ന്യൂഡൽഹി: ഓൺലൈൻ വാർത്താ മാധ്യമം ന്യൂസ് ക്ലിക്കിന്റെ X ഹാൻഡിൽ സസ്പെൻഡ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നടപടി ഉണ്ടായിരിക്കുന്നത്.
ന്യൂസ് ക്ലിക്ക് സൈറ്റിനെതിരെ നേരത്തെ മുൻ ജഡ്ജിയടക്കം നൂറോളം പൗരപ്രമുഖർ രാഷ്ട്രപതിയ്ക്ക് കത്തെഴുതിയിരുന്നു. കത്തെഴുതിയവരിൽ ആന്ധ്ര ഹൈക്കോടതി മുൻ ജഡ്ജി ശ്രീധർ റാവുവും ഉൾപ്പെടുന്നു. ഇന്ത്യാ വിരുദ്ധതയിൽ അഗാധമായി വേദനിക്കുന്ന ഇന്ത്യക്കാരെന്ന നിലയിലാണ് കത്തെഴുതുന്നതെന്നും വ്യാജ വാർത്താ കച്ചവടക്കാരിൽ നിന്നും നിക്ഷിപ്ത ലോബികളിൽ നിന്നും ഇന്ത്യ വിരുദ്ധത പുറത്തുവരികയാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണം ന്യൂസ് ക്ലിക്ക് എന്ന വാർത്താ പോർട്ടലിനെ തുറന്നുകാട്ടിയെന്നും ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ശക്തികളെ പരിശോധിക്കണമെന്നും ജനാധിപത്യത്തിൽ ഇടപെടാൻ ശ്രമിക്കുകയും ചെയ്യുന്ന വിദേശ ശക്തികളെ നിയന്ത്രിക്കണമെന്നുമുള്ള ആവശ്യവും കത്തിൽ ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്.

