നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ വംശീയാധിക്ഷേപം നടത്തി ഇംഗ്ലീഷ് കാണികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ മടിയന്മാര്‍, ചതിയന്മാര്‍ എന്നൊക്കെ കൂക്കി വിളിച്ചായിരുന്നു ഇംഗ്ലണ്ടുകാര്‍ അധിക്ഷേപിച്ചത്. ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ വനിതയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം തുറന്നുപറഞ്ഞത്.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയായിരുന്നു ആദ്യം വംശീയാധിക്ഷേപം ഉയര്‍ത്തിയത്. റിവ്യൂ നഷ്ടപ്പെടുത്തിയതോടെ നായകന്‍ വിരാട് കോഹ്‌ലിക്ക് നേരെയായി അധിക്ഷേപം. ഇത് സഹിക്കാതായപ്പോള്‍ ഇന്ത്യന്‍ ടീം ആരാധികയായ ഒരു യുവതി അവരെ വിലക്കുവാന്‍ മുതിര്‍ന്നു. എന്നാല്‍ നിങ്ങള്‍ ഏത് രാജ്യക്കാരിയാണെന്നായിരുന്നു അവരോടുള്ള ചോദ്യം. കുറച്ചെങ്കിലും മാന്യത കാണിച്ചു കൂടേയെന്ന് യുവതി ചോദിച്ചപ്പോള്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോകുവാനായിരുന്നു അവരുടെ ഭീഷണി.
തുടര്‍ന്ന് അവര്‍ ഗ്രൗണ്ട് ഒഫീഷ്യല്‍സിനെ സംഭവം അറിയിക്കുകയും, ഇതിനെ തുടര്‍ന്ന് ഒരു യുവാവിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ശേഷം യുവതിയും കുടുംബവും ഇന്ത്യന്‍ ആരാധകര്‍ നിന്ന ഭാഗത്തേക്ക് മാറിയെങ്കിലും ഇംഗ്ലീഷ് ആരാധകര്‍ അധിക്ഷേപം തുടര്‍ന്നു. ഡെല്‍റ്റകള്‍ എന്ന് വിളിച്ചാണ് അവര്‍ അധിക്ഷേപം തുടര്‍ന്നത്. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദമായ ‘ഡെല്‍റ്റ’യെ ഉദ്ദേശിച്ചായിരുന്നു അധിക്ഷേപം.
പൊതുവെ മാന്യന്മാരായ കാണികളെന്ന് വിലയിരുത്താറുള്ള ഇംഗ്ലണ്ടുകാരുടെ ഈ പ്രവര്‍ത്തി ക്രിക്കറ്റ് ലോകം അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്.

