മണിപ്പൂരിൽ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ ആക്രമണം; രാഹുലിന് മറുപടിയുമായി അസം മുഖ്യമന്ത്രി

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടി നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മണിപ്പൂരിൽ ഇന്ത്യൻ സൈന്യമിറങ്ങിയാൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥിതി ശാന്തമാക്കാനാകുമെന്ന രാഹുലിന്റെ പരാമർശത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. മണിപ്പൂരിൽ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഹുൽ ഇത്തരം അബദ്ധം പറയുന്നത് നിർത്തണം. ഇന്ത്യൻ സൈന്യത്തിന് ഒന്നും ചെയ്യാനാകില്ല. 100 ദിവസങ്ങൾക്കു മുകളിലായി നടക്കുന്ന ആക്രമണങ്ങൾക്കു പരിഹാരം ഹൃദയത്തിൽനിന്നാണ് വരേണ്ടതെന്നും വെടിയുണ്ടകൾ കൊണ്ടല്ലെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഇന്ത്യൻ സൈന്യമിറങ്ങിയാൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥിതി ശാന്തമാക്കാനാകുമെന്ന് രാഹുൽ പറയുന്നതിന് അർഥം ജനങ്ങൾക്കുമേൽ സൈന്യം വെടിയുതിർക്കണമെന്നാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഇന്ത്യൻ വ്യോമസേന ഐസ്വാളിൽ അതു ചെയ്തു. അവർ ബോംബുകൾ വർഷിച്ചു. ആക്രമണം കുറഞ്ഞു. ഇന്ന് രാഹുൽ പറയുന്നു അക്രമത്തെ തടയാൻ സൈന്യത്തെ അയക്കണമെന്ന്. അതിന്റെ അർഥം എന്താണ്. ജനങ്ങൾക്കുനേരെ നിറയൊഴിക്കണമെന്നാണോ. അതാണ് അദ്ദേഹത്തിന്റെ പരിഹാരം. അദ്ദേഹത്തിന് എങ്ങനെ അങ്ങനെ പറയാനാകും. സൈന്യം ഒന്നും പരിഹരിക്കില്ല. താൽക്കാലിക പരിഹാരം ഉണ്ടാക്കാൻ മാത്രമേ സൈന്യത്തിനു സാധിക്കൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.