സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ പരസ്യപ്പെടുത്തിയില്ല; രാഷ്ട്രീയ പാർട്ടികൾക്ക് പിഴയിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് പിഴയിട്ട് സുപ്രീം കോടതി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ പരസ്യപ്പെടുത്താതിനാണ് സുപ്രീം കോടതിയുടെ നടപടി. സിപിഎമ്മിനും, എൻസിപിക്കും അഞ്ച് ലക്ഷം രൂപയാണ് സുപ്രീംകോടതി പിഴ വിധിച്ചത്. ബിജെപി, കോൺഗ്രസ്, സിപിഐ, ജെഡിയു, എൽ ജെ പി എന്നി പാർട്ടികൾക്ക് ഒരു ലക്ഷം രൂപയും പിഴ വിധിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൗണ്ടിൽ എട്ട് ആഴ്ച്ചയ്ക്കുള്ളിൽ പിഴ തുക നിക്ഷേപിക്കണമെന്നാണ് നിർദ്ദേശം. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ്സുകൾ പ്രമുഖ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം എന്ന് സുപ്രീം കോടതി ഫെബ്രുവരി 13 ന് പുറത്ത് ഇറക്കിയ ഉത്തരവിൽ നിർദേശിച്ചിരുന്നു. ഈ ഉത്തരവിൽ വീഴ്ച വരുത്തിയതിന് അഭിഭാഷകൻ ബ്രജേഷ് സിംഗ് നൽകിയ കോടതി അലക്ഷ്യ കേസിലാണ് സുപ്രീം കോടതിയുടെ നടപടി.

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് പേരെയും എൻസിപി 26 പേരെയും ആണ് സ്ഥാനാർത്ഥികളാക്കിയത്. പ്രചാരം കുറഞ്ഞ മാദ്ധ്യമങ്ങളിൽ ആണ് കോൺഗ്രസും, ബിജെപിയും സിപിഐയും സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ പ്രസിദ്ധീകരിച്ചത്. ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട കേസുകളിലെ പ്രതികളെയും ഈ പാർട്ടികൾ സ്ഥാനാർത്ഥികളാക്കിയിരുന്നു. ഇതിന് എതിരെയാണ് പാർട്ടികൾക്ക് കോടതി പിഴ വിധിച്ചത്.

സ്ഥാനാർത്ഥിത്വം നിശ്ചയിച്ചാൽ 48 മണിക്കൂറിന് ഉള്ളിൽ ക്രിമിനൽ കേസുകൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം എന്ന് സുപ്രീം കോടതി നിർദേശം നൽകി. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ വെബ്സൈറ്റിലും വിവരങ്ങൾ പ്രസിദ്ധീകരിക്കണം. വെബ്സൈറ്റിലെ ഹോം പേജിൽ സ്ഥാനാർത്ഥികളുടെ കേസ് സംബന്ധിച്ച വിശദാംശങ്ങളുടെ ലിങ്ക് ഉണ്ടായിരിക്കണമെന്നും. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരം വോട്ടർമാർക്ക് ലഭിക്കാൻ പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാനും കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി.