ജമ്മു കശ്മീർ മേഖലയിലേക്കുള്ള വന്ദേഭാരത് ട്രെയിനുകൾ തയ്യാറാക്കാൻ ചെന്നൈ കോച്ച് ഫാക്ടറി സജ്ജം; ബി ജി മല്ല്യ

ചെന്നൈ: ജമ്മു കശ്മീർ മേഖലയിലേക്കുള്ള വന്ദേഭാരത് ട്രെയിനുകൾ തയ്യാറാക്കാൻ ചെന്നൈ കോച്ച് ഫാക്ടറി സജ്ജം. ജനറൽ മാനേജർ ബി.ജി മല്ല്യയാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ട്രെയിനുകളിലെ കംപാർട്ട്‌മെന്റുകളിൽ ചൂട് വെള്ളം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

എൽഎച്ച്ബി കോച്ചുകളുള്ള പുഷ്-പുൾ ട്രെയിനുകളും കോച്ച് ഫാക്ടറി നിർമ്മിക്കും. ഇവ ഏ.സി ഇതര വന്ദേഭാരതിന് സമാനമായ യാത്രാ സൗകര്യം നൽകും. ഇവയുടെ ഇരു വശങ്ങളിലും പ്രത്യേകം നിർമ്മിച്ച രണ്ട് എൻജിനുകൾ ഉണ്ടാകും. ഈ വർഷം തന്നെ ഇത്തരത്തിൽ രണ്ട് ട്രെയിനുകൾ ഇറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വന്ദേഭാരത് സ്ലീപ്പറുകളും ഉടൻ പുറത്തിറക്കും. ഫാക്ടറി ഈ വർഷം വിവിധ തരത്തിലുള്ള 3,241 കോച്ചുകൾ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.