National (Page 764)

ന്യൂഡല്‍ഹി: രാജ്യത്തെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പുരസ്‌ക്കാരങ്ങളായ പത്മവിഭൂഷന്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിവയ്ക്കായുള്ള നാമനിര്‍ദ്ദേശങ്ങളാണ് ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം ആരംഭിച്ചിരിക്കുന്നത്.

നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തീയതി 2021സെപ്റ്റംബര്‍ 15 ആണ്. പത്മപുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ ഓണ്‍ലൈനില്‍ പത്മ അവാര്‍ഡ് പോര്‍ട്ടല്‍ https://padmaawards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

പത്മഅവാര്‍ഡുകള്‍’ജനകീയപത്മ”ആക്കിമാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് അതിനാല്‍ എല്ലാ പൗരന്മാരും നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം, ദിവ്യാങ് വ്യക്തികള്‍ കൂടാതെ സമൂഹത്തിന് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാന്‍ അര്‍ഹതയുള്ള പ്രതിഭകളെ തിരിച്ചറിയാന്‍ എല്ലാ പൗരന്മാരും സമഗ്രമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.

മേല്‍പ്പറഞ്ഞ പത്മപോര്‍ട്ടലില്‍ ലഭ്യമായ ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിര്‍ദ്ദേശങ്ങളില്‍/ ശുപാര്‍ശകളില്‍ അടങ്ങിയിരിക്കണം. കൂടാതെ, ശുപാര്‍ശചെയ്തിട്ടുള്ള വ്യക്തിയുടെ അതേ മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉള്‍പ്പെടുത്തണം എന്നാണ് നിബന്ധനകള്‍.

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ www.mha.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ അവാര്‍ഡുകളുമായി ബന്ധപ്പെട്ടചട്ടങ്ങളും നിയമങ്ങളും ഈ വെബ്‌സൈറ്റിലെ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കില്‍ നിന്നും ലഭിക്കും.

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി ഗ്രാന്റിന്റെ അഞ്ചാമത്തെ ഗഡു അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപയാണ് റവന്യൂ കമ്മി ഗ്രാന്റിന്റെ അഞ്ചാമത്തെ പ്രതിമാസ ഗഡുവായി ധനകാര്യ മന്ത്രാലയം വിതരണം ചെയ്തത്. ഈ സാമ്പത്തിക വർഷത്തിൽ യോഗ്യതയുള്ള സംസ്ഥാനങ്ങൾക്ക് 49,355 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതുവരെ അനുവദിച്ചത്.

റവന്യു കമ്മി ഗ്രാന്റ് വഴി ഏറ്റവും അധികം തുക ലഭിച്ചത് കേരളത്തിനാണ്. കേരളത്തിന് അഞ്ചാം ഗഡുവായി 1657.58 കോടി രൂപയാണ് ലഭിച്ചത്. ആകെ 8287. 92 കോടി രൂപ കേരളത്തിന് ലഭ്യമായി. പതിനഞ്ചാം ധനകാര്യകമ്മീഷൻ മൊത്തം റവന്യൂകമ്മി ഗ്രാന്റ് ഇനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്ക് 1,18,452 കോടി രൂപ ശുപാർശ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്നും 49,355 കോടി രൂപ(41.67%) ആണ് ഇതുവരെ വിതരണം ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിന് ശേഷം റവന്യു കമ്മി ഗ്രാന്റ് വഴി ഏറ്റവും അധികം തുക ലഭിച്ച മറ്റൊരു സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. 7190 കോടി രൂപയാണ് ആന്ധ്രാപ്രദേശിന് ലഭിച്ചത്.

കച്ച്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിൽ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഇത് സത്യം തന്നെയാണ്. ഗുജറാത്തിലുള്ള കച്ച് ജില്ലയിലെ മദാപ്പർ ഗ്രാമമാണ് ഏറ്റവും സമ്പന്നമായ ഗ്രാമം. ഈ ഗ്രാമത്തിൽ മാത്രം 17 ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ ജീവിക്കുന്നവരുടെ നിക്ഷേപം 5,000 കോടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 7,600 വീടുകളാണ് ഇവിടെയുള്ളത്. ഈ ഗ്രാമത്തിലെ ഒരാളുടെ ശരാശരി ബാങ്ക് നിക്ഷേപം 15 ലക്ഷം രൂപയാണ്.

