2014 ൽ പുറത്തിറങ്ങിയ അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡെയ്‌സിന്റെ ഹിന്ദി റീമേക്കായ യാരിയാൻ -2 വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ മലയാളി താരങ്ങളായ പ്രിയ പി വാര്യരും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ മലയാള കഥയിൽ നിന്നും ഒട്ടേറെ മാറ്റം വരുത്തിയാണ് പുതിയ സിനിമ നിർമിച്ചിരിക്കുന്നത്. മനൻ ഭരധ്വാജ്, ഖാലിഫ് , യോ യോ ഹണി സിംഗ് തുടങ്ങിയവരാണ് ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത്. ഹിന്ദിയിൽ രാധിക റാവു, വിനയ് സപ്റു എന്നിവർ ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ടി സീരീസ് നിർമിക്കുന്ന ചിത്രം സെപ്റ്റംബറിൽ തീയറ്ററിലെത്തും. ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി പുരി, യാഷ് ദാസ് ഗുപ്‌ത, വാരിന ഹുസൈൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2014 ൽ റിലീസായ ചിത്രം യാരിയാന്റെ സീക്വലായാണ് സിനിമ ഇറങ്ങുന്നതെങ്കിലും ആദ്യ ഭാഗവുമായി പുതിയ സിനിമയ്ക്ക് ഒരു ബന്ധവുമുണ്ടാവില്ലെന്ന് നിർമാതാവ് ദിവ്യ ഖോസ്‌ല കുമാർ അറിയിച്ചു.

