കടുവാ സങ്കേതത്തോട് ചേർന്നുകിടക്കുന്ന കുടുംബങ്ങളെ മാറ്റി‌പാർപ്പിക്കണം; ഉത്തരവിട്ട് കോടതി

ചെന്നൈ: കടുവാ സങ്കേതത്തോട് ചേർന്നുള്ള ഗ്രാമത്തിൽ നിന്നും മുഴുവൻ മനുഷ്യരെയും ഒഴിപ്പിച്ച് പുനഃരധിവസിപ്പിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. സ്പെഷ്യൽ ഫോറസ്റ്റ് ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എൻ. സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരാണ് കേസിൽ വിധി പറഞ്ഞത്. ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്കും അവകാശമുണ്ടെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി.

എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ സർക്കാരിന് നിയമപരമായ കടമയുണ്ട്. ഗ്രാമവാസികളെ മാറ്റിപ്പാർപ്പിക്കാൻ അടുത്ത രണ്ട് മാസത്തിനകം ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. മുതുമല കടുവാ സങ്കേതത്തോട് ചേർന്ന് തമിഴ്നാട്ടിലെ തെങ്ങുമറഹദ ഗ്രാമത്തിലെ 495 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വരിക. കേന്ദ്ര ഫണ്ടിൽ നിന്ന് 74.25 കോടി രൂപ ഇതിനായി നൽകേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

തമിഴ്നാട് വനംവകുപ്പിന് രണ്ട് മാസത്തിനകം തുക ലഭിച്ചിരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.