മുംബൈ-ഗോവ ദേശീയ പാത വികസനം; സെപ്റ്റംബർ പകുതിയോടെ നിർമ്മാണം പൂർത്തിയായേക്കും

മുംബൈ: മുംബൈ-ഗോവ ദേശീയ പാത (എൻ.എച്ച്-66) വികസനം അന്തിമ ഘട്ടത്തിൽ. സെപ്റ്റംബർ പകുതിയോടെ ദേശീയ പാതയുടെ നിർമാണപ്രവർത്തനം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. നിർമ്മാണം പൂർത്തിയായതിന് പിന്നാലെ പാത ഗതാഗതത്തിനായി തുറന്നു നൽകുമെന്നാണ് വിവരം. പാത തുറന്നു നൽകുന്നതോടെ മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രാസമയം പത്ത് മണിക്കൂറിൽനിന്ന് 5-6 ആറ് മണിക്കൂറായി കുറയുന്നതാണ്.

ഗണേശോത്സവത്തിന് മുമ്പ് നാലുവരിപ്പാതയിലെ ഒരു പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും അടിയന്തര പ്രധാന്യത്തോടെ ജോലികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ നേരത്തെ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എൻഎച്ച് 66 .മഹാരാഷ്ട്രയിലെ പനവേലിൽനിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന ദേശീയ പാതയാണ്. ഇതിൽ മുംബൈയിലെ പനവേൽ മുതൽ ഗോവ വരെയുള്ള പാതയുടെ നിർമാണമാണ് അടുത്തമാസം പൂർത്തിയാകുന്നത്. എൻഎച്ച് 66ന് ആകെ 1611 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 643 കിലോമീറ്ററും കടന്നുപോകുന്നത് കേരളത്തിലൂടെയാണ്.