അഗർത്തല: ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. ത്രിപുരയിൽ മുഖ്യപ്രതിപക്ഷ സ്ഥാനവും നഷ്ടമായ അവസ്ഥയിലാണ് ഇപ്പോൾ സിപിഎം. ഒരുകാലത്ത് സംസ്ഥാനത്ത് പ്രതാപികളായി വാണിരുന്ന സിപിഎമ്മിന് അഞ്ചു വർഷം വർഷം മുൻപാണ് ഭരണം നഷ്ടമായത്. പശ്ചിമബംഗാളിന് സമാനമായ പ്രതിസന്ധിയാണ് സിപിഎം ത്രിപുരയിലും നേരിടുന്നത്. പ്രതിസന്ധി മറികടക്കാൻ ത്രിപുരയിൽ ഇത്തവണ കോൺഗ്രസുമായി സിപിഎം സഖ്യം ചേർന്നെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ തവണത്തേക്കാളും വലിയ വോട്ടുചോർച്ചയാണ് ഇത്തവണ സിപിഎമ്മിന് നേരിടേണ്ടി വന്നത്. പ്രദ്യോത് മാണിക്യ ദേബ് ബർമന്റെ നേതൃത്വത്തിൽ ത്രിപമോത എന്ന പേരിലുള്ള ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുടെ ആവിർഭാവം പ്രതിപക്ഷ വോട്ടുകൾ, പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ ത്രിപുരയിൽ 11 സീറ്റുകൾ മാത്രമാണ് സിപിഎമ്മിന് നേടാൻ കഴിഞ്ഞത്. 24.6 ശതമാനം വോട്ടുകളാണ് സിപിഎം ഇത്തവണ നേടിയത്.
എന്നാൽ ബിജെപി 32 സീറ്റുകളിൽ വിജയിക്കുകയും 39 ശതമാനത്തോളം വോട്ടുകൾ നേടുകയും ചെയ്തു. കോൺഗ്രസ് 8.6 ശതമാനം വോട്ടുകളാണ് നേടി. ത്രിപമോത പാർട്ടിക്ക് 22 ശതമാനത്തോളം വോട്ടുകൾ നേടാനും കഴിഞ്ഞു.

