ഡൽഹി : പ്രാദേശിക ഭാഷയിൽ കോടതിവിധികൾ ലഭ്യമാക്കാനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതൃഭാഷയുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണെന്നും അതിനാൽ സുപ്രീംകോടതിയുടെ നിർദ്ദേശം പ്രശംസനീയമാണെന്നും മോദി പ്രതികരിച്ചു. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കിടയിലെ മോദിയുടെ ഈ അനുമോദനം കൈയ്യടികളോടെയാണ് സദസ്സിലുള്ളവർ സ്വീകരിച്ചത്.
സ്വാതന്ത്ര്യദിനാഘോഷത്തിൽ അതിഥിയായെത്തിയ ജസ്റ്റിസ് ഡി വൈചന്ദ്രചൂഡ് മോദിയുടെ പ്രസ്താവനയെ കൈകൂപ്പി സ്വാഗതം ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. സുപ്രീംകോടതിവിധികൾ തമിഴ്, ഗുജറാത്തി, ഒഡിയ, ഹിന്ദി ഭാഷകളിൽ ലഭ്യമാക്കണമെന്ന് ജനുവരിയിലായിരുന്നു ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. ഇംഗ്ലീഷിലുള്ള വിധിപ്പകർപ്പ് രാജ്യത്തെ ഭൂരിപക്ഷം ആളുകൾക്കും മനസ്സിലാക്കാൻ കഴിയില്ല എന്ന വ്യക്തമായതോടെയായിരുന്നു ഈ നടപടി സ്വീകരിച്ചത്.

