌ട്രേഷനും ആവശ്യമില്ല; പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

covid

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനായി മുൻകൂട്ടി ബുക്ക് ചെയ്യൽ ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. 18 വയസ്സും അതിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതൽ നിർബന്ധമില്ല.

രാജ്യത്തെ വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. ഗ്രാമപ്രദേശങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിലാണ് നടക്കുന്നതെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ബുക്കിംഗ് സൗകര്യം എടുത്ത് മാറ്റുന്നതിലൂടെ വാക്‌സിൻ കുത്തിവെയ്പ്പിന്റെ വേഗത വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജൂൺ 21 മുതൽ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരൻമാർക്കും സൗജന്യമായി കേന്ദ്രം വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്‌സിൻ കുത്തിവെയ്പ്പിന് ബുക്ക് ചെയ്യൽ ഒഴിവാക്കുന്ന തീരുമാനം സംസ്ഥാനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബുക്കിംഗ് സൗകര്യം തുടരുമെന്നാണ് വിവരം.