ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹൈക്കോടതി അനുമതിയില്ലാതെ ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി. നിയമസഭ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഉത്തരവ്.

കഴിഞ്ഞ സെപ്തംബര്‍ 16ന് ശേഷം പിന്‍വലിച്ച കേസുകള്‍ പുനഃപരിശോധിക്കണമെന്നും, ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസ്സുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാരെ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു.

എംപിമാര്‍ക്കും, എംഎല്‍എ മാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

അതേസമയം മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതികളായ എം എല്‍ എമാരായ സംഗീത് സോം, സുരേഷ് റാണ, കപില്‍ ദേവ്, ബി ജെ പി നേതാവ് സാദ് വി പ്രാചി എന്നിവര്‍ ഉള്‍പ്പടെയുള്ളവരുടെ കേസുകള്‍ യുപി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നെന്ന് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി വിജയ ഹന്‍സാരിയ കോടതിയെ അറിയിച്ചു. കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സര്‍ക്കാരുകളും ഇത്തരത്തിലുള്ള നിരവധി കേസുകള്‍ പിന്‍വലിച്ചിരുന്നുവെന്നും വിജയ ഹന്‍സാരിയ ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകള്‍ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന അമിക്കസ്‌ക്യൂറി ശുപാര്‍ശ അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.