ബാങ്കുകൾക്ക് പുറമേ സ്‌കൂളുകളും, കോളേജുകളും, ഡാമുകളും, ആശുപത്രികളും എല്ലാം നിറഞ്ഞതാണ് ഈ ഗ്രാമം. ഗ്രാമത്തിലെ എല്ലാ വീട്ടിൽ നിന്നും ആരെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നു എന്നതാണ് ഈ ഗ്രാമീണർക്ക് ഇത്രയും പണം ലഭിക്കാൻ കാരണം. യുകെ, യുഎസ്എ, ആഫ്രിക്ക, ഗൾഫ് തുടങ്ങിയ ഇടങ്ങളിലാണ് ഈ ഗ്രാമത്തിലുള്ളവർ ജോലി ചെയ്യുന്നത്. ഈ ഗ്രാമത്തിലെ 65 ശതമാനം പേർ എൻആർഐകളാണെന്ന് തന്നെ പറയാം. വിദേശത്ത് ജോലി ചെയ്യുന്നവർ അവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പണം അയക്കും. ഇതിനോടൊപ്പം വിദേശത്തെ ജോലി മതിയാക്കി ഇവിടെ വന്ന് സംരംഭം തുടങ്ങിയവരുമുണ്ട്.

മദാപ്പർ വില്ലേജ് അസോസിയേഷൻ ലണ്ടനിൽ ആരംഭിച്ചുവെന്ന് പറയുമ്പോൾ വിദേശത്തെ ഈ ഗ്രാമത്തിന്റെ പിടിപാട് എത്രത്തോളം ഉണ്ടെന്ന് മനസിലാകും. ഇതേ അസോസിയേഷന്റെ ഒരു ഘടകം ഗ്രാമത്തിലും പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും വിദേശത്ത് കുടിയേറിയവർ പോലും ഈ ഗ്രാമത്തിലെ ബാങ്കുകളിൽ തങ്ങളുടെ ബന്ധുക്കൾ വഴി നിക്ഷേപം നടത്തുന്നുണ്ട്.

ന്യൂഡൽഹി: വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് പിഴയിട്ട് സുപ്രീം കോടതി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ പരസ്യപ്പെടുത്താതിനാണ് സുപ്രീം കോടതിയുടെ നടപടി. സിപിഎമ്മിനും, എൻസിപിക്കും അഞ്ച് ലക്ഷം രൂപയാണ് സുപ്രീംകോടതി പിഴ വിധിച്ചത്. ബിജെപി, കോൺഗ്രസ്, സിപിഐ, ജെഡിയു, എൽ ജെ പി എന്നി പാർട്ടികൾക്ക് ഒരു ലക്ഷം രൂപയും പിഴ വിധിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൗണ്ടിൽ എട്ട് ആഴ്ച്ചയ്ക്കുള്ളിൽ പിഴ തുക നിക്ഷേപിക്കണമെന്നാണ് നിർദ്ദേശം. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ്സുകൾ പ്രമുഖ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം എന്ന് സുപ്രീം കോടതി ഫെബ്രുവരി 13 ന് പുറത്ത് ഇറക്കിയ ഉത്തരവിൽ നിർദേശിച്ചിരുന്നു. ഈ ഉത്തരവിൽ വീഴ്ച വരുത്തിയതിന് അഭിഭാഷകൻ ബ്രജേഷ് സിംഗ് നൽകിയ കോടതി അലക്ഷ്യ കേസിലാണ് സുപ്രീം കോടതിയുടെ നടപടി.

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് പേരെയും എൻസിപി 26 പേരെയും ആണ് സ്ഥാനാർത്ഥികളാക്കിയത്. പ്രചാരം കുറഞ്ഞ മാദ്ധ്യമങ്ങളിൽ ആണ് കോൺഗ്രസും, ബിജെപിയും സിപിഐയും സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ പ്രസിദ്ധീകരിച്ചത്. ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട കേസുകളിലെ പ്രതികളെയും ഈ പാർട്ടികൾ സ്ഥാനാർത്ഥികളാക്കിയിരുന്നു. ഇതിന് എതിരെയാണ് പാർട്ടികൾക്ക് കോടതി പിഴ വിധിച്ചത്.

സ്ഥാനാർത്ഥിത്വം നിശ്ചയിച്ചാൽ 48 മണിക്കൂറിന് ഉള്ളിൽ ക്രിമിനൽ കേസുകൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം എന്ന് സുപ്രീം കോടതി നിർദേശം നൽകി. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ വെബ്സൈറ്റിലും വിവരങ്ങൾ പ്രസിദ്ധീകരിക്കണം. വെബ്സൈറ്റിലെ ഹോം പേജിൽ സ്ഥാനാർത്ഥികളുടെ കേസ് സംബന്ധിച്ച വിശദാംശങ്ങളുടെ ലിങ്ക് ഉണ്ടായിരിക്കണമെന്നും. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരം വോട്ടർമാർക്ക് ലഭിക്കാൻ പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാനും കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി.

ന്യൂഡൽഹി: പുതിയ ഗ്യാസ് കണക്ഷൻ എടുക്കാൻ ഇനി ഒരു മിസ്ഡ് കോൾ മാത്രം മതി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് പുതിയ പാചക വാതകം കണക്ഷൻ ആവശ്യമായവർക്ക് മിസ്ഡ് കോൾ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. 8454955555 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയാൽ പുതിയ ഗ്യാസ് കണക്ഷൻ എടുക്കാം. നിലവിലുള്ള ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്ന് മിസ്ഡ് കോൾ നൽകി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

തിങ്കളാഴ്ച മുതലാണ് രാജ്യത്ത് എവിടെയും പുതിയ എൽപിജി കണക്ഷൻ ലഭ്യമാക്കുന്നതിനായി ഐഒസി മിസ്ഡ് കോൾ സംവിധാനത്തിന് തുടക്കം കുറിച്ചത്. ഉപഭോക്താവിന്റെ വീട്ടിൽ ഒരു മിനി സിലിണ്ടർ ഉൾപ്പെടെ രണ്ടു സിലിണ്ടറുകൾ എത്തിക്കും. നിലവിലുള്ള കണക്ഷൻ ഈ കണക്ഷനിലേക്ക് അപ്‌ഗ്രേഡു ചെയ്യാനും കഴിയും.

14.2 കിലോഗ്രാം സിലിണ്ടർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇതിനോടൊപ്പം അഞ്ച് കിലോഗ്രാം സിലിണ്ടർ ലഭിക്കും. ഗ്യാസ് പെട്ടെന്ന് തീർന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. എല്ലാ ആഭ്യന്തര ഉപഭോക്താക്കൾക്കും പുതിയ എൽപിജി കണക്ഷൻ ലഭ്യമാണ്. ഇതിനും ഐഒസി മിസ്ഡ് കോൾ സൗകര്യം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കണക്ഷൻ ലഭിക്കുന്നതിന് രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾ 8454955555 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയാൽ മതിയാകും നിലവിൽ, ഐഒസി മാത്രമാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നതെന്നാണ് കമ്പനി അധികൃതർ അറിയിക്കുന്നത്.

ന്യൂഡല്‍ഹി: ഹൈക്കോടതി അനുമതിയില്ലാതെ ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി. നിയമസഭ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഉത്തരവ്.

കഴിഞ്ഞ സെപ്തംബര്‍ 16ന് ശേഷം പിന്‍വലിച്ച കേസുകള്‍ പുനഃപരിശോധിക്കണമെന്നും, ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസ്സുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാരെ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു.

എംപിമാര്‍ക്കും, എംഎല്‍എ മാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

അതേസമയം മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതികളായ എം എല്‍ എമാരായ സംഗീത് സോം, സുരേഷ് റാണ, കപില്‍ ദേവ്, ബി ജെ പി നേതാവ് സാദ് വി പ്രാചി എന്നിവര്‍ ഉള്‍പ്പടെയുള്ളവരുടെ കേസുകള്‍ യുപി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നെന്ന് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി വിജയ ഹന്‍സാരിയ കോടതിയെ അറിയിച്ചു. കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സര്‍ക്കാരുകളും ഇത്തരത്തിലുള്ള നിരവധി കേസുകള്‍ പിന്‍വലിച്ചിരുന്നുവെന്നും വിജയ ഹന്‍സാരിയ ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകള്‍ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന അമിക്കസ്‌ക്യൂറി ശുപാര്‍ശ അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ബെംഗളൂരു: ടോക്കിയോ ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടിയ കേരളത്തിന്റെ പി ആര്‍ ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ലെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്.

ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ കിട്ടിയപ്പോള്‍ കേരള സര്‍ക്കാര്‍ തന്നോടും കാണിച്ചത് ഇതേ സമീപനമാണെന്നും, അന്ന് ഖജനാവ് കാലിയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതെന്നും അഞ്ജു ബോബി ജോര്‍ജ് കുറ്റപ്പെടുത്തി. മാത്രമല്ല, കേരളത്തിലെ കായിക താരങ്ങളോടുള്ള സര്‍ക്കാരിന്റെ ഈ സമീപനം മാറണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പി.ആര്‍.ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്ന് കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ് കേരളംമെന്നും, ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. അതാണ് സര്‍ക്കാരിന്റെ നയം. നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും നടത്തുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ വംശീയാധിക്ഷേപം നടത്തി ഇംഗ്ലീഷ് കാണികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ മടിയന്മാര്‍, ചതിയന്മാര്‍ എന്നൊക്കെ കൂക്കി വിളിച്ചായിരുന്നു ഇംഗ്ലണ്ടുകാര്‍ അധിക്ഷേപിച്ചത്. ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ വനിതയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം തുറന്നുപറഞ്ഞത്.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയായിരുന്നു ആദ്യം വംശീയാധിക്ഷേപം ഉയര്‍ത്തിയത്. റിവ്യൂ നഷ്ടപ്പെടുത്തിയതോടെ നായകന്‍ വിരാട് കോഹ്‌ലിക്ക് നേരെയായി അധിക്ഷേപം. ഇത് സഹിക്കാതായപ്പോള്‍ ഇന്ത്യന്‍ ടീം ആരാധികയായ ഒരു യുവതി അവരെ വിലക്കുവാന്‍ മുതിര്‍ന്നു. എന്നാല്‍ നിങ്ങള്‍ ഏത് രാജ്യക്കാരിയാണെന്നായിരുന്നു അവരോടുള്ള ചോദ്യം. കുറച്ചെങ്കിലും മാന്യത കാണിച്ചു കൂടേയെന്ന് യുവതി ചോദിച്ചപ്പോള്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോകുവാനായിരുന്നു അവരുടെ ഭീഷണി.

തുടര്‍ന്ന് അവര്‍ ഗ്രൗണ്ട് ഒഫീഷ്യല്‍സിനെ സംഭവം അറിയിക്കുകയും, ഇതിനെ തുടര്‍ന്ന് ഒരു യുവാവിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ശേഷം യുവതിയും കുടുംബവും ഇന്ത്യന്‍ ആരാധകര്‍ നിന്ന ഭാഗത്തേക്ക് മാറിയെങ്കിലും ഇംഗ്ലീഷ് ആരാധകര്‍ അധിക്ഷേപം തുടര്‍ന്നു. ഡെല്‍റ്റകള്‍ എന്ന് വിളിച്ചാണ് അവര്‍ അധിക്ഷേപം തുടര്‍ന്നത്. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദമായ ‘ഡെല്‍റ്റ’യെ ഉദ്ദേശിച്ചായിരുന്നു അധിക്ഷേപം.

പൊതുവെ മാന്യന്മാരായ കാണികളെന്ന് വിലയിരുത്താറുള്ള ഇംഗ്ലണ്ടുകാരുടെ ഈ പ്രവര്‍ത്തി ക്രിക്കറ്റ് ലോകം അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്.

ന്യൂഡൽഹി: 75 -ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയത്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണ് ദേശീയ പതാകയെന്നും അതിനാൽ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിക്കുന്നു.

ഉപയോഗ ശേഷം ദേശീയ പതാകകൾ വലിച്ചെറിയരുതെന്നും സ്വകാര്യമായി പതാകയോടുള്ള ആദരവ് നിലനിർത്തി വേണം ഇവയെ ഉപേക്ഷിക്കേണ്ടതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ദേശീയ പതാകയോട് അനാദരവ് കാട്ടുന്നത് തടയാനുള്ള 1971-ലെ നിയമത്തിന്റെ രണ്ടാം വകുപ്പ്, 2002 ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ എന്നിവ പ്രകാരം ദേശീയ പതാകയെ അപമാനിക്കുകയോ കത്തിക്കുകയോ മോശമാക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ വിശദമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ വിവിധ രീതിയിലുള്ള മാനദണ്ഡങ്ങളുള്ളത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

കേന്ദ്ര ടൂറിസം അഡീഷണൽ ഡയറക്ടർ റുപീന്ദർ ബ്രാറാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌സ്ട്രി സംഘടിപ്പിച്ച ഇ-കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഏകീകൃത യാത്രാ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകുമെന്നും ഇത് ആളുകൾക്ക് കൂടുതൽ വ്യക്തത നൽകുമെന്നും അദ്ദേഹം വിശദമാക്കി.

ആഭ്യന്തര യാത്രകൾ എല്ലാ സംസ്ഥാനങ്ങളിലും സന്തുലിതമാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് ഉടൻ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര യാത്രക്കാർക്കായി പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളോടൊപ്പം പുതിയ ലക്ഷ്യസ്ഥാനങ്ങളും തയാറാക്കുന്നുണ്ടെന്നും ന്യൂജെൻ സഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ വിമാനത്താവളങ്ങളിൽ കാമ്പയിനുകൾ നടത്തുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ കാല സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ലക്ഷ്യസ്ഥാന വിപണന പ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങൾ വലിയ രീതിയിൽ നോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